- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമെന്ന് രാഹുൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് വീട്ടിൽ ഭീകരാവസ്ഥ സൃഷ്ടിച്ച് തന്നെ അറസ്റ്റു ചെയ്തതിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന് ചെയ്യാൻ പറ്റുന്നത് ചെയ്യട്ടെയെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച രാഹുൽ, അമ്മയുടെ മുന്നിൽ നിന്ന് അറസ്റ്റു ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമെന്നും ആരോപിച്ചു.
"ഞാൻ 20 ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ബെഡ്‌റൂമിൽ മുട്ടി എന്റെ അമ്മയുടെ മുമ്പിൽനിന്നും അറസ്റ്റ് ചെയ്യണമെന്നത് പിണറായിയുടെ തീരുമാനമാണ്, അത് നടക്കട്ടെ" അദ്ദേഹം പറഞ്ഞു. പത്തനംതിട്ട അടൂർ മുണ്ടപ്പള്ളിയിലുള്ള വീട്ടിൽനിന്ന് ഇന്നു പുലർച്ചെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്.
വീടിന്റെ നാലു വശവും വളഞ്ഞാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുൽ ഭീകരവാദിയാണെന്നപോലെയായിരുന്നു ഇവരുടെ രീതി. വീടു വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുൽ ഇതുവരെ ചെയ്തിട്ടില്ല. പൊലീസിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് രാഹുൽ തിരിച്ചെത്തിയശേഷം തീരുമാനിക്കുമെന്നും അമ്മ പറഞ്ഞു.
"രാവിലെ അഞ്ചരയ്ക്കു ശേഷമാണ് പൊലീസ് എത്തിയത്. വീട്ടിന്റെ നാലുവശത്തും ജനലിലും കതകിലും എല്ലാം കൊട്ടുന്നുണ്ട്. ആരാണെന്ന് ശ്രദ്ധിക്കുന്നില്ല. റബ്ബർ വെട്ടുന്ന പയ്യനാണെന്നാണ് ആദ്യം വിചാരിച്ചത്. അവൻ അങ്ങനെ ചെയ്യാറില്ല. ആറു മണി കഴിഞ്ഞ് കതക് തുറക്കുമ്പോൾ ഒരു സംഘം പൊലീസുകാർ വീട്ടു മുറ്റത്തുണ്ട്. യൂണിഫോമിലും സിവിൽ ഡ്രസിലും ഉള്ളവരും എല്ലാമുണ്ട്. കതക് തുറന്നപ്പോൾ ഒരു വനിതാ പൊലീസ് ഉൾപ്പെടെ കുറച്ചുപേർ അകത്തു കയറി. എന്താ കാര്യം എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നാണ് പറഞ്ഞത്. രാഹുൽ ഉണ്ടോന്ന് അവർ ചോദിച്ചപ്പോൾ മുകളിലെ മുറിയിലാണെന്ന് പറഞ്ഞു. കാര്യം ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല.
മുകളിൽ കയറി ചെന്നപ്പോൾ രാഹുലിന്റെ മുറിയുടെ വാതിലിൽ മുട്ടുകയാണ്. രാത്രി ഒരു മണി വരെ അവൻ വായിച്ചൊക്കെ ഇരിക്കുകയായിരുന്നു. ഒൻപതു മണിക്കുശേഷമാണ് കൊല്ലത്തുനിന്ന് എത്തിയത്. രാഹുൽ ഭീകരവാദിയാണെന്ന പോലെയായിരുന്നു ഇവരുടെ രീതി. ഉള്ളിലൊരു വെപ്രാളം തോന്നിയെങ്കിലും പിന്നീട് ധൈര്യം വന്നു. കാരണം രാഹുൽ ആരെയും കൊന്നിട്ടോ ഒന്നും ഒളിച്ചിരിക്കുകയല്ലല്ലോ. ഇവർക്ക് പിടിക്കാനാണെങ്കിൽ ഇന്നലെ കൊല്ലത്തുനിന്നു തന്നെ പിടിക്കാമായിരുന്നു.
പൊലീസ് മുൻകൂട്ടി കണ്ട് വീടു വളഞ്ഞ് കൊണ്ടുപോയതാണ്. വീടു വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുൽ ഇതുവരെ ചെയ്തിട്ടില്ല. കന്റോൺമെന്റ് പൊലീസിന്റെ തൊട്ടപ്പുറത്തുള്ള ആശുപത്രിയിലാണ് രാഹുൽ ഒരാഴ്ച കിടന്നത്. എന്തുകൊണ്ടാണ് അവിടെ വന്ന് എടുത്തുകൊണ്ടു പോകാഞ്ഞത്? ഇന്നു പൊലീസ് കാണിച്ച രീതിക്ക് എന്തു നടപടി വേണമെന്ന് രാഹുൽ കൂടി വന്നിട്ട് തീരുമാനിക്കും." രാഹുലിന്റെ അമ്മ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ നാലാം പ്രതിയാണ് രാഹുൽ. രാഹുലിനെ ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം വഞ്ചിയൂർ കോടതിയിൽ എത്തിച്ചു. ആശുപത്രിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് വാഹനം യൂത്ത് കോൺഗ്രസുകാർ തടഞ്ഞു.
അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു. ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പൊലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയാണ് രമേശ് ചെന്നിത്തല എംഎൽഎ പ്രതികരിച്ചു. പിണറായി വിജയനെതിരെ പ്രതിഷേധിച്ചാൽ പൊലീസ് എന്തും ചെയ്യും. നേതാക്കളെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്യുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്.
രാഹുൽ മാങ്കൂട്ടത്തലിനെ വീട്ടിൽ ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. 14 ജില്ലകളിലും ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധമുണ്ടാകും. അറസ്റ്റ് അനിവാര്യമെങ്കിലും അതു വരിക്കാൻ തയാറായിരുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിൽ അതു ചെയ്യുമായിരുന്നു. യൂത്ത് കോൺഗ്രസ് സമരങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതെന്നും ഷാഫി പറഞ്ഞു.
കെ.സി.വേണുഗോപാൽ: "പൊലീസ് രാജിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് രാഹുലിനെ വീടുവളഞ്ഞ് അതിരാവിലെ അറസ്റ്റു ചെയ്തത്. പൊലീസ് ഏമാന്മാരോട് ഒരു കാര്യം പറയാനുള്ളത്, കേരളം ഒരുപാട് പൊലീസ് നരനായാട്ട് കണ്ടതാണ്, എല്ലാ സീമകളും ലംഘിച്ചാണ് ഈ പോക്ക്. ന്യായമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയെന്ന ശൈലി ഫാഷിസ്റ്റ് ശൈലിയാണ്. ഇതു അപകടകരമായ പോക്കാണ്".
പി.കെ.കുഞ്ഞാലിക്കുട്ടി: "പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നത് ശരിയല്ല. ഏതാണ്ട് വല്യ ക്രിമിനൽ പുള്ളിയെപ്പോലെ രാഹുലിനെ കൈകാര്യം ചെയ്തത് പ്രതിഷേധാർഹമായ നടപടിയാണ്".
പി.ജെ.ജോസഫ്: "യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഭീകരവാദിയെപ്പോലെ അറസ്റ്റു ചെയ്ത പൊലീസ് നടപടി പ്രതിഷേധാർഹമാണ്".