തിരുവനന്തപുരം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ വിമർശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ.

തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുകയാണെന്ന് ആർഷോ കുറ്റപ്പെടുത്തി. ഗവർണർ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്രസേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പൊലീസെന്നും കരിങ്കൊടി പ്രതിഷേധക്കാർക്കെതിരെ 124 ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു. ഗവർണറുടെ ഇടപെടൽ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണ്. ജനാധിപത്യ സമരങ്ങളോട് ഗവർണർക്ക് പുച്ഛമാണ്. ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ് ഗവർണർ സ്വീകരിക്കുന്നത്. എസ്എഫ്‌ഐ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ആർഷോ പറഞ്ഞു.