- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഈൻ അലി തങ്ങൾ കേസ് പിൻവലിക്കുമോ?

മലപ്പുറം: വീൽചെയർ ഭീഷണി വിവാദത്തിൽ പാണക്കാട് മുഈൻ അലി തങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗും രംഗത്തു വന്നതിന് പിന്നാലെ മാപ്പു പറഞ്ഞ് ഭീഷണിപ്പെടുത്തി ആൾ. റാഫി പുതിയകടവ് പരസ്യമായി മാപ്പു പറഞ്ഞു. മുഈൻ അലി തങ്ങളെ രണ്ടു ദിവസത്തിനകം നേരിൽ കാണുമെന്നും റാഫി പറഞ്ഞു. അതിനിടെ പൊലീസ് നടപടി വേഗത്തിൽ ആക്കണം എന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭീഷണി പെടുത്തിയ വ്യക്തിയെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് റാഫി പുതിയകടവ് മാപ്പ് പറഞ്ഞ് രംഗത്തു വന്നത്.
തങ്ങൾ പരാതി പിൻവലിക്കുമെന്ന് കരുതുന്നു. സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതിനെ തെറ്റുധരിച്ചതാണെന്ന് റാഫി പുതിയകടവ് പറയുന്നു. വീൽ ചെയർ സംഭാഷണവും സൗഹൃദ സംഭാഷണമായിരുന്നുവെന്നും റാഫി പുതിയകടവ് പറയുന്നു. നേരത്തേയും സംഭവത്തിൽ റാഫി വിശദീകരണം നടത്തിയിരുന്നു. 'പാണക്കാട് കുടുംബത്തെ മോശമാക്കുന്ന അവസ്ഥ വന്നപ്പോൾ ചോദ്യം ചെയ്തതാണ്. അല്ലാതെ വെട്ടാനും കുത്താനുമൊന്നുമല്ല. പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നു. മൂന്ന് ദിവസം മുൻപ് ഞാൻ ദുബായിലുണ്ടായിരുന്ന സമയത്താണ് സംസാരിക്കുന്നത്. വിഷയങ്ങളെല്ലാം വരുമ്പോൾ പാർട്ടിക്ക് ക്ഷീണമുണ്ടാകില്ലേ എന്ന് ചോദിച്ചപ്പോൾ ഇനി പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിട്ടേ കാര്യങ്ങളൊള്ളൂെവെന്ന് മുഈനലി തങ്ങൾ പറഞ്ഞു. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നേതാക്കളുമെല്ലാം എന്നെ അവഗണിക്കുന്നു .ഇനി നേരിടാൻ തന്നെയാണ് തീരുമാനമെന്ന് മുഈനലി തങ്ങൾ ഭീഷണി സ്വരത്തിൽ സംസാരിച്ചു.' ഇതായിരുന്നു റാഫി പുതിയകടവ് മുമ്പ് നടത്തിയ പ്രതികരണം.
എന്നാൽ ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്... തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീൽചെയർ പരാമർശം. അത് തമാശയായി പറഞ്ഞതാണ്. ഫോൺ സംഭാഷണം മുഈൻ അലി തങ്ങൾ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ല, സംഭവത്തിൽ താൻ മാപ്പ് ചോദിക്കുന്നു. മുഈൻ അലി തങ്ങൾ തനിക്കെതിരെ നൽകിയ പരാതി രണ്ട് ദിവസത്തിനകം പിൻവലിക്കുമെന്നാണ് കരുതുന്നത്. രണ്ട് ദിവസത്തിനകം തങ്ങളെ നേരിൽക്കാണുമെന്നും തങ്ങളുമായി നല്ല ബന്ധമാണ് ഇപ്പോഴുമെന്നും റാഫി പറഞ്ഞു.
മുഈനലി തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ പ്രശ്നം ഉണ്ടാക്കുമെന്നായിരുന്നു റാഫി പുതിയകടവിന്റെ ഭീഷണി. 'തങ്ങളെ ഈ പോക്ക് പോകാണെങ്കിൽ വീൽചെയറിൽ പോകേണ്ടിവരും. തങ്ങൾ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ തങ്ങൾക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ല' എന്നായിരുന്നു ഭീഷണി സന്ദേശം. റാഫിയുടെ പശ്ചാത്തലം അറിയില്ലെന്നും സ്ഥിരമായി മെസേജ് അയക്കാറുണ്ടെന്നും മുഈനലി തങ്ങൾ പ്രതികരിച്ചിരുന്നു. എല്ലാ കാര്യവും പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. ഭീഷണിക്ക് കാരണം എന്തെന്ന് അറിയില്ല. ഒരാൾ ഫോണിൽ വിളിച്ച് വീൽചെയറിൽ ഇരുത്തുമെന്ന് പറഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പരാതിയൊക്കെ കൊടുത്തു. ഭീഷണിക്ക് പിന്നിൽ പ്രേരണയുണ്ടോ എന്നതൊക്കെ പൊലീസ് അന്വേഷിക്കണമെന്നും മുഈനലി തങ്ങൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലീഗും മുഈനലി തങ്ങൾക്ക് പിന്തുണ നൽകിയത്.
കഴിഞ്ഞദിവസം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും അബ്ദുസ്സമദ് സമദാനി എംപിയെയും മുഈനലി തങ്ങൾ പരോക്ഷമായി വിമർശിച്ചിരുന്നു. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനായിരുന്നു ആദ്യം മുഈനലി തങ്ങളുടെ പരോക്ഷ മറുപടി. ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണെന്നും മുഈനലി തങ്ങൾ തുറന്നടിച്ചിരുന്നു. ഇതിനെ തുടർന്നാണ് റാഫി ഫോണിൽ വിളിച്ചത്. ലീഗ് പിന്തുണ മുഈനലിക്ക് വന്നതിന് പിന്നാലെയാണ് റാഫി വീണ്ടും ഖേദപ്രകടനം നടത്തിയത്. ആദ്യം കേസിനെ നിയമപരമായി നേരിടുമെന്നായിരുന്നു റാഫിയുടെ നിലപാട്. എന്നാൽ ഇപ്പോൾ കേസ് പിൻവലിക്കുമെന്ന പ്രതീക്ഷയായി മാറുന്നു.
യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമാണ് മുഈൻ അലി ശിഹാബ് തങ്ങൾ. വെള്ളിയാഴ്ചയാണ് മുഈൻ അലി തങ്ങളുടെ ഫോണിലേക്ക് ഭീഷണിയും മുന്നറിയിപ്പുമായി രണ്ട് ശബ്ദ സന്ദേശങ്ങളെത്തിയത്. 31 സെക്കൻഡ് ദൈർഘ്യമുള്ള ആദ്യ ശബ്ദസന്ദേശത്തിൽ സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കിൽ വിൽ ചെയറിൽ പോകേണ്ടി വരുമെന്ന ഭീഷണിയാണുള്ളത്. 15 സെക്കൻഡ് ദൈർഘ്യമുള്ള രണ്ടാമത്തെ സന്ദേശമാകട്ടെ കൃത്യമായ വധഭീഷണിയാണ് നൽകുന്നത്.
മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കാട്ടി മുഈൻ അലി തങ്ങൾ മലപ്പുറം പൊലീസിൽ പരാതി നൽകി. മുഈൻ അലി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റാഫിക്കെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തു. 2021 ഓഗസ്റ്റിൽ ലീഗ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചന്ദ്രിക ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വമർശനം ഉന്നയിച്ച മുഈൻ അലിക്കെതിരെ റാഫി പുതിയ കടവിൽ ലീഗ് ഹൗസിൽ വച്ചു തന്നെ പ്രതിഷേധിച്ചിരുന്നു. തങ്ങളെ അസഭ്യം പറയുകയും ചെയ്തിരുന്നു.
നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പിന്നീട് പരസ്യ വിമർശനങ്ങൾ കാര്യമായി നടത്താതിരുന്ന മുഈൻ അലി തങ്ങൾ, അടുത്ത കാലത്തായി സമസ്തയിലെ ലീഗ് വിരുദ്ധരുമായും ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടവരുമായും അടുപ്പം പുലർത്തിയിരുന്നു. ഏറ്റവുമൊടുവിൽ, എംഎസ്എഫ് മലപ്പുറത്ത് നടത്തിയ ചടങ്ങിനിടെ പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോട് പരിഹാസ രൂപേണ പ്രതികരിച്ചതാകാം മുഈനലിക്കിതിരെ കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച അനുയായിയായ ഷാഫിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പാണക്കാട് മുഈനലി തങ്ങൾക്കെതിരെയുള്ള ഭീഷണിയിൽ പൊലീസ് നടപടി വേഗത്തിലാക്കണം. കുറ്റവാളിക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണം. ഭീഷണിപ്പെടുത്തിയ വ്യക്തിയെ അച്ചടക്കം ലംഘിച്ചതിന് പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. നിലവിൽ ഈ വ്യക്തിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ലീഗിന്റെ നിലപാട് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവർ പറയുന്നതാണ്. മുഈനലി തങ്ങൾക്കൊപ്പം പാർട്ടിയുണ്ട്.

