തൃശ്ശൂർ: രാമായണവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാർട്ടി പ്രതിരോധത്തിലാവുകയും ചെയ്തതോടെ സിപിഐ. പി.ബാലചന്ദ്രൻ എംഎ‍ൽഎക്ക് എതിരെ നടപടിക്ക് നീക്കം. സിപിഐ നേതാവും തൃശ്ശൂർ എംഎ‍ൽഎയുമായ പി.ബാലചന്ദ്രന് പാർട്ടി നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഈ മാസം 31ന് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ നേരിട്ടെത്തണമെന്നാണ് നിർദ്ദേശം. രാമായണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിന്മേലാണ് പി.ബാലചന്ദ്രൻ എംഎ‍ൽഎയോട് നേരിട്ടെത്തി വിശദീകരിക്കാൻ സിപിഐ ആവശ്യപ്പെട്ടത്.

വിഷയം ചർച്ച ചെയ്യാനാണ് 31ന് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചത്. ഈ വിഷയം മാത്രമാണ് യോഗത്തിലെ അജണ്ട. എംഎ‍ൽഎയോട് നേരിട്ടെത്തി വിശദീകരണം നൽകാൻ പാർട്ടി ജില്ലാ സെക്രട്ടറിയാണ് കത്ത് നൽകിയത്. വിശദീകരണം എഴുതി നൽകേണ്ടെന്നും നേരിട്ടെത്തി നൽകാനുമാണ് കത്തിലെ നിർദ്ദേശം. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികൂലമാക്കിയെന്ന കടുത്ത വിമർശനത്തിലാണ് സിപിഎം-സിപിഐ നേതാക്കൾ. ഈ സാഹചര്യത്തിൽ കൂടിയാണ് അടിയന്തര യോഗം.

ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് പി. ബാലചന്ദ്രൻ രംഗത്ത് വന്നിരുന്നു. ഫേസ്‌ബുക്കിലെ പോസ്റ്റ് പഴയ കഥയാണെന്ന് പി. ബാലചന്ദ്രൻ പുതിയ പോസ്റ്റിൽ പറയുന്നു. ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. പോസ്റ്റിന്റെ പേരിൽ ആരും വിഷമിക്കരുതെന്നും എംഎ‍ൽഎ വ്യക്തമാക്കി.

'കഴിഞ്ഞ ദിവസം എഫ്.ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദേശിച്ചതല്ല. ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത്. ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.' പി. ബാലചന്ദ്രന്റെ പോസ്റ്റ്.

എംഎ‍ൽഎയുടെ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎ‍ൽഎ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

പി. ബാലചന്ദ്രന്റെ വിവാദ പോസ്റ്റ്

'രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്നു പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറിവെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി.

മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'.

എന്നാൽ പി. ബാലചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ സിപിഐ തൃശ്ശൂർ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ് രംഗത്തെത്തി. എംഎ‍ൽഎ പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് വൽസരാജ് പ്രതികരിച്ചു. എംഎ‍ൽഎക്ക് തെറ്റുപറ്റിയെന്നും ജാഗ്രത വേണമായിരുന്നുവെന്നും ജില്ല സെക്രട്ടറി വ്യക്തമാക്കിയിരുന്നു.