- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് പ്രൊഫ. ടി.ജെ ജോസഫ്
കൊച്ചി : കൊച്ചി മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് പ്രൊഫ. ടി ജെ .ജോസഫ്. മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്.
പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപ്പുലർ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്.13 വർഷം മുമ്പായിരുന്നു ദാരുണ സംഭവമുണ്ടായത്. കൈവെട്ടു കേസിലെ ഒന്നാം പ്രതി അശമന്നൂർ നൂലേലി മുടശേരി സവാദിനെ ഏതാനും ദിവസങ്ങൾക്കു മുൻപ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ണൂർ മട്ടന്നൂരിൽനിന്ന് പിടികൂടിയിരുന്നു. മറ്റ് പ്രതികൾ ശിക്ഷ അനുഭവിച്ച് വരികയാണ്. മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് പ്രതികൾ അദ്ധ്യാപകന്റെ കൈവെട്ടിയത്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോദി ഗുരുവായൂരിലും ത്യപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തി. കൊച്ചിൻ ഷിപ്പിയാർഡിൽ 4000 കോടിയുടെ പദ്ധതികൾ നാടിന് സമർപ്പിച്ചു. ശേഷമാണ് മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത്.
പ്രവർത്തകരുടെ യോഗത്തിൽ മലയാളത്തിൽ സംസാരിച്ച് തുടങ്ങിയ മോദി വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. നിങ്ങളാണ് പാർട്ടിയുടെ ജീവനാഡിയെന്ന് പ്രവർത്തകരെ മോദി ഓർമ്മിപ്പിച്ചു. ബൂത്തുകൾ നേടിയാൽ സംസ്ഥാനം നേടാൻ കഴിയും. എല്ലാ ബൂത്തുകളിലും കൃത്യമായ പ്രവർത്തനം നടത്തണം. യുവാക്കളെ കൂടുതലായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു.
കൊച്ചിൻ ഷിപ്യാർഡിൽ 4,006 കോടി രൂപ ചെലവിൽ മൂന്ന് വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്. കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്ന് എറണാകുളം വെല്ലിങ്ടൺ ഐലൻഡിൽ പാട്ടത്തിനെടുത്ത 42 ഏക്കറിൽ 970 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, തേവരയിൽ 1,800 കോടി രൂപ നിക്ഷേപത്തിൽ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക്, പുതുവൈപ്പിനിൽ 1,236 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇറക്കുമതി ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിച്ചത്.