കണ്ണൂർ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഏക സിവിൽ കോഡ് വാഗ്ദാനമായിട്ട് വരുമെന്നും അത് നടപ്പിലാക്കിയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.. മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ.. അതു സംഭവിച്ചിരിക്കും.

'കെ റെയിൽ വരും കേട്ടോ' എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും സുരേഷ് ഗോപി പറഞ്ഞു.

സ്ത്രീകൾക്കും തുല്യത വേണം. സ്ത്രീ സമത്വത്തിന് വേണ്ടി 33.5 ശതമാനം എന്നുപറഞ്ഞ് ചുണ്ടനക്കിയതല്ലാതെ ഹൃദയം പ്രവർത്തിച്ചില്ല. അത് പ്രാവർത്തികമാക്കാൻ നരേന്ദ്ര മോദി വന്നിട്ടുണ്ടെങ്കിൽ സ്ത്രീ സമത്വം എന്നത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വരും, സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ വെറും കേസെടുപ്പ് സർക്കാരായി അധഃപതിച്ചുവെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ്, പറയുമെന്നു കരുതുന്നതായി ഗണിച്ചും കേസ് എന്നതാണ് സ്ഥിതി. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിന്റെ പ്രഥമ പൗരനുപോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി അഖിലേന്ത്യാ കമ്മിറ്റി അംഗം സി.രഘുനാഥ് അധ്യക്ഷത വഹിച്ചു.

കേരള പദയാത്രക്ക് കേരളത്തിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. പദയാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കുമ്പോൾ നിരവധി ആളുകളാണ് സ്വീകരിക്കാനായി എത്തുന്നത്. വലിയൊരു രാഷ്ട്രീയ മാറ്റാത്തിന്റെ സൂചനയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഗ്യാരന്റിയിലാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് വിശ്വാസമെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വാസ്യത ഇല്ലാത്തതും ജനങ്ങൾക്ക് പ്രയോജനകരമല്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടിമക്കണ്ണായി നിൽക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും പാർട്ടിക്കകത്ത് നടക്കുന്ന മോശം പ്രവണതകൾ തിരുത്തണമെന്നും സുരേന്ദ്രൻ വിമർശിച്ചു. മറ്റെല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന അദ്ദേഹം പിണറായി വിജയന്റെ കാര്യത്തിൽ മാത്രം അടിമക്കണ്ണായി അധപ്പതിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പൊലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ ഗൺമാൻ ഇതുവരെയും ഹാജരായിട്ടില്ല. ഇപ്പോഴും ഗൺമാൻ മുഖ്യമന്ത്രിക്കൊപ്പമാണ്, മുഖ്യമന്ത്രി തന്നെയാണ് നിയമവാഴ്ച ലംഘിക്കുന്നത് എന്നതിന്റെ തെളിവാണ് ഇവയെല്ലാം. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെയാണ് തന്റെ ഗൺമാനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പിടിക്കുന്നവരാരും മുഖ്യമന്ത്രിയുടെ വാഹനത്തെ ഇടിക്കുന്നില്ല, എസ്എഫ്ഐ ഗുണ്ടകൾ ചെയ്യുന്നത് പോലെ ജനങ്ങളെ ആക്രമിക്കുന്നില്ല. പൊലീസിന്റെ സഹായത്തോടെ തന്നെയാണ് ഗവർണറുടെ വാഹനത്തിൽ എസ്എഫ്ഐക്കാർ വന്നിടിച്ചത്. റോഡ് സൈഡിൽ നിന്ന് ആർക്ക് വേണമെങ്കിലും കരിങ്കൊടി കാണിക്കാം പക്ഷേ ഗവർണറെ ആക്രമിക്കുന്നത് പോലെയുള്ള സംഭവങ്ങൾ ഇവിടെ മാത്രമേയുള്ളൂവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

പിണറായി വിജയൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിൽ ഒരു യുദ്ധം സൃഷ്ടിക്കാനാണ്. അതിന് വേണ്ടിയാണ് ഗവർണറുമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ പിണറായി സർക്കാരിന്റെ അഴിമതി കേസുകളൊന്നും ഇതിലൂടെ മാഞ്ഞ് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹജ്ജിന്റെ അപ്പോസ്തലനായിരുന്ന ഇ അഹമ്മദ് മന്ത്രിയായിരുന്ന കാലത്ത് ഹജ്ജ് തീർത്ഥാടകരെ കൊള്ളയടിക്കുകയായിരുന്നു. ടിക്കറ്റിംഗിലക്കം എല്ലാ കാര്യത്തിലും കമ്മീഷനായിരുന്നു. എന്നാൽ നരേന്ദ്ര മോദി സർക്കാർ വന്നതിന് ശേഷമാണ് ഇതിൽ മാറ്റം വന്നത്. ആദ്യമായി ഒരു മലയാളി ഹജ്ജ് കമ്മിറ്റി ചെയർമാനാകുന്നത്. കഴിഞ്ഞ 10 വർഷക്കാലമായി ഹജ്ജ് വളരെ നന്നായാണ് നന്നായാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

അതേസമയം, ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ഫെബ്രുവരി 2ന് കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപി തീരുമാനം.

നേരത്തെ, ഏകീകൃത സിവിൽ കോഡ് വിഷയം ബിജെപി ഉയർത്തിയപ്പോൾ അസമടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കനത്ത പ്രതിഷേധം ഉയർന്നിരുന്നു. ആദിവാസി ഗോത്ര വിഭാഗങ്ങളുടേതടക്കം അവകാശങ്ങൾ ഇല്ലാതാക്കുമെന്നാണ് വിമർശനം. ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നിയമ കമ്മീഷന്റെ അഭിപ്രായം സുപ്രീം കോടതി തേടിയിരുന്നു. നിയമ കമ്മീഷൻ അന്തിമ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനങ്ങളോടും വിവിധ സംഘടനകളോടും നിയമ കമ്മീഷൻ വിഷയത്തിൽ നേരത്തെ അഭിപ്രായം തേടിയിരുന്നു.