തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിനായുള്ള ഒരുക്കങ്ങൾ ഗുരുവായൂരിൽ പുരോഗമിക്കുന്നു. ഞായറാഴ്ച സുരക്ഷാ അവലോകന യോഗം നടക്കും. വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഗുരുവായൂരിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷാ കണക്കിലെടുത്ത് ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി ബുധനാഴ്ച ഗുരുവായൂരിലെത്താനിരിക്കെയാണ് ഒരുക്കങ്ങൾ തുടങ്ങിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം പങ്കെടുക്കുന്ന സുരക്ഷാ അവലോകന യോഗം നാളെ ഗുരുവായൂരിൽ നടക്കും. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് മുമ്പ് ശ്രീകൃഷ്ണ കോളെജ് ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാന മന്ത്രി ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കെത്തും. തുടർന്ന് ക്ഷേത്ര ദർശനം. പിന്നാലെ എട്ടേമുക്കാലോടെ വിവാഹത്തിൽ പങ്കെടുക്കും. നാല് മണ്ഡപങ്ങളിൽ ഏറ്റവും മുന്നിലുള്ള മണ്ഡപത്തിലാണ് താലികെട്ട്.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിവാഹങ്ങൾ മാറ്റിവച്ചെന്ന പ്രചരണം തള്ളി ദേവസ്വം രംഗത്തെത്തി. എല്ലാവിവാഹങ്ങളും നടത്തുമെന്ന് അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാർത്തകൾ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ രംഗത്തെത്തിയത്. അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ട്.

പ്രധാന മന്ത്രിയുടെ വരവ് പ്രമാണിച്ച് നാല്പതിലേറെ വിവാഹങ്ങൾ വെളുപ്പിന് അഞ്ചിനും ആറിനുമിടയിൽ ക്രമീകരിച്ചിട്ടുണ്ട്. ഓരോ വിവാഹ സംഘങ്ങളിലും ഇരുപത് പേർക്കു മാത്രമാണ് പങ്കെടുക്കാനുള്ള അനുമതി. ഇവരെല്ലാം, തിരിച്ചറിയൽ രേഖ ഹാജരാക്കി പൊലീസിൽ നിന്ന് പ്രത്യേക പാസെടുക്കണം.ബുധനാഴ്ച ഏഴ് മണിമുതൽ ഒൻപത് വരെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാവുക. രാവിലെ 5 മുതൽ ആറുവരെയും പിന്നീട് പ്രധാനമന്ത്രി മടങ്ങി ഒൻപത് മണിക്ക് ശേഷവും മറ്റ് വിവാഹങ്ങൾ നടത്തും. നേരത്തെ ബുക്ക് ചെയ്ത മറ്റ് വിവാഹങ്ങളും ഈ സമയത്ത് നടക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ പറഞ്ഞു.

മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങൾക്ക് പുലർച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നൽകിയിരിക്കുന്നത്. ആറ് മണിക്കും ഒൻപതിനും മധ്യേ വിവാഹങ്ങൾ ഉണ്ടാകില്ല. അന്നേ ദിവസം വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്നും അധികൃതർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് മോദി തൃശൂരിലെത്തുന്നത്. നേരത്തെ, ബിജെപിയുടെ നാരീശക്തി പരിപാടിയിൽ പങ്കെടുക്കാനാണ് മോദിയെത്തിയത്.

മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന 17ന് മറ്റു വിവാഹങ്ങൾ വിലക്കിയെന്ന വാർത്ത വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രവാഹമാണ്. അന്നേ ദിവസം ഗുരുവായൂരിൽ വിവാഹം നിശ്ചയിച്ച 40ഓളം വീട്ടുകാരാണ് പൊലീസിനോട് കാര്യം തിരക്കിയത്. 17ന് മറ്റു വിവാഹങ്ങൾ വിലക്കിയിട്ടില്ലെന്നും കർശന നിയന്ത്രണമേർപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

അന്ന് രാവിലെ എട്ടിനെത്തുന്ന പ്രധാനമന്ത്രി 8.45ന് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും. അന്ന് രാവിലെ ആറുമുതൽ ഒമ്പത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 17ന് രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ മോദി ഇറങ്ങും. റോഡ് മാർഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. 8.15ന് ക്ഷേത്രത്തിൽ ദർശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തിൽ ചെലവഴിച്ച ശേഷം ക്ഷേത്രനടയിൽ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയിൽ ഒരുക്കുന്നത്.