ന്യൂഡൽഹി: പിണറായി വിജയനും ബിജെപിയും തമ്മിലുള്ള എല്ലാ സെറ്റിൽമെന്റുകളുടെയും ഇടനിലക്കാരനെന്ന വി.ഡി സതീശന്റെ വിമർശനത്തിന് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ചെറുവിരലനക്കാത്തത് എന്തെന്ന ചോദ്യമാണ് സതീശനെ വിറളി പിടിപ്പിച്ചതെന്ന് മുരളീധരൻ പറഞ്ഞു.

പിണറായി വിജയനും മകൾക്കും എതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ത്രാണി വി. ഡി. സതീശന് ഇല്ല. സതീശൻ പിണറായി അന്തർധാര കേരളത്തിലെ സാധാരണ ജനങ്ങൾക്കു മാത്രമല്ല, കോൺഗ്രസുകാർക്കും ഇതിനോടകം വ്യക്തമായിട്ടുണ്ട്. 'സഹകരണാത്മക പ്രതിപക്ഷ'ത്തിന്റെ വാചകമടി വേണ്ടെന്നും മുരളീധരൻ പറഞ്ഞു.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽക്കിടന്നത് ഏത് അന്തർധാരയിലാണെന്നും വി മുരളീധരൻ ചോദിച്ചു. 'ഇന്തി' സഖ്യമാണ് രാജ്യം ഭരിച്ചിരുന്നതെങ്കിൽ ശിവശങ്കർ ഇപ്പോൾ പട്ടുമെത്തയിൽ ഉറങ്ങിയേനെ എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ 'മാസപ്പടി' വാർത്ത വന്നപ്പോൾ നിയമസഭയിൽ ഇറങ്ങി ഓടിയ ആളാണ് വി.ഡി സതീശനെന്ന് മുരളീധരൻ പറഞ്ഞു. സർവകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ഗവർണർ ചോദ്യം ചെയ്തപ്പോൾ പിണറായിക്കായി ഗവർണറെ പുലഭ്യം പറയാൻ സതീശൻ രംഗത്തിറങ്ങിയത് കേരളം കണ്ടതാണ്.

പിണറായിയെ സന്തോഷിപ്പിക്കാൻ "രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകരുതെന്ന്" പറഞ്ഞയാളാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് നേതാവ് ജയിലിൽക്കിടന്നപ്പോൾ പിണറായി വിളിച്ച ചർച്ചക്ക് പോയയാളാണ് സതീശൻ. "കേന്ദ്രംസാമ്പത്തികമായി ഞെരുക്കുന്നു" എന്ന പിണറായി വിജയന്റെ കള്ളക്കഥയിൽ പ്രതിപക്ഷ നേതാവ് മൗനം പുലർത്തിയത് അന്തർധാരയല്ലെങ്കിൽ പിന്നെയെന്താണ് എന്നും വി. മുരളീധരൻ ചോദിച്ചു.

പിണറായിയുടെയും മകളുടെയും ബംഗളൂരുവിലെ കടലാസ് കമ്പനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ സതീശന് മുട്ടുവിറയ്ക്കും എന്ന് കേരളത്തിന് ബോധ്യമായി. 'താൻ ഇടനിലക്കാരനാണ്', കേരളത്തിലെ ജനങ്ങൾക്ക് നരേന്ദ്ര മോദി സർക്കാരിന്റെ സദ്ഭരണഫലങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇടനിലയാണ് അതെന്ന് വി.ഡി സതീശൻ തീരിച്ചറിയണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു. 'ഒരു പെൺകുട്ടിയെ സംരംഭം നടത്തി ജീവിക്കാൻ സമ്മതിക്കില്ലേ?' വീണയെ പിന്തുണച്ച് ഇ പി ജയരാജൻ

പിണറായിയും ബിജെപിയും തമ്മിലുള്ള എല്ലാ സെറ്റിൽമെന്റുകളുടെയും ഇടനിലക്കാരൻ കേന്ദ്രമന്ത്രി വി. മുരളീധരനെന്നായിരുന്നു വിഡി സതീശൻ ആരോപിച്ചത്. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും കൊണ്ട് ഉണ്ടായതാണ് ധനപ്രതിസന്ധിയെന്നും മുഖം രക്ഷിക്കാനുള്ള സർക്കാർ ശ്രമത്തിൽ പ്രതിപക്ഷം പങ്കാളിയാകില്ലെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. സിപിഎമ്മുമായി ചേർന്നുള്ള ഒരു സമരത്തിനും യു.ഡി.എഫ് ഇല്ലെന്നും അറിയിച്ചു. ബിജെപിയേയും സിപിഎമ്മിനേയും ഒരുപോലെ ആക്രമിക്കുന്ന രീതിയാണ് പ്രതിപക്ഷം ഇനി സ്വീകരിക്കുകയെന്നാണ് സതീശന്റെ വാക്കുകൾ നൽകുന്ന സൂചന.