തിരുവനന്തപുരം: തൃശൂരിൽ ബിജെപിയുടെ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുത്തതിന്റെ പേരിൽ നടി ശോഭനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ. പ്രധാനമന്ത്രിയുടെ പരിപാടിയിൽ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശോഭന ഉൾപ്പെടെയുള്ളവരെ അതിന്റെ പേരിൽ ബിജെപിയുടെ അറയിൽ ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതു രാഷ്ട്രീയമുള്ളവരായാലും കലാ, കായികതാരങ്ങൾ കേരളത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു.

''പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ട വിഷയമാണ്. കേരളീയത്തിന്റെ ഭാഗമായി പങ്കെടുക്കുന്നതും തെറ്റാണെന്നു പറയാൻ പറ്റുമോ? ഇനിയെങ്കിലും കലാകാരന്മാരെയും കായിക മേഖലയിൽ നിന്നുള്ളവരെയും കക്ഷി രാഷ്ട്രീയത്തിന്റെ അറകളിലേക്കു തിരിക്കേണ്ട.

''ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നു എന്നു നോക്കിയിട്ടല്ല താരങ്ങളെ അംബാസഡർമാരാക്കുന്നത്. അവരുടെ കഴിവാണ് മാനദണ്ഡം. ശോഭനയേപ്പോലെയുള്ള ഒരു നർത്തകി, സിനിമാ മേഖലയിലെ വളരെ പ്രഗൽഭയായ ഒരു സ്ത്രീ... അവരെയൊന്നും ബിജെപിയുടെ അറയിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. അവരെല്ലാം ഏതു രാഷ്ട്രീയത്തിന്റെ ഭാഗമായാലും, ഈ കേരളത്തിന്റെ പൊതുസ്വത്ത് തന്നെയാണ്.'' എം വിഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.