- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്താൻ കഴിയില്ല
തിരുവനന്തപുരം: പാട്ട കൊട്ടിയും ടോർച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അബദ്ധങ്ങൾ ഉത്തരവാദപ്പെട്ടവർ തന്നെ പ്രചരിപ്പിക്കുമ്പോൾ അവയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടേണ്ട സാമൂഹികമായ ഉത്തരവാദിത്വം ശാസ്ത്രവുമായി ചേർന്നു നിൽക്കുന്ന എല്ലാവർക്കുമുണ്ട്. അവരത് ഏറ്റെടുക്കണമെന്നും വെറുപ്പിന്റെ ആശയങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായി പൊതു സമൂഹത്തിന്റെ മനസാക്ഷി ഉണർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തോന്നയ്ക്കൽ ബയോ ലൈഫ് സയൻസസ് പാർക്കിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ലോക്ഡൗൺ സമയത്തു ജനങ്ങളോടു പാത്രം കൊട്ടാനും മറ്റും പ്രധാനമന്ത്രി നിർദേശിച്ചതു സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ശാസ്ത്രം സമൂഹത്തിൽ വേരോടാതിരിക്കാനുള്ള ശ്രമങ്ങൾ ചില അധികാരകേന്ദ്രങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. വെറുപ്പിന്റെ ആശയങ്ങളും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ കേരളത്തിൽ വേരോടാത്തത് പണ്ടുമുതൽ തന്നെ നിഷ്കർഷത വച്ചതിനാലാണ്. ദൈവദശകത്തിനൊപ്പം സയൻസ് ദശകവും ഉണ്ടായ നാടാണിത്. ആരാധനാലയങ്ങളല്ല, വിദ്യാലയങ്ങളാണ് ഉയരേണ്ടതെന്ന ഉദ്ബോധനം ഉണ്ടായ നാടാണിത്. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ആൾദൈവങ്ങളെ ആദരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ജനകീയ കല പോലെ ശാസ്ത്രത്തെയും പ്രചരിപ്പിക്കണം. ശാസ്ത്രം കൊള്ളലാഭത്തിനുള്ള ഉപാധിയാകരുത്. ശാസ്ത്രീയ അടിത്തറയുള്ളതു കൊണ്ടാണ് വിദ്വേഷ രാഷ്ട്രീയം കേരളത്തിലോടാത്തത്. ഉത്തരവാദപ്പെട്ടവർ ശാസ്ത്ര വിരുദ്ധത പറയുകയാണ്. മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്ന് പ്രചരിപ്പിക്കുന്ന ഇതിന്റെ ഫലം പാരതന്ത്ര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശാസ്ത്രത്തെ സംരക്ഷിക്കാൻ വലിയ ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരം സമരങ്ങൾക്കും ബോധവത്കരണത്തിനും വേണ്ട അധികാരം ഭരണഘടന തന്നെ തരുന്നുണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നതാണ് യാർഥ രാജ്യസ്നേഹികൾ ചെയ്യേണ്ടത്. ശാസ്ത്രബോധം വളർത്തണം എന്നാവശ്യപ്പെടുന്ന ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്തവർതന്നെ ശാസ്ത്രബോധം തകർക്കുന്ന യുക്തിരഹിതമായ പ്രസ്താവനകൾ നടത്തുന്നു. കേരളം ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. അതിന്റെ ഭാഗമാണ് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള. കേരളത്തിന്റെ ഓരോ കോണിലും ശാസ്ത്ര പ്രചാരണ സംവിധാനങ്ങൾ നിലവിൽ വരുത്തുക. അവയെല്ലാം പൊതു സമൂഹത്തിന് ഉപയോഗപ്പെടുന്ന രീതിയിൽ വളർത്തുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.