തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷമായി 18 വയസ് തികഞ്ഞ 70 ശതമാനം പേരും വോട്ടർ പട്ടികയിൽ സ്വന്തം പേര് ചേർത്തിട്ടില്ല എന്നുള്ളത് കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ വിശ്വാസികളും ഞെട്ടലോടെ കാണേണ്ട വിഷയമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സ്വയം തിരുത്തലിന് തയ്യാറാകേണ്ട ഈ വാർത്ത മൂന്ന് ദിവസം മുമ്പ് വന്നെങ്കിലും അത് വലിയ ചർച്ച ആകാതെ പോയെന്നും സന്ദീപ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് രണ്ട് വർഷത്തിനുള്ളിൽ 18 വയസ് തികഞ്ഞ ചെറുപ്പക്കാരിൽ 70 ശതമാനം പേരും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ല എന്ന ഞെട്ടിക്കുന്ന വിവരമാണ് വാർത്തയിൽ ഉള്ളത്. വിദ്യാഭ്യാസ രേഖകൾ പ്രകാരം 10 ലക്ഷം യുവതി യുവാക്കൾ 18 വയസ് തികഞ്ഞവരാണ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് വെറും 288,533 പേർ മാത്രമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിശ്വസിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ഇതിന് രണ്ട് മൂന്ന് കാരണങ്ങൾ വാർത്തയിൽ പറയുന്നുണ്ടെങ്കിലും ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയത്തിലെ മൂല്യച്യുതിയാണ്. കുടിയേറ്റവും മറ്റൊരു കാരണമായി പറയുന്നുണ്ട്. താൻ അടക്കമുള്ള പുതിയ തലമുറ നേതാക്കൾ എങ്കിലും ഇതേ പറ്റി ഇരുത്തി ചിന്തിക്കേണ്ടതാണെന്നും സന്ദീപ് പറയുന്നു.

മൂല്യാധിഷ്ഠിത രാഷ്ട്രീയം മുറുകെ പിടിക്കുക, നിത്യവൃത്തിക്ക് ഏതെങ്കിലും തൊഴിൽ ചെയ്യുക, മുഖം മൂടി ഒഴിവാക്കി ജനങ്ങളോട് സത്യസന്ധമായി ഇടപെടുക, ചെയ്തുകൊടുക്കാൻ സാധിക്കാത്ത കാര്യങ്ങൾ കഴിയില്ല എന്ന് ജനങ്ങളോട് തുറന്ന് പറയുക, എന്തിലും ഏതിലും ജാതി-മത താത്പര്യം കാണിക്കാതിരിക്കുക, ദീർഘ വീക്ഷണത്തോടെ പെരുമാറുക എന്നിവയാണ് ഈ അവസ്ഥക്ക് പരിഹാരം. ഇങ്ങനെയുള്ള ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാൻ സമൂഹവും തയ്യാറാകണം. വോട്ട് ചെയ്യുമ്പോൾ നമ്മുടെ മുൻഗണനകൾ മാറ്റി നിശ്ചയിക്കണം. അച്ഛനും അപ്പൂപ്പനും വോട്ട് ചെയ്തവർക്കെ ഞാനും വോട്ട് ചെയ്യുള്ളൂ എന്ന നില മാറണം. രാഷ്ട്ര ബോധമുള്ളവരെ, സാമൂഹ്യ പ്രതിബദ്ധത ഉള്ളവരെ വിജയിപ്പിക്കണം. അപ്പോൾ കൂടുതൽ നല്ല ചെറുപ്പക്കാർ പൊതു പ്രവർത്തനത്തിൽ ഇറങ്ങും. അങ്ങനെ പൊതു രംഗം സംശുദ്ധമാകുമെന്നും സന്ദീപ് വാചസ്പതി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിദ്യാഭ്യാസ രേഖകൾ പ്രകാരം 10 ലക്ഷത്തിലേറെപ്പേർക്ക് 18 വയസ് തികഞ്ഞിട്ടുണ്ട്. പക്ഷേ, വോട്ടർ പട്ടികയിൽ 2,88,533 പേർ മാത്രം. മിക്കവരും അപേക്ഷിച്ചില്ലെന്നതാണ് വാസ്തവമെന്നും കേരള കൗമുദിയിൽ വന്ന വാർത്തയിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ യുവജനങ്ങൾ പേരുചേർക്കാൻ അതീവ താത്പര്യം കാട്ടിയിരുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയാണ് അവരെ പിൻതിരിപ്പിക്കുന്നതെന്ന് വിമർശനമുണ്ട്. നേതാക്കളെ മഹത്വവൽക്കരിക്കുന്നതും അവർ ഇഷ്ടപ്പെടുന്നില്ല.

രാഷ്ട്രീയ പാർട്ടി നേതാക്കളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അതത് പ്രദേശത്തെ കന്നിവോട്ടർമാരുടെ പേരുകൾ ചേർത്തിരുന്ന കാലം മാറി. ഇപ്പോൾ ഓൺലൈൻ വഴിയാണ് പേര് ചേർക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മിഷൻ ഐ.ഡി കാർഡ് നൽകുന്നതിനായി പ്രാദേശിക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നപ്പോഴും കന്നിവോട്ടർമാർ അവേശത്തോടെ എത്തിയിരുന്നു. ഔദ്യോഗിക ഐ.ഡി കാർഡ് കൂടിയായതിനാൽ എല്ലാവരും തിരഞ്ഞെടുപ്പ് കാർഡ് നേടാൻ ഉത്സാഹം കാട്ടിയിരുന്നു. പിന്നീട് തിരിച്ചറിയൽ രേഖയായി ആധാർ കാർഡ് എത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാർഡിനോടുള്ള താത്പര്യം കുറഞ്ഞു.അപേക്ഷിച്ചിട്ടും എന്തെങ്കിലും കാരണവശാൽ പേര് വന്നില്ലെങ്കിൽ വീണ്ടും അപേക്ഷിക്കാൻ താത്പര്യം കാട്ടുന്നുമില്ല.

രാഷ്ട്രീയത്തിലെ മൂല്യച്യുതിയും കെട്ടുകാഴ്ചകളും സോഷ്യൽ മീഡിയയിലെ തുറന്നടിച്ചുള്ള വിമർശനങ്ങളും യുവജനങ്ങളുടെ താത്പര്യ കുറയ്ക്കുന്നു. ഉപരിപഠനത്തിനും ഉപജീവനത്തിനുമായി വിദേശത്തേക്കും സംസ്ഥാനത്തിനുപുറത്തേക്കും പോകുന്നവരുടെ എണ്ണം കൂടി. ഫ്‌ളാറ്റുകളിലേക്ക് കുടുംബങ്ങൾ ചേക്കേറിയതോടെ പൊതുപ്രവർത്തകർക്ക് അവരെ കണ്ടുമുട്ടാനും ഇടപഴകാനും അവസരം കുറഞ്ഞു എന്നതാണ് പ്രധാന കാരണങ്ങൾ.

ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയുംവിധം പേരു ചേർക്കാൻ ഇനിയും അവസരമുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ നൽകാം. സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) സൗകര്യമുണ്ട്. പ്രായം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെ അപ്ലോഡ് ചെയ്യണം. അക്ഷയ കേന്ദ്രങ്ങൾ വഴിയും ചെയ്യാം. അന്തിമവോട്ടർ പട്ടിക താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ലഭിക്കും. പുതിയ വോട്ടർമാർക്ക് സുരക്ഷാ ഘടകങ്ങളുള്ള ചിപ് ഘടിപ്പിച്ച കാർഡുകളാണ് നൽകുന്നത്.