ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ പ്രതികരണവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. വീണ വിജയനെതിരായ കേസ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള ബിജെപി - സി പി എം അഡ്ജസ്റ്റ്‌മെന്റാണെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ഓഫീസ് വരെ അന്വേഷണം നീണ്ട സ്വർണ്ണക്കടത്ത് കേസ് മുൻ നിർത്തിയായിരുന്നു കെ സിയുടെ വിമർശനം. സ്വർണ്ണക്കടത്ത് കേസിന്റെ അവസ്ഥ എന്തായെന്ന് ചോദിച്ച അദ്ദേഹം, അതുപോലെ വീണക്കെതിരായ കേസും മാറുമെന്ന് പറഞ്ഞു. ഇതെല്ലാം ബിജെപിയും സി പി എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് മാത്രമാണെന്നും കെ സി വിമർശിച്ചു.

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു. പല അന്വേഷണവും അവസാനം ഒന്നുമല്ലാതായിട്ടുണ്ട്. കരുവന്നൂരിലെ അന്വേഷണം എന്തായെന്നും സതീശൻ ചോദിച്ചു.

വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര ഏജൻസിയെ കൊണ്ടുവന്ന് അന്വേഷണം തുടങ്ങിയ ശേഷം പാർലമെന്റ് ഇലക്ഷന് മുന്നോടിയായി അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം ഒത്തു തീർപ്പിന്റെ ഭാഗമാകാമെന്നാണ് കോൺഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരൻ അഭിപ്രായപ്പെട്ടത്. ഞങ്ങൾ ഇപ്പോൾ വലിയ ആവേശം കാണിക്കുന്നില്ല. ഇതെല്ലാം ഒത്തുതീർപ്പിന്റെ ഭാഗമാകാം. കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറേണ്ട സമയം കഴിഞ്ഞു.

ഇതൊരു ഭീഷണിയാണ്. സത്യം പുറത്തു വരേണ്ട സമയം കഴിഞ്ഞു. എന്നാൽ എല്ലാം അന്തർധാരയിൽ അവസാനിക്കും. ബിജെപിയും സി പി എമ്മും തമ്മിലുള്ള അന്തർധാര സജീവമാണ്. സ്വർണ്ണകടത്തു കേസ് അതിന് ഉദാഹരണമാണെന്നുും മുരളീധരൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് കമ്പനീസാണ് സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചത്. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക.

നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. കർണാടക ഡെപ്യൂട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർ.ഒ.സി, എ ഗോകുൽനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

രജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. കരമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്.

എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തേ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ തുക കൈപ്പറ്റിയത് നൽകിയ സേവനത്തിനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു എക്‌സാലോജിക്ക്.

വീണയുടെ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വീണ്ടും ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ രംഗത്തെത്തിയിരുന്നു. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്സാലോജിക്കും ചെയ്തത്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോർപറേഷന് അവകാശപ്പെട്ടതാണ്. എന്നാൽ സിഎംആർഎൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ചെന്ന് കുഴൽനാടൻ ആരോപിച്ചു.