ആലപ്പുഴ: ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ ലാപ്രാസ്‌കോപിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചത് സർക്കാർ സ്പോൺസേഡ് കൊലപാതകമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, അനസ്തേഷ്യ നൽകിയ ഡോക്ടർ എന്നിവർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും, ഭർത്താവിന് സർക്കാർ ജോലി നൽകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

സർവീസിൽ നിന്ന് വിരമിച്ച ശേഷം പുനർനിയമിച്ച ഡോക്ടറെ സംരക്ഷിക്കാൻ സർക്കാരും, സിപിഎമ്മും ശ്രമിക്കുകയാണ്. സിപിഎം സഹയാത്രികനാണ് ഈ ഡോക്ടർ. സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും ആരോഗ്യമന്ത്രി ബന്ധുക്കളെ വിളിച്ച് ആശ്വസിപ്പിക്കാനോ, വിവരങ്ങൾ ആരായാനോ തയ്യാറായിട്ടില്ല. പൊതുപ്രവർത്തകർ വിളിച്ചിട്ട് ഫോൺ പോലും എടുക്കാതെ ഒളിച്ചുകളിക്കുകയാണ്. വീട്ടുകാർക്ക് കൂടി വിശ്വാസയോഗ്യരായ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യരംഗത്തെ നമ്പർ വൺ സംസ്ഥാനം എന്നത് കേവലം വാചകമടിയായി മാറുകയാണ്. ആശുപത്രികളിൽ അടിസ്ഥാന സൗകര്യമോ ആവശ്യത്തിന് ഡോക്ടർമാരോ ഇല്ല. ആലപ്പുഴ പഴവീട് ശരത്ത് ഭവനിൽ ആശാ ശരത്താണ് ചികിത്സാ പിഴവും, ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ 19ന് രാവിലെ എട്ടിനാണ് ആശയെ പ്രസവം നിർത്തൽ ശസ്ത്രക്രീയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 10.30ഓടെ യുവതിയുടെ നില അതീവ ഗുരുതരമായി. ഡോക്ടർമാരുടെയും, ജീവനക്കാരുടെയും പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ കൂടെയുണ്ടായിരുന്ന ബന്ധുവായ സ്ത്രീ തീയേറ്ററിൽ കയറി നോക്കിയപ്പോൾ അസഹ്യമായ വേദന കാരണം നിലവിളിക്കുന്ന ആശയയെ ആണ് കാണാൻ സാധിച്ചത്. ആംബുലൻസോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമല്ലാതിരുന്നതിനാൽ നിർണായകമായ 55 മിനിറ്റ് നേരമാണ് അവിടെ തന്നെ യുവതിയെ കിടത്തിയത്. പിന്നീടാണ് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധന നടത്തിയപ്പോൾ തന്നെ യുവതി മരിച്ചെന്നാണ് അവിടുത്തെ ഡോക്ടർ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത് എന്നിട്ടും ഒരു ദിവസം വെന്റിലേറിൽ കിടത്തിയതിൽ ദുരൂഹതയുണ്ടെന്ന് സന്ദീപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

20ന് വൈകിട്ട് ആറിനാണ് യുവതി മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇത്രയും പ്രധാനപ്പെട്ട ആശുപത്രിയിൽ കാർഡിയോളജിസ്റ്റ് പോലും ഇല്ല എന്നതാണ് വസ്തുത. യുവതിയുടെ ഹൃദയത്തിന്റെ പേശിക്ക് ബലക്കുറവ് ഉണ്ടായിരുന്നു എന്ന വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നില്ല. വിഷയത്തിൽ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സന്ദീപ് വാചസ്പതി, ബിജെപി ജില്ലാ പ്രസിഡന്റ് എം. വി. ഗോപകുമാർ തുടങ്ങിയവർ രാവിലെ ആശയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.