- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസമിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം
ന്യൂഡൽഹി: അസമിൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം. അസമിലെ ലഖിംപൂരിലാണ് ആക്രമണം ഉണ്ടായത്. യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകൾ അക്രമികൾ തകർത്തു. ബിജെപി യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തെ അപലപിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. വാഹനങ്ങൾ തകർത്തത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ ഗുണ്ടകളെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. തെളിവുകൾ കൈയിലുണ്ടെന്നും ദൃശ്യങ്ങൾ പുറത്ത്വിട്ട് കെസി വേണുഗോപാൽ പറഞ്ഞു. ഹിമന്ത ബിശ്വ ശർമ്മ എത്രമാത്രം കോൺഗ്രസിനെ ഭയക്കുന്നു എന്നതിന് തെളിവാണിതെന്നും നേതാക്കൾ എക്സിൽ കുറിച്ചു.
ഇന്ത്യയിലെ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും നീതിയും ചവിട്ടിമെതിക്കാനും തകർക്കാനും ഭരണകക്ഷി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. അസമിലെ ലഖിംപൂരിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ വാഹനങ്ങൾക്ക് നേരെ ബിജെപി നടത്തിയ ആക്രമണത്തെയും കോൺഗ്രസ് പാർട്ടിയുടെ ബാനറുകളും പോസ്റ്ററുകളും കീറിയതിനെയും ശക്തമായി അപലപിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി ഭരണഘടന ഇന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും നീതിയും ചവിട്ടിമെതിക്കാനും തകർക്കാനും ബിജെപി ശ്രമിച്ചു. ജനങ്ങളുടെ ശബ്ദങ്ങൾ കീഴടക്കാനും അതുവഴി ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനും അവർ ആഗ്രഹിക്കുന്നു. -അദ്ദേഹം വ്യക്തമാക്കി
പ്രവർത്തകരെയും നേതാക്കളെയും ഭയപ്പെടുത്താനുള്ള ഇത്തരം തന്ത്രങ്ങളിൽ പാർട്ടി പതറില്ലെന്നും ഖാർഗെ പറഞ്ഞു. അസമിലെ നോർത്ത് ലഖിംപൂർ പട്ടണത്തിൽ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വാഗതം ചെയ്യുന്ന ബാനറുകളും പോസ്റ്ററുകളും ബിജെപി നശിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു.
രാഹുൽഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള വാക്പോര് കനക്കുന്നതിനിടെയാണ് സംഭവം. അതേസമയം, രാഹുലിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രംഗത്തെത്തി. ഗാന്ധി കുടുംബത്തേക്കാളും വലിയ അഴിമതിക്കാർ വേറെയില്ലെന്ന് അസം മുഖ്യമന്ത്രി ആരോപിച്ചു. ബോഫോഴ്സ് ഉൾപ്പെടെയുള്ള കോൺഗ്രസ് അഴിമതികളുടെ പട്ടിക നീണ്ടതാണ്. ഗാന്ധി കുടുംബത്തിൽ നിന്നുള്ള അധിക്ഷേപം തനിക്ക് അനുഗ്രഹമെന്നും ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. ഹിമന്ദ ബിശ്വ ശർമയാണ് രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്ന കോൺഗ്രസ് പ്രചാരണത്തിലാണ് പ്രതികരണം.
ജനുവരി 25 വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോ മീറ്റർ സഞ്ചരിക്കും. ജനുവരി 14ന് മണിപ്പൂരിൽ നിന്നാണ് യാത്ര തുടങ്ങിയത്. മാർച്ച് 20ന് മുംബൈയിലാണ് യാത്ര അവസാനിക്കുക. 67 ദിവസത്തിനുള്ളിൽ 6,713 കിലോ മീറ്റർ ദൂര യാത്ര സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിൽ യാത്രയെത്തും.