ആലപ്പുഴ: എൻഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമം പരിപാടിയിൽ പങ്കെടുത്തതിൽ ബിഷപ്പുമാർക്ക് എതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും മന്ത്രി സജി ചെറിയാൻ ആരോപിച്ചു. സ്‌നേഹ സംഗമത്തിന് പോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാൻ വിമർശിച്ചു.

ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മന്ത്രിയുടെ പരാമർശം. 2026 ലും എൽഡിഎഫ് അധികാരത്തിൽ വരും. കോൺഗ്രസ് എവിടെയാണുള്ളത്. മുഖ്യമന്ത്രിയെ ചിലർ ക്രിമിനലെന്ന് വിളിക്കുന്നു. ഒരു മണ്ഡലത്തിൽ നിന്ന് ആറ് തവണ വിജയിച്ചയാളാണ് മുഖ്യമന്ത്രി. ജനങ്ങൾ ഹൃദയത്തോട് ചേർത്ത് വച്ച കൊണ്ടാണ് വൻ ഭൂരിപക്ഷതിൽ വിജയിക്കുന്നത്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കാൻ അടക്കം ശ്രമം നടത്തുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ ജയം നേടും മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത എല്ലാ തലത്തിലും പ്രാവർത്തികമാക്കുന്നു വന്നും സജി ചെറിയാൻ പറഞ്ഞു.

പത്തനംതിട്ടയിൽ നടന്ന ബിജെപിയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമം പരിപാടിയിൽ ഓർത്തഡോക്‌സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരും അംഗത്വം എടുത്തിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഓർത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാർ ക്ലിമിസടക്കമുള്ള പുരോഹിതന്മാരും പങ്കെടുത്തിരുന്നു. ഈ പരിപാടിക്ക് പിന്നാലെയാണ് ബിഷപ്പുമാർക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയത്.

നാടിന്റെ വികസനം നമുക്ക് ആവശ്യമാണെന്ന ബോധ്യത്തോടെയാണ് ബിജെപിയിൽ ചേർന്നതെന്ന് ഫാദർ ഷൈജു കുര്യൻ പറഞ്ഞു. അത് ആത്മീയമോ രാഷ്ട്രീയമോ അല്ല അതിനപ്പുറം മോദിജി എന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്. ആ വികസനത്തിനൊപ്പം ഞങ്ങളും കൈകോർക്കുകയാണെന്ന് ഫാദർ ഷൈജു കുര്യൻ പറഞ്ഞു.

വ്യക്തിപരമായിട്ടാണ് ബിജെപിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഭാരതത്തിന്റെ നന്മയ്ക്ക് വേണ്ടി മോദിജിയുടെ കരത്തിന് കീഴിൽ നിൽക്കണമെന്ന വ്യക്തിപരമായ ചിന്തയിലാണ് തീരുമാനമെടുത്തത്. സഭയിൽ പല തരത്തിലുള്ള രാഷ്ട്രീയമുണ്ട്. രണ്ട് ശതമാനം മാത്രമുള്ള ക്രൈസ്തവ സമൂഹത്തെ ഒരുമിച്ച് വിളിച്ച് കൂടിയിരുന്ന് സ്നേഹം പങ്കുവെയ്ക്കാൻ ഇത്രയും നാൾ മറ്റ് രാഷ്്ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടില്ലെന്നും ഫാദർ ഷൈജു കുര്യൻ കുറ്റപ്പെടുത്തി. ഞങ്ങൾ പലരുമായും വളരെ സ്നേഹത്തോടെയും ആദരവോടെയും നിന്നിട്ടും ആരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽനിന്ന് മുന്മന്ത്രി ജി. സുധാകരനെ ഒഴിവാക്കി. ആർ.മുരളീധരൻ നായർ സ്മാരക ഓഫീസ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫിസാണിത്.