- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിഗ് നിധി തട്ടിപ്പിൽ ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് ടി സിദ്ധീഖ്
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിഗ് നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാര്യയെ വഞ്ചനക്കുറ്റത്തിന് പ്രതി ചേർത്ത് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കൽപറ്റ എംഎൽഎ ടി സിദ്ദിഖ്. നിധി തട്ടിപ്പ് കേസിൽ നടക്കാവ് പൊലീസ് തന്റെ ഭാര്യക്ക് എതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംഎൽഎ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ബാക്കിപത്രം എന്നും സിദ്ധീഖ് കൂട്ടിച്ചേർത്തു.
സ്ഥാപനത്തിൽനിന്ന് 2022-ൽ രാജിവെച്ച ആൾക്കെതിരെ 2024-ൽ കേസെടുത്തത് ഗൂഢാലോചനയാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം ശരിയല്ല എന്നുകണ്ടാണ് അവിടെനിന്ന് ഭാര്യ രാജിവെച്ചത്. ഇക്കാര്യം രാജിക്കത്തിൽ കൃത്യമായി സൂചിപ്പിച്ചിരുന്നു. ഒരു ധനകാര്യസ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ബ്രാഞ്ച് മാനേജർ തസ്തികയിൽ നിന്ന് ഭാര്യ രാജിവെച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന് ആസ്പദമായ സംഭവം നടന്നത് 2023ലെ രണ്ടു തീയതികളിലെ നിക്ഷേപത്തിലാണ്. ഈ കാലയളവിൽ തന്റെ ഭാര്യ അവിടെ പ്രവർത്തിച്ചിട്ടില്ല. ഇത് തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്നും ടി സിദ്ധീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാര്യ അവിടെ ജോലി ചെയ്തിട്ടുണ്ടെന്നും എന്നാൽ സ്ഥാപനത്തിന്റെ രീതി ശരിയല്ലെന്ന് കണ്ട് രാജി വെക്കുകയായിരുന്നുവെന്നും സിദ്ധീഖ് വ്യക്തമാക്കി. 2022 ഡിസംബർ 8നാണ് രാജി വച്ചത്. 2023ൽ നിക്ഷേപം നടത്തിയതിന് വഞ്ചന കുറ്റം ചുമത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്. പരാതിക്കാരിയായ ആളെ നേരിട്ട് കണ്ടിട്ടില്ലെന്നും അവരെ അറിയുകയും ഇല്ലെന്നും ഫോൺ വഴി പോലും സംസാരിച്ചിട്ടില്ലെന്നുമാണ് എംഎൽഎയുടെ വിശദീകരണം.
ഭാര്യ സിസി ബാങ്ക് ബ്രാഞ്ച് മാനേജർ മാത്രം ആയിരുന്നു. ഡയറക്ടറോ എംഡിയോ ഒന്നുമല്ല. രാജി വച്ചതും ഇതേ തസ്തികയിൽ നിന്ന് തന്നെയാണ്. ധനകാര്യ സ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ആണ് രാജിവച്ചത്. കള്ള കേസ് എടുത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനും പൊലീസ് ശ്രമിച്ചാൽ അത് വിലപ്പോകില്ല. സ്ഥാപനത്തിലെ ഒരു ചെറിയ ഓഹരി പോലും ഭാര്യയുടെ പേരിൽ ഇല്ല. പിന്നെങ്ങനെയാണ് അവർ എക്‌സിക്യൂട്ടീവ് എഡിറ്റർ ആകുന്നതെന്നും സിദ്ധീഖ് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
മുണ്ട് മുറുക്കി ഉടുത്തു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് താനെന്നും ഇപ്പോഴും ഒരുപാട് സാമ്പത്തിക ബാധ്യതയും ജപ്തി ഭീഷണിയും ഉണ്ടെന്നും സിദ്ധീഖ് പറഞ്ഞു. ഒരാളെ പറ്റിച്ചും മാസപ്പടി വാങ്ങിയും മുന്നോട്ട് പോകാൻ ഞാനില്ല. പരാതിക്കാരി സിപിഎം മുൻ കൗൺസിലർ സാവിത്രി ശ്രീധരന്റെ മകൾ ആണെന്നും സിദ്ധീഖ് ആരോപിച്ചു. ആരാണ് ഇവരെ കൊണ്ട് കേസ് കൊടുപ്പിച്ചത് എന്ന് പറയാൻ തയ്യാറാകണമെന്നും രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് പുറകിൽ ആരെന്ന് വ്യക്തം ആക്കണമെന്നും ആവശ്യപ്പെട്ട എംഎൽഎ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ സ്വാധീനം പ്രതികൾ ഉപയോഗിച്ചോ എന്നറിയില്ല. താൻ പല സുഹൃത്തുക്കളോടും ആദ്യഘട്ടത്തിൽ പറഞ്ഞു നിക്ഷേപം സ്വരൂപിച്ചിട്ടുണ്ട്. അവർക്കൊക്കെ പണം തിരികെ വാങ്ങിക്കൊടുക്കാനുള്ള ശ്രമത്തിലാണെന്നും സിദ്ധീഖ് വ്യക്തമാക്കി. കള്ളക്കേസെടുത്തും വ്യാജമായ പേരുകൾ എഴുതി ചേർത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പൊലീസ് മാറി. അങ്ങനെയൊന്നും കീഴടക്കാനും കരിവാരി തേക്കാനും ശ്രമിച്ചാൽ അത് വിലപോകില്ലെന്ന് കേരളത്തിന്റെ ഭരണകൂടത്തോടും പൊലീസിനോടും സിപിഎമ്മിനോടും പറയാൻ ആഗ്രഹിക്കുന്നായും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ്. സിസി ബാങ്ക് എന്ന പേരിലായിരുന്നു ഓഫീസുകൾ തുറന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകൾ വഴി മൂവായിരത്തോളം പേരിൽ നിന്നായി 20 കോടിയോളം രൂപ സ്ഥാപനം ചുരുങ്ങിയ കാലത്തിനിടെ സമാഹരിച്ചു. സ്ഥിര നിക്ഷേപത്തിന്മേൽ 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തും ആകർഷകമായ വ്യവസ്ഥകളോടെ നിത്യ നിക്ഷേപം സ്വീകരിച്ചുമായിരുന്നു ധനസമാഹരണം. കടലുണ്ടി സ്വദേശിയുമായ വസീം തൊണ്ടിക്കോടൻ ഭാര്യ റാഹില ബാനു, ഫിറോസ് എന്നിവരായിരുന്നു കമ്പനിയുടെ പ്രധാന ചുമതലക്കാർ. ഒരാഴ്ചയായി സ്ഥാപനം തുറക്കാതെ വന്നതോടെയാണ് ജീവനക്കാരും നിക്ഷേപകരും പരാതിയുമായി രംഗത്തെത്തിയത്.
കൽപ്പറ്റ എംഎൽഎയും കോൺഗ്രസ് നേതാവുമായ ടി സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു. സിദ്ദീഖ് ഉൾപ്പെടെ പല കോൺഗ്രസ് നേതാക്കളുമായും വസീമിന് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും തന്റെ ഉന്നത ബന്ധങ്ങളുൾപ്പെടെ പറഞ്ഞാണ് വസിം നിക്ഷേപം സമാഹരിച്ചിരുന്നതെന്നും ജീവനക്കാർ പറയുന്നു.
ടി.സിദ്ദീഖ് എംഎൽഎയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ ഷറഫുന്നീസ അടക്കം അഞ്ചുപേർക്കെതിരെയാണ് കേസ്. സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ വാസിം തൊണ്ടിക്കാടൻ, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീൻകുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഷറഫുന്നീസ നാലാം പ്രതിയാണ്. ഷംനയാണ് അഞ്ചാം പ്രതി.
സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്, വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നൽകാതിരിക്കുകയും ചെയ്‌തെന്നാണ് പരാതി. രണ്ടുഘട്ടങ്ങളായി 5.65 ലക്ഷത്തിലേറെ നിക്ഷേപിച്ചിരുന്നു. നിക്ഷേപങ്ങൾക്ക് പതിമൂന്നര ശതമാനം പലിശ വരെയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെമാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.