തൃശൂർ: രാമായണവുമായി ബന്ധപ്പെട്ട പി ബാലചന്ദ്രൻ എം എൽ എയുടെ ഫേയ്സ്ബുക്ക് പോസ്റ്റിൽ എംഎൽഎയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സിപിഐ തൃശൂർ ജില്ലാ കൗൺസിൽ സെക്രട്ടറി കെ കെ വത്സരാജ് അറിയിച്ചു. ഇന്ന് ചേർന്ന പാർട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് എംഎൽഎ ഖേദപ്രകടനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയും ജനപ്രതിനിധിയുമായ പി ബാലചന്ദ്രന്റെ ഭാഗത്തുനിന്ന് പാർട്ടി നിലപാടുകൾക്ക് യോജിക്കാത്തവിധത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട നടപടി ഗുരുതരമായ അച്ചടക്കലംഘനമായാണ് പാർട്ടി വിലയിരുത്തിയത്.

ഇത്തരം പ്രവർത്തനം നടത്തിയ ബാലചന്ദ്രനെ അച്ചടക്ക നടപടിയുടെ ഭാഗമായി പരസ്യമായി ശാസിക്കാൻ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വി എസ് പ്രിൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ പി രാജേന്ദ്രൻ, സി എൻ ജയദേവൻ എന്നിവരും പങ്കെടുത്തിരുന്നു.

വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാർട്ടിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും ഫേയ്സ്ബുക്ക് പോസ്റ്റ് വിഷയത്തിൽ നേരത്തെ പാർട്ടി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നതായും കെ കെ വത്സരാജ് വ്യക്തമാക്കി.

രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്‌ബുക്ക് പോസ്റ്റിൽ പി ബാലചന്ദ്രൻ എംഎൽഎയോട് പാർട്ടി നേതൃത്വം വിശദീകരണം തേടിയിരുന്നു. . സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിൽ നേരിട്ട് എത്തി വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം. ശ്രീരാമനെയും ഹൈന്ദവ ആചാരങ്ങളെയും അപമാനിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് വിശദീകരണം തേടിയത്. പോസ്റ്റ് വിവാദമായതോടെ അത് പിൻവലിച്ച് പി ബാലചന്ദ്രൻ ഖേദം പ്രകടിപ്പിച്ചിരുന്നു.

'കഴിഞ്ഞ ദിവസംFB ൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു ഇനി അതിന്റെ പേരിൽ ആരും വിഷമിക്കരുത് ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു', എന്നായിരുന്നു എം എൽ എയുടെ ഖേദപ്രകടനം. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റാണ് വിവാദമായത്.

'രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'- എന്നിങ്ങനെയായിരുന്നു ബാലചന്ദ്രന്റെ പോസ്റ്റിലെ വാചകങ്ങൾ.