തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം എവിടെയെത്തിയെന്നും എന്തായെന്നുമുള്ള ചോദ്യത്തിന് കേന്ദ്ര സർക്കാരും അതിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് മറുപടി പറയേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിമാനത്താവളം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന സ്വർണക്കടത്ത് കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സർക്കാരുകളല്ല, അതിന്റെ പൂർണ്ണമായ ഉത്തരവാദിത്വം കേന്ദ്രത്തിന് കീഴിലുള്ള ഏജൻസികൾക്കാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

കേന്ദ്രത്തിന്റെ വിവിധ സംവിധാനങ്ങൾ അന്വേഷിച്ച ആ കേസ് എവിടെപ്പോയി. ഇതെല്ലാം മറച്ചുവെച്ചിട്ട് ആളെ പറ്റിക്കാൻ ഒരു പൈങ്കിളി സ്‌റ്റൈലിൽ സ്വർണക്കടത്തിന്റെ ഓഫീസ് ഏതെന്നറിയാമെന്ന് പ്രധാനമന്ത്രി പറയുന്നു. ഇത്ര വർഷമായിട്ട് ഈ കേസ് എവിടെയെത്തി എന്നതിന് മറുപടി പറയണം. കേന്ദ്ര സർക്കാരിന് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഉത്തരം പറയേണ്ടത്. സ്വർണക്കടത്ത് കേസിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതികളെ ഇപ്പോഴും ചോദ്യം ചെയ്തിട്ടുപോലുമില്ല. കേന്ദ്ര ഏജൻസികൾ ചെയ്യാത്ത കാര്യംമറ്റുള്ളവരുടെ തലയിൽ എന്തിന് കെട്ടിവെക്കുന്നു. ഇടതുപക്ഷ സർക്കാരിനോ സിപിഎമ്മിനോ ഒരു ഭയവും ഇല്ല. നയതന്ത്ര ബാഗേജിലാണ് സ്വർണം വന്നത്. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലായാലും കുഴപ്പമില്ലെന്ന തരത്തിൽ ലാഘവത്തോടെയാണ് ഇതെല്ലാം പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

പരിശുദ്ധമായ രാഷ്ട്രീയത്തിന്റെ കറപുരളാത്ത ഒരു കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും അന്വേഷണ ഏജൻസികൾക്ക് അടുക്കാൻ കഴിയാത്ത ദൂരത്തിൽ സൂര്യനെപ്പോലെയാണ് അദ്ദേഹമുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.

'ആറോ ഏഴോ ഏജൻസികൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കുത്തിക്കലക്കിയിട്ട് മുഖ്യമന്ത്രിയിലേക്ക് എത്താൻ ഒരുവഴിയും ഉണ്ടായിരുന്നില്ല. പരിശുദ്ധമായ രാഷ്ട്രീയത്തിന്റെ കറപുരളാത്ത ഒരു കൈയുടെ ഉടമയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതുകൊണ്ടാണ് അന്വേഷ ഏജൻസികൾ എത്താത്തത്. അല്ലാതെ ബിജെപിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആഗ്രഹിച്ചാലും സൂര്യനെപ്പോലെ എത്താനാവത്ത അത്രയും ദൂരത്തിലാണ്, കരിഞ്ഞുപോകും. ഏതെങ്കിലും ഒത്തുതീർപ്പുകൾ നടത്തുന്ന പാർട്ടിയല്ല സിപിഎമ്മും ഇടത് മുന്നണിയും', എം വിഗോവിന്ദൻ പറഞ്ഞു.

പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാർക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുമ്പോഴും സ്വർണക്കടത്ത് ആരോപണമുള്ള കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താത്തത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴാണ് എം വി ഗോവിന്ദൻ ഇത്തരത്തിൽ മറുപടി നൽകിയത്.

പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വരാണസിയിലാണ് ബിജെപി ഐടി സെൽ നേതാക്കൾ ഐഐടി ക്യാമ്പസിൽ വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ശക്തികേന്ദ്രങ്ങളിൽ ബിജെപി സ്ത്രീകളോട് കാണിക്കുന്ന സമീപനത്തിന്റെ ഉദാഹരണമാണിത്. ബിജെപിയുടെ എംപിക്കെതിരെ ഗുസ്തി താരങ്ങളുടെ ആരോപണങ്ങളും പ്രതിഷേധങ്ങളും ഡൽഹിയിൽ നാം കണ്ടു. ഇതിലും മണിപ്പൂരിലും എല്ലാം മൗനം പാലിക്കുന്ന പ്രധാനമന്ത്രിയാണ് ഇവിടെ വന്ന് സ്ത്രീശാക്തീകരണത്തെ കുറിച്ച് വലിയ വർത്തമാനം പറയുന്നത്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

തൃശൂരിൽ എന്തോ വലിയ ഭൂകമ്പം സൃഷ്ടിക്കാൻ പോകുകയാണെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. തൃശൂർ തൊടാൻ പോകുന്നില്ല. ഒരു സീറ്റുംപിടിക്കാൻ പോകുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പറഞ്ഞത് 30 പ്ലസ് എന്നായിരുന്നു. എന്നിട്ടോ, ഉള്ള ഒന്നുംപോയി. ഭരണകൂടസ്ഥാനപനങ്ങളെ എല്ലാം തകർത്ത് ഫാസിസത്തിലൂടെ യാത്രനടത്തുന്ന ബിജെപിക്ക് കേരളംപോലുള്ള ഒരു സംസ്ഥാനത്ത് സ്ഥാനമില്ല. സാർവദേശീയ മതങ്ങളായ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗത്തിലെ ജനങ്ങളെ കേരളത്തിൽ വിന്യസിച്ചതുപോലെ ജനസംഖ്യാടിസ്ഥാനത്തിൽ വിന്യസിച്ച ഒരു രാജ്യവും നാടും ഈ ഭൂമിയിൽവേറെയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് അയോധ്യാക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നുകരുതി സിപിഎം ഇന്ത്യാ മുന്നണിയിൽ നിന്ന് പിന്മാറില്ല. ബിജെപിയെ പ്രതിരോധിക്കാനുള്ള ഒരു ആയുധമാണ് ഇന്ത്യ എന്ന വിശാലമായവേദി. അതിനെ ശക്തിപ്പെടുത്തണമെന്നാണ് ഞങ്ങൾക്ക് കോൺഗ്രസിനോട് പറയാനുള്ളത്. എല്ലാ പൊലീസും സർക്കാർ നയം നടപ്പിലാക്കുമെന്ന ധാരണവേണ്ട. തെറ്റായ നിലപാട് സ്വീകരിക്കുന്നവരെ ശരിയായ നിലയിലേക്ക് കൊണ്ടുവരുമെന്നും കണ്ണൂരിലുണ്ടായ സംഭവം ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

മതനിരപേക്ഷ ഉള്ളടക്കത്തോടെ വർഗീയതയെ ചെറുക്കാൻ കഴിയണമെന്ന് അയോധ്യ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു. ഇത് കോൺഗ്രസ് തിരിച്ചറിയണമെന്നും കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വനിതാ സംവരണം വോട്ട് തട്ടുന്നതിനുള്ള തന്ത്രങ്ങളാണ്, അതിനുള്ള കാര്യങ്ങൾ ബിജെപി ചെയ്യുകയാണ്. വനിതാ സംവരണ ബില്ലൊക്കെ അതിന്റെ ഭാഗമാണ്. ഗുസ്തി താരങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.