- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യച്ചങ്ങലയ്ക്കിടെ വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ തീർത്ഥയാത്ര
കണ്ണൂർ: ഡി.വൈ. എഫ്. ഐയുടെ മനുഷ്യചങ്ങലയ്ക്കിടെ പാർട്ടി ഗ്രാമത്തിലെ സംഘാടകസമിതി ചെയർമാന്റെ നേതൃത്വത്തിൽ തീർത്ഥാടനയാത്രയ്ക്ക് പോയത് വിവാദമാകുന്നു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാണിച്ചു കൊണ്ടു വനിതാനേതാവിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ നീക്കം.
സി.പി. എം വനിതാ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴു സി.പി. എം ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ മുപ്പതോളം പേരാണ് തീർത്ഥയാത്ര പോയത്. മനുഷ്യചങ്ങലയ്ക്കു ദേശീയ പാതയോരത്ത് ആളുകളെ എത്തിക്കേണ്ട ചുമതലയുള്ള വനിതാ ബ്രാഞ്ച്് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു തീർത്ഥയാത്ര. പാർട്ടി ഭരിക്കുന്ന ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റിന്റെ ഭാര്യകൂടിയാണിവർ. ഇതോടെയാണ് സംഘാടക സമിതി ചെയർമാന്റെ നേതൃത്വത്തിൽ മനുഷ്യചങ്ങല നടക്കുന്ന ദിവസംകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള തീർത്ഥയാത്ര പാർട്ടിയിൽ വിവാദമായത്.
ഇതിനെതിരെ ഒരുവിഭാഗം പ്രവർത്തകരും അനുഭാവികളും രംഗത്തുവന്നതോടെ പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചയായി മാറി. പഞ്ചായത്ത് പ്രസിഡന്റായ നേതാവ് അറിയാതെ ഭാര്യ തീർത്ഥയാത്രയ്ക്കു പോകില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള വിമർശനമാണ് ഉയരുന്നത്. പാർട്ടി നേതൃത്വം യാത്ര മാറ്റിവയ്ക്കണമെന്നു ഇവരോടു ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതു അവഗണിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച്ച വൈകുന്നേരം തീർത്ഥയാത്രയ്ക്കു പോയ സംഘം തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രം, ശ്രീപത്മനാഭസ്വാമിക്ഷേത്രം എന്നിവടങ്ങളിലാണ് സന്ദർശിക്കുന്നത്.
ഇതിനിടെ കണ്ണൂരിൽ ഡി.വൈ. എഫ്. ഐ സൃഷ്ടിച്ച മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. കണ്ണൂർ- തലശേരി ദേശീയ പാതയിലെ കാൽടെക്സിൽ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗംകെ.കെ രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മനുഷ്യചങ്ങലയിൽ ചലച്ചിത്രപ്രവർത്തകരും കായികതാരങ്ങളും ഒൻപതോളം ട്രാൻസ്ജെൻഡർ വിഭാഗക്കാരും പങ്കെടുത്തു. കേന്ദ്രസർക്കാരിന്റെ റെയിൽവെ അവഗണനയ്ക്കെതിരെയാണ് സംസ്ഥാനവ്യാപകമായി ഡി.വൈ. എഫ്. ഐ ദേശീയപാതയോരത്ത് മനുഷ്യചങ്ങല സൃഷ്ടിച്ചത്.
കണ്ണൂർ ജില്ലയിലെ അതിർത്തി തുടങ്ങുന്ന ആണൂർ പാലത്തിൽ പയ്യന്നൂർ മണ്ഡലം എംഎൽഎ ടി. ഐ മധുസൂദനൻ, ഡി.വൈ. എഫ്. ഐ ജില്ലാസെക്രട്ടറി സരിൻശശി എന്നിവർ ആദ്യകണ്ണികളായി. മാഹി പൂഴിത്തലയിൽ എഴുത്തുകാരൻ എം. മുകുന്ദൻ, ഡി.വൈ. എഫ്. ഐ കണ്ണൂർ ജില്ലാപ്രസിഡന്റ് മുഹമ്മദ് അഫ്സൽ എന്നിവർ അവസാനകണ്ണികളായി. ദേശീയപാതയിലെ 76 കിലോമീറ്റർസൃഷ്ടിച്ച മനുഷ്യചങ്ങല ഒരിടത്തും മുറിഞ്ഞു പോകാതെയാണ് സൃഷ്ടിച്ചത്. കണ്ണൂർ നഗരത്തിൽ ഉൾപ്പെടെ പലയിടത്തും മനുഷ്യമതിലായി മാറി.കണ്ണൂർ നഗരത്തിൽ പി.കെ രാഗേഷ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
ചലച്ചിത്ര താരങ്ങളായ സന്തോഷ്കീഴാറ്റൂർ, ഗായത്രിവർഷ, സന്തോഷ്ട്രോഫി താരം മിഥുൻ തുടങ്ങിയവർ ചങ്ങലയിൽ അണിനിരന്നു. തലശേരിയിൽ സി.പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി മനുഷ്യചങ്ങലയ്ക്കു നേതൃത്വം നൽകി. കേരളാബ്ളാസ്റ്റേഴ്സ് താരം സി.കെ വിനീത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സി. ഐ.ടി.യു തൊഴിലാളികൾ, ബീഡിതൊഴിലാളികൾ, തൊഴിലുറപ്പ്, കുടുംബശ്രീക്കാർ, സഹകരണ സംഘം ജീവനക്കാർ, അദ്ധ്യാപക, സർവീസ് സംഘടനാ പ്രവർത്തകർ, വർഗബഹുജന സംഘടനാ പ്രവർത്തകർ തുടങ്ങിയവരാണ് മനുഷ്യചങ്ങലയിൽ അണിനിരന്നത്.
ഇനിയും സഹിക്കണോ ഈ കേന്ദ്രഅവഗണനയെന്ന മുദ്രാവാക്യമുയർത്തിയാണ് മനുഷ്യചങ്ങല സൃഷ്ടിച്ചത്. പ്രത്യേക വാഹനങ്ങളിലാണ് കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും മനുഷ്യചങ്ങലയിൽ കണ്ണികളാവാൻ പതിനായിരങ്ങൾ ദേശീയപാതയോരത്ത് എത്തിയത്. ദേശീയപാതയില്ലാത്ത വയനാട്, ഇടുക്കി ജില്ലകളിൽ പ്രതീകാത്മക മനുഷ്യചങ്ങലയാണ് സൃഷ്ടിച്ചത്.