തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സർവീസിന്റെ നടത്തിപ്പ് സംബന്ധിച്ച ഗതാഗത മന്ത്രി ഗണേശ് കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിഷയത്തിൽ ഇടതുമുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രി ഗണേശ് കുമാറിന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും തുടക്കമിട്ടത്. ഗണേശ് കുമാറിനെതിരെ വി കെ പ്രശാന്ത് എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയും നിലപാട് വ്യക്തമാക്കി. ഇലട്രിക് ബസ് - ജനങ്ങൾക്ക് ആശ്വാസമെങ്കിൽ അത് തുടരുമെന്നും മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

അതേസമയം, തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സർവീസിൽ തുടർനടപടികളുമായി മുന്നോട്ട് പോകുകയാണ് മന്ത്രി കെബി ഗണേശ്‌കുമാർ. ഇലക്ട്രിക് ബസ് സർവീസ് സംബന്ധിച്ച് കെഎസ്ആർടിസിയിൽനിന്നും മന്ത്രി വിശദമായ റിപ്പോർട്ട് തേടി. കെഎസ്ആർടിസി എംഡിയോടാണ് റിപ്പോർട്ട് തേടിയത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്റെ വിവരങ്ങൾ ഉൾപ്പെടെ നൽകാനാണ് നിർദ്ദേശം. നിലവിലെ ഇലക്ട്രിക് ബസ് സർവീസുകളുടെ റൂട്ട് ഉൾപ്പെടെ പരിഷ്‌കരിക്കുമോ സർവീസ് വെട്ടികുറക്കുമോയെന്നുമുള്ള ആശങ്കയിലാണ് യാത്രക്കാർ.

ഇലക്ട്രിക് ബസ് സർവീസ് നഷ്ടത്തിലാണെന്ന പ്രസ്താവനയിൽ ഉറച്ചുനിന്നുകൊണ്ടാണ് മന്ത്രി തുടർനടപടികളുമായി മുന്നോട്ടുപോകുന്നത്. അതേസമയം, ജനങ്ങൾക്ക് ആശ്വാസമെങ്കിൽ ഇലക്ട്രിക് ബസ് തുടരുമെന്നും മന്ത്രി മാത്രമല്ല, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നുമാണ് വിഷയത്തിൽ മന്ത്രിയെ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. ഇലട്രിക് സിറ്റി ബസ് സർവീസ് നയപരമായ തീരുമാനമാണെന്നും കെഎസ്ആർടിസിക്ക് ബാധ്യതയില്ലെന്നുമാണ് വി കെ പ്രശാന്ത് എംഎൽഎയുടെ പ്രതികരണം.

ഇലക്ട്രിക് സിറ്റി ബസ് സർവീസുമായി ബന്ധപ്പെട്ട പരാമർശം ഗണേശ് കുമാറിന് ബൂമറാംഗാവുകയാണ്. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേശിന്റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് പൊതുവേ ഉയരുന്നത്. നഗര മേഖലയായ വട്ടിയൂർക്കാവിലെ പൊതുജനങ്ങളുടെ അഭിപ്രായം എന്ന നിലയിൽ മന്ത്രിക്കെതിരെ ആദ്യ വെടിപൊട്ടിച്ചത് വി കെ പ്രശാന്ത് എം എൽ എ ആയിരുന്നു.

വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലാണ്. സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെ വിവാദം മുറുകുകയാണ്.

മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയല്ലേ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു ഇത് സംബന്ധിച്ച എം വി ഗോവിന്ദന്റെ പ്രതികരണം. ഗതാഗത മന്ത്രിക്കുള്ള താക്കീതാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം എന്ന വിലയിരുത്തലുകളും ഇതിനകം ഉയർന്നിട്ടുണ്ട്. ജനങ്ങൾക്ക് ആശ്വാസമെങ്കിൽ ഇലക്ട്രിക് ബസ് തുടരുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഇതോടെ ഇലക്ട്രിക്ക് ബസിന്റെ കാര്യത്തിൽ ഗതാഗത മന്ത്രിക്ക് യൂടേൺ എടുക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിർത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകൾ നിലനിർത്തണമൈന്നും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വികെ പ്രശാന്ത് പറഞ്ഞു. നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാണെങ്കിൽ പരിഗണിക്കാം. ഗണേശ് കുമാറിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്നും നഗരവാസികൾ ഇലക്ട്രിക് സിറ്റി ബസ് ഏറ്റെടുത്തതാണെന്നും വികെ പ്രശാന്ത് കൂട്ടിച്ചേർത്തു. എന്തായാലും ഇലക്ട്രിക് ബസ് വിവാദം തുടരുന്നതിനിടെ ബസ് സർവീസിന്റെ ഭാവി എന്താകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

വായു മലിനീകരണം കുറഞ്ഞ നഗരമാണ് തിരുവനന്തപുരം. തിരുവനന്തപുരത്തെ ജനപ്രതിനിധി എന്ന നിലയിൽ ഇലക്ട്രിക് ബസുകൾ അവസാനിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞു. പാരലൽ സർവീസുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിന് ഇല്ല. മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് ബസുകൾ സഹായിക്കുന്നതായും വി കെ പ്രശാന്ത് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്താനായി കെഎസ്ആർടിസി സ്വിഫ്റ്റിനായി വാങ്ങിയ ഇലക്ട്രിക് ബസുകളാണ് നഷ്ടമെന്ന് കെ ബി ഗണേശ് കുമാർ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് ഗണേശ് കുമാർ ഇക്കാര്യം പറഞ്ഞത്. പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജു ഇലക്ട്രിക് ബസുകൾ ലാഭകരമാണെന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരം നഗരത്തിൽ 110 ഇലക്ട്രിക് ബസുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. കോഴിക്കോട്, കൊച്ചി, കൊല്ലം, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലും ഇലക്ട്രിക് ബസുകൾ സർവീസ് നടത്താനിരിക്കുകയായിരുന്നു.

ഒരു ഇലക്ട്രിക് ബസിന്റെ വിലയിൽ നാല് ചെറിയ ഇലക്ട്രിക് ബസുകൾ വാങ്ങാമെന്നാണ് മന്ത്രി ഗണേശ് കുമാറിന്റെ വാദം. വൈദ്യുതി വാടക ഉൾപ്പടെ 26 രൂപയാണ് ഒരു കിലോമീറ്ററിന് ഇലക്ട്രിക് ബസിന്റെ ചെലവ്. എന്നാൽ 46 രൂപ ഒരു കിലോമീറ്ററിന് വരുമാനമുണ്ടെന്നായിരുന്നു നേരത്തെ ആന്റണി രാജു അവകാശപ്പെട്ടിരുന്നത്.