തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്നും മുഖ്യമന്ത്രി ആരോപണങ്ങളിൽനിന്ന് ഒളിച്ചോടുകയാണെന്നും സഭയിൽ വരാത്തത് മനഃപൂർവമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഴിമതി കേസിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അന്വേഷണത്തിന് എട്ടുമാസത്തെ സാവകാശം നൽകിയത് ബിജെപി - സിപിഎം സെറ്റിൽമെന്റിന്റെ ഭാഗമാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇൻകം ടാക്‌സ് ഇന്ററീം സെറ്റിൽമെന്റ് ബോർഡും രജിസ്ട്രാർ ഓഫ് കമ്പനീസും നടത്തിയ അന്വേഷണങ്ങളിൽ ഗൗരവതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഒരു സേവനവും നൽകാതെ വലിയ തുക മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് കണ്ടെത്തൽ. ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രിയേക്കൊണ്ടുള്ള കാര്യസാധ്യത്തിനുവേണ്ടി പണം നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതേക്കുറിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുകയാണ്,' പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും ഈ അവസരത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 'ഈ വിഷയം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ഇന്ന് നിയമസഭയിൽ പോലും വന്നില്ല. വിഷയം അവതരിപ്പിക്കാതിരിക്കാൻ ഭരണപക്ഷാംഗങ്ങളാണ് ബഹളം ഉണ്ടാക്കിയത്. സഭാ നടപടികൾ തടസപ്പെടുത്തിയതും ഭരണപക്ഷമാണ്. മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ ഒരു വാക്കും പറയാൻ പാടില്ല', വി.ഡി. സതീശൻ ആരോപിച്ചു.

പ്രതിപക്ഷ അവകാശങ്ങൾ റോഡിൽ അടിച്ചമർത്തപ്പെടുകയും നിയമസഭയിൽ നിഷേധിക്കപ്പെടുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചത്. ആരോപണങ്ങളിൽ മറുപടി പറയാതെ രണ്ടുകയ്യും പൊക്കിപ്പിടിച്ച് കൈകൾ പരിശുദ്ധമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആർത്തി പാടില്ല, ആർത്തിയാണ് മനഃസമാധാനം നഷ്ടപ്പെടുത്തുന്നത്, മനഃസമാധാനം ഇല്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല... തുടങ്ങി ആർത്തി പ്രഭാഷണത്തിന്റെ പരമ്പരയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുഖ്യമന്ത്രി നടത്തുന്നത്', പ്രതിപക്ഷനേതാവ് പറഞ്ഞു.

പ്രതിപക്ഷത്തിന്റേതല്ല, സ്റ്റാറ്റിയൂട്ടറി അഥോറിറ്റികളുടെ കണ്ടെത്തലുകളും അന്വേഷണത്തിന്റെ രേഖകളും ഇന്ന് പുറത്തുവന്ന സാഹചര്യത്തിലാണ് നിയമസഭയിൽ വിഷയം ഉന്നയിച്ചതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 'കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളെല്ലാം സെറ്റിൽമെന്റിൽ അവസാനിക്കും. അതിനാണ് അന്വേഷണത്തിന് എട്ടുമാസത്തെ സാവകാശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം മറ്റ് നിയമ നടപടികൾ ആലോചിക്കും. അഴിമതി അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം,' വി.ഡി. സതീശൻ പറഞ്ഞു.