കൊച്ചി: മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം ലഭിക്കുമ്പോൾ നവകേരള സദസിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. എറണാകുളം ജില്ലാ കോടതി മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച പ്രവർത്തകരെ മധുരം നൽകിയാണ് നേതാക്കൾ സ്വീകരിച്ചത്. പിണറായിയുടെ പൊലീസിന്റെ മുഖത്തേറ്റ അടിയെന്ന് ഹൈബി ഈഡൻ എംപി പ്രതികരിച്ചു. സർക്കാരിന്റെ ഇടപെടലിലാണ് കരിങ്കൊടി പ്രതിഷേധക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെന്നാണ് ആരോപണം. സാധാരണ ഇത്തരം പ്രതിഷേധങ്ങൾക്ക് സ്റ്റേഷൻ ജാമ്യം നൽകും. എന്നാൽ ഇത് കഴിഞ്ഞ ദിവസം ഉണ്ടായില്ല.

ജാമ്യം ലഭിച്ച ആറ് പ്രവർത്തകരും നാളെ കോടതിയിൽ ഹാജരാകണം. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ മണിക്കൂറുകൾ നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് നേതാക്കൾ. ഏഴ് മണിക്കൂർ നീണ്ട പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് ശേഷമാണ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. പുലർച്ചെ രണ്ടു മണിയോടടുത്താണ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. പ്രതിഷേധം കനത്തതോടെ അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്കു ശേഷം പൊലീസ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. നവകേരള സദസിന്റെ മാറ്റി വച്ച പരിപാടികൾ എറണാകുളത്ത് നടക്കുകയാണ്. ഇതിനിടെയാണ് പ്രതിഷേധമുണ്ടായത്.

നേരത്തേ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നിലുണ്ടായത് കോൺഗ്രസിന്റെ സമാനതകളില്ലാത്ത പ്രതിഷേധമാണ്. എംപി., എംഎ‍ൽഎ.മാർ, ഡി.സി.സി. പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പാലാരിവട്ടത്ത്് രാത്രിയിൽ പ്രവർത്തകർ റോഡിൽ കിടന്ന് ഉപരോധിച്ചു. ജാമ്യം നൽകിയ പ്രവർത്തകരെ സിപിഎം. പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തിനു വഴങ്ങി വീണ്ടും അറസ്റ്റ് ചെയ്തെന്നാണ് ആക്ഷേപം. പൊലീസ് ഉന്നതരും ഇടപെട്ടുവെന്ന് സൂചനയുണ്ട്. കോടതി ജാമ്യം അനുവദിച്ചതോടെ അവസാനിച്ച പ്രതിഷേധം ഇന്നും തുടരും.

നവകേരള സദസിന് ഇന്ന് കുന്നത്തനാടിലും തൃപ്പുണ്ണിത്തുറയിലുമാണ് പരിപാടികൾ. രണ്ടിടത്തും കോൺഗ്രസ് പ്രതിഷേധം ഉയർത്താൻ സാധ്യത ഏറെയാണ്. അതിശക്തമായി തന്നെ പ്രതിഷേധിക്കുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലുണ്ടായതൊന്നും അംഗീകരിക്കില്ല. കോടതി ജാമ്യം നൽകിയതിലൂടെ പ്രതിഫലിച്ചത് ജനങ്ങളുടെ മനസ്സാണെന്നും കോൺഗ്രസ് പറയുന്നു. പാലാരിവട്ടം പൊലീസ് സ്‌റ്റേഷന് മുന്നിൽ മധുര വിതരണവും നടന്നു.

ജനപ്രതിനിധികൾക്കു നേരെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ എടാ, പോടാ വിളികളുണ്ടായെന്നും ആരോപണമുണ്ട്. ഇതോടെ കാര്യങ്ങൾ കൈവിടുന്ന അവസ്ഥയിലായി. രാത്രി വൈകിയതോടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെ ഉപരോധം കനത്തു. കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്റ്റേഷനു മുന്നിൽ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങൾ റോഡിൽ കുരുങ്ങി. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എംപി., എംഎ‍ൽഎ.മാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

നവകേരള സദസ്സിനായി പാലാരിവട്ടം ജങ്ഷനിലൂടെ മുഖ്യമന്ത്രി കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ഏഴുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജർജസ് ജേക്കബ്, വൈസ് പ്രസിഡന്റ് റെനീഷ് നാസർ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. നേതാക്കളായ സനൽ തോമസ്, മുഹമ്മദ് ഷെഫിൻ, വിഷ്ണു, റഷീദ്, സിയാദ് പി. മജീദ്, സലാം ഞാക്കട തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ ജാമ്യത്തിലിറക്കാൻ കൊച്ചി കോർപ്പറേഷൻ കൗൺസിലർ സക്കീർ തമ്മനം ജാമ്യത്തിനുള്ള നടപടികൾ പൂർത്തിയാക്കി. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തിയാൽ അറസ്റ്റുചെയ്ത കോൺഗ്രസ് പ്രവർത്തകരെ വിട്ടയയ്ക്കാം എന്ന് പൊലീസ് സ്റ്റേഷനിൽനിന്ന് ഉറപ്പ് ലഭിച്ചു. പിന്നീട് സിപിഎം. പ്രാദേശിക നേതാക്കൾ സ്റ്റേഷനിലെത്തി മടങ്ങിയതോടെ പ്രവർത്തകർക്കെതിരേ ജാമ്യം കിട്ടാത്ത രീതിയിൽ പുതിയ വകുപ്പുകൾ ചുമത്തിയെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു.

ഇതോടെയാണ് പൊലീസ് സ്റ്റേഷൻ ഉപരോധം തുടങ്ങിയത്. കൂടുതൽ ജനപ്രതിനിധികളും പ്രവർത്തകരും രാത്രി എട്ടുമണിക്കു ശേഷം സ്റ്റേഷനിലേക്ക് ഒഴുകിയെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ പിരിഞ്ഞു പോയില്ലെങ്കിൽ കൈയും കാലും തല്ലി ഒടിക്കുമെന്ന് സ്റ്റേഷനുള്ളിൽ നിന്ന് എസ്‌ഐ. ഭീഷണി മുഴക്കിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതോടെയാണ് പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.