- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ക്രൈസ്തവർ ഏത് രാഷ്ട്രീയം സ്വീകരിക്കണം എന്നു മറ്റു രാഷ്ട്രീയ പാർട്ടികൾ അല്ല പറയേണ്ടത്; ചില വ്യക്തികൾ സ്ഥാനം മറന്ന് പ്രതികരിക്കുന്നു; സജി ചെറിയാനും കെ.ടി. ജലീലും ഒരേ നിഘണ്ഡുവാണ് ഉപയോഗിക്കുന്നത്'; രൂക്ഷവിമർശനവുമായി കെസിബിസി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനും മുന്മന്ത്രി കെ.ടി. ജലീലിനുമെതിരേ രൂക്ഷവിമർശനവുമായി കെ.സി.ബി.സി. ഔദ്യോഗികസ്ഥാനങ്ങളിൽ ഇരിക്കുന്നവർ വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് കെ.സി.ബി.സി. വക്താവ് ഫാദർ ജേക്കബ് ജി. പാലക്കാപ്പള്ളി പറഞ്ഞു. സജി ചെറിയാനും കെ.ടി. ജലീലും ഒരേ നിഘണ്ഡുവാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മന്ത്രി നടത്തിയ പരാമർശം അനുചിതമെന്നും മന്ത്രിസ്ഥാനത്തിന്റെ ഔന്നത്യത്തിന് അനുസരിച്ചു വേണം അഭിപ്രായപ്രകടനം നടത്താനെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ബിജെപി വിരുന്നിനു വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നായിരുന്നു ഇന്നലെ മന്ത്രി സജി ചെറിയാൻ പറഞ്ഞത്. വിമർശിക്കുമ്പോഴും പ്രതിപക്ഷബഹുമാനം കാത്തുസൂക്ഷിക്കണമെന്നും രാഷ്ട്രീയം വേണമോയെന്നതു പങ്കെടുക്കുന്നവരുടെ ഔചിത്യമെന്നും ഫാ.ജേക്കബ് പറഞ്ഞു.
''ഭരണഘടനയെ മാനിക്കാത്തതിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ആളാണ് സജി ചെറിയാൻ. സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ സംബോധന ചെയ്യുമ്പോൾ ഉപയോഗിക്കാൻ വേണ്ടി മാത്രമുള്ള നിഘണ്ടു അവരുടെ കയ്യിലുണ്ട്. ഇത്തരം നിഘണ്ടു ഉപയോഗിക്കുന്ന ഒരു സ്‌കൂളിൽനിന്നു വരുന്ന വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിൽനിന്നു കൂടുതൽ പ്രതീക്ഷിക്കണ്ട. ക്രൈസ്തവർ ഏത് രാഷ്ട്രീയം സ്വീകരിക്കണം, ഏതു നിലപാട് സ്വീകരിക്കണം എന്നു മറ്റു രാഷ്ട്രീയ പാർട്ടികൾ അല്ല പറയേണ്ടത്. ഏതെങ്കിലും വിരുന്നിനു പോയെന്നതിന്റെ പേരിൽ ആ രാഷ്ട്രീയ പാർട്ടിയോടാണു ക്രൈസ്തവ സമൂഹത്തിനു ചായ്‌വ് എന്ന് സ്ഥാപിച്ചെടുക്കേണ്ട താൽപ്പര്യം എന്താണ്. ക്രൈസ്തവർ രാജ്യത്തു ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാൻ രാജ്യത്തെ പ്രധാനമന്ത്രി ആദ്യമായിട്ട് വിളിക്കുന്ന വിരുന്നു സത്കാരമാണ്. അതിൽ നിഷേധാത്മക നിലപാട് സ്വീകരിക്കേണ്ടതില്ല. അത് രാജ്യത്തോടുള്ള ക്രൈസ്തവരുടെ പ്രതിബദ്ധതയുടെ ഭാഗമാണ്''ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
വൈൻ കുടിച്ചാൽ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാർ എന്ന രീതിയിൽ അപഹസിച്ച് സംസാരിക്കുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചിന്തിക്കണം. അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ച രീതിക്കുവേണം അദ്ദേഹം ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാൻ. അദ്ദേഹം ഒരു മന്ത്രിയാണ്. സാധാരണക്കാരനല്ല. അപ്പോൾ ഔന്നത്യമുള്ള സ്ഥാനത്തിരിക്കുന്ന ആൾ ഔന്നത്യത്തിന് യോജിച്ച വിധം പ്രതികരിക്കണം.
കെ.സി.ബി.സി. നടത്തിയ ക്രിസ്മസ് വിരുന്നിനെ കുറിച്ച് മുന്മന്ത്രി കെ.ടി. ജലീൽ ഒരു പ്രസ്താവന നടത്തി. ഈ പാർട്ടിയിലെ നേതാക്കന്മാർ ഉപയോഗിക്കുന്ന നിഘണ്ടു എല്ലാം ഒന്നാണെന്ന് തോന്നുന്നു. അതുകൊണ്ട് അത്തരം നിഘണ്ടു ഉപയോഗിച്ചിട്ടാണ് അവർ പാർട്ടി ക്ലാസിൽ പങ്കെടുക്കുന്നത്. അത്തരം നിഘണ്ടു ഉപയോഗിക്കുന്നവരിൽനിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ വയ്യ. എങ്കിലും സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ ഉന്നതമമായ സ്ഥാനങ്ങൾ വഹിക്കുന്നവർ വളരെ ഔചിത്യപൂർണമായ പദങ്ങൾ ഉപയോഗിച്ചുകൊണ്ടുവേണം വിമർശനങ്ങൾ ഉന്നയിക്കാൻ, ഫാദർ പാലക്കാപ്പള്ളി കൂട്ടിച്ചേർത്തു.
സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ ക്രൈസ്തവർക്ക് അത്ര സ്വീകാര്യമല്ലെന്നും പ്രസ്താവനയോടുള്ള ക്രൈസ്തവ സമൂഹത്തിന്റെ നീരസമാണു വ്യക്തമാക്കിയതെന്നും ഫാ.ജേക്കബ് പറഞ്ഞു. കെസിബിസിയുടെ ആസ്ഥാന കാര്യാലയത്തിൽ ക്രിസ്മസ് കൂട്ടായ്മ നടത്തി. വിവിധ രാഷ്ട്രീയ നേതാക്കൾ അതിൽ പങ്കെടുത്തു. അതിനെ സഭ്യമല്ലാത്ത രീതിയിൽ കെ.ടി.ജലീൽ വിമർശിച്ചു. അത്തരം പ്രതികരണങ്ങൾ ഭരിക്കുന്ന സംവിധാനത്തിൽനിന്നു വരുന്നത് ശരിയല്ല. ഇടതുമുന്നണി എതിരാണെന്ന് കെസിബിസി കരുതുന്നില്ല. ചില വ്യക്തികൾ സ്ഥാനം മറന്ന് പ്രതികരിക്കുന്നു. അത് മുഴുവൻ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കേണ്ടതില്ലെന്നും ഫാ.ജേക്കബ് പറഞ്ഞു.
പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടെയായിരുന്നു സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്. ''ക്രിസ്മസ് വിരുന്നിനു ബിജെപി വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്കു രോമാഞ്ചമുണ്ടായി. അവർ നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നു. മണിപ്പുർ അവർക്കൊരു വിഷയമായില്ല'' എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്.




