തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഡൽഹിയിൽ ഇടതുപക്ഷം നടത്തുന്ന സമരത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ല. സമരത്തിൽ പങ്കെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം യുഡിഎഫ് തള്ളുമെന്ന് രണ്ട് ദിവസം മുമ്പ് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് യുഡിഎഫ് നേതാക്കളുടെ യോഗം ഓൺലൈനിൽ നടന്നു. ഇതിലാണ് ധാരണ ഉണ്ടായത്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സംസ്ഥാന സർക്കാരിന്റെ ധൂർത്തും കാരണമാണ്. ഇങ്ങനെ ധൂർത്ത് നടത്തുന്നവർക്ക് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ ധാർമികതയില്ലെന്നാണ് യുഡിഎഫ് നേതാക്കൾക്കിടയിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഡൽഹി സമരത്തിൽ യുഡിഎഫ് പങ്കെടുക്കില്ല. സർക്കാരുമായി യോജിച്ച് കേന്ദ്രത്തിനെതിരെ സമരം ചെയ്യേണ്ട സാഹചര്യം നിലവിലില്ല. കോൺഗ്രസും മുസ്ലിംലീഗും ഈ നിലപാടിലാണ്. കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണറായി പുകഴ്‌ത്തിയിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും മുഖ്യമന്ത്രി പോയി. കൊച്ചിയിലെ ചടങ്ങിലും കേന്ദ്ര അവഗണന ചർച്ചയാക്കിയില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് യുഡിഎഫ് തീരുമാനം.

സംസ്ഥാനത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയ്ക്കെതിരെ ഡൽഹിയിൽ സംയുക്ത സമരം നടത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണത്തിന് യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയശേഷം നിലപാട് അറിയിക്കാമെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഓൺലൈനായാണ് മുഖ്യമന്ത്രി നേരത്തെ ചർച്ച നടത്തിയത്.സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മുഖ്യമന്ത്രി ചർച്ചയിൽ വിശദമാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ച് സമരത്തിന് വരണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. എന്നാൽ കേരളത്തിലെ പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരും കൂടിയാണെന്ന് പ്രതിപക്ഷം വിശദീകരിക്കുന്നു. സമരത്തിന് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ അറിയിക്കും. കോൺഗ്രസ് ഹൈക്കമാണ്ടിനെ അറിയിച്ചാണ് തീരുമാനം.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാകുമെന്ന് ഇടത് മുന്നണി പറയുന്നു. ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ മന്ദറിൽ സമരം നടത്തും. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. കോൺഗ്രസ് മുഖ്യമന്ത്രിമാരേയും ക്ഷണിക്കുന്നുണ്ട്. ബിജെപി മുഖ്യമന്ത്രിമാർക്കും സമരത്തിന് ക്ഷണിച്ച് കത്ത് നൽകും. ബിജെപിക്കാർ എത്തില്ലെന്ന് ഉറപ്പാണ്. ഇതിനൊപ്പം കേരളത്തിലെ യുഡിഎഫ് നിലപാട് കാരണം കോൺഗ്രസ് മുഖ്യമന്ത്രിമാരും എത്താനുള്ള സാധ്യത കുറവാണ്. ഇന്ത്യാ മുന്നണി നേതാക്കൾ എത്രത്തോളം എത്തുമെന്നതും നിർണ്ണായകമാണ്.

കരളത്തിലെ രാഷ്ട്രീയ സാഹചര്യം ദേശീയ തലത്തിലേതിന് വിഭിന്നമാണ്. കേരളത്തിൽ 'ഇന്ത്യാ' മുന്നണി അപ്രയോഗികമാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ പോലും സ്ഥാനാർത്ഥിയെ ഇടതുപക്ഷം നിർത്തുന്നു. അതുകൊണ്ട് തന്നെ ദേശീയ സാഹചര്യങ്ങൾ കേരളത്തിൽ പ്രായോഗികമല്ലെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇത് ഹൈക്കമാണ്ടും അംഗീകരിക്കുന്നു. കേരളത്തിലെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞ ചില കാര്യങ്ങളിൽ പ്രതിപക്ഷത്തിന് യോജിപ്പുണ്ടെങ്കിലും എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്ര അവഗണനയാണെന്ന വിശദീകരണത്തോട് യോജിക്കാനാവില്ലെന്നതാണ് കോൺഗ്രസ് നിലപാട്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി യു.ഡി.എഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്ര അവഗണന. നികുതി പിരിവിലെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ജി.എസ്.ടിക്ക് അനുസൃതമായി നികുതി സംവിധാനം പുനഃസംഘടിപ്പിക്കാത്തതും നികുതി പിരിവിലെ പരാജയവും ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള വിഹിതം നഷ്ടപ്പെടുത്തുന്നതും ധനപ്രതിസന്ധിക്ക് കാരണമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു. മുസ്ലിം ലീഗിനും ഇതേ അഭിപ്രായമാണുള്ളത്.

കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭമാണ് ഇടതുപക്ഷം പദ്ധതിയിടുന്നത്. ഇതിലേക്ക് യുഡിഎഫിനെ കൂടി കൊണ്ടു വന്ന് എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്രമാണെന്ന് വരുത്താനാണ് സിപിഎം ശ്രമം. ഇതു കൂടി മനസ്സിലാക്കിയാണ് കോൺഗ്രസ് സമരത്തിനില്ലെന്ന നിലപാട് എടുക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ കെപിസിസിയുടെ റാലിയിലും ചർച്ചയാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയാൽ കരിങ്കൊടി കാട്ടുമെന്ന് യുത്ത് കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ തലവേദന ഒഴിവാക്കാൻ കൂടി വേണ്ടിയാണ് പ്രതിപക്ഷത്തേയും സമരത്തിൽ ചേർത്തു നിർത്താൻ മുഖ്യമന്ത്രി പദ്ധതിയിട്ടതെന്നും കോൺഗ്രസ് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പം ഇരുന്നുള്ള ഡൽഹി പ്രതിഷേധം വേണ്ടെന്ന് യുഡിഎഫ് തീരുമാനിക്കുന്നത്.