- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ല: മീനാക്ഷി ലേഖി
കോഴിക്കോട്: ക്രമക്കേട് നടന്നതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണാ വിജയന്റെ കമ്പനിക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. എല്ലാം നിയമാനുസരണമാണെങ്കിൽ ഭയപ്പെടേണ്ടതില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരായ നിയമസഭ പ്രമേയത്തെയും മന്ത്രി വിമർശിച്ചു. കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നു എന്നത് വ്യാജ പ്രചാരണമാണ്. കേരളത്തിനായി ധാരാളം പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുന്നു. ഒന്നും ചെയ്യാതെ കടമെടുത്ത് മാത്രം കാര്യങ്ങൾ നടത്താൻ പറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്ര അവഗണനയെന്നത് വ്യാജ പ്രചാരണം. വ്യാജ പ്രചാരണം നടത്താൻ കമ്മ്യൂണിസ്റ്റുകാർ മിടുക്കന്മാരാണെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.
കടമെടുക്കുന്നതിന് ചട്ടങ്ങളുണ്ടെന്നും അത് പാലിക്കണമെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാണിച്ചു. കേന്ദ്രസർക്കാർ കടമെടുപ്പിൽ വിശ്വസിക്കുന്നില്ല. പ്രവാസികളുടെ പണംകൊണ്ട് മാത്രം ജീവിക്കാനാകില്ല. കേരളം ഒരു വികസന പ്രവർത്തനവും നടത്തുന്നില്ല. വ്യാവസായിക വികസനത്തിന് ഒന്നും ചെയ്യുന്നില്ല. കടമെടുത്ത് ജീവിക്കാമെന്ന് കരുതുന്നു. ഇത് ശരിയല്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളും സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി ഉന്നയിച്ചു.
'മോദിയുടെ ഗ്യാരന്റി' എന്നത് കേരളത്തിനുവേണ്ടി കൂടിയുള്ള ഗ്യാരന്റി ആണെന്നും മീനാക്ഷി ലേഖി പറഞ്ഞു. കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ 'എവേക് യൂത്ത് ഫോർ നേഷൻ' കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.
'മോദിയുടെ ഗ്യാരന്റി' എന്നത് കേന്ദ്രത്തിന് മാത്രമല്ല കേരളത്തിന് വേണ്ടി കൂടിയുള്ള ഗ്യാരന്റി ആണെന്നും മീനാക്ഷി ലേഖി പറഞ്ഞു. '2047 ആകുമ്പോൾ ഇന്ത്യ വികസിത രാജ്യമാകണം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. നിങ്ങളാണ് 2047-നെ നയിക്കേണ്ടവർ. മോദിയുടെ ഗ്യാരന്റി എന്നത് കേരളത്തിന് വേണ്ടി കൂടിയുള്ള ഗ്യാരന്റി ആണ്', മീനാക്ഷി ലേഖി പറഞ്ഞു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തനിക്ക് 'ഹീറോ' ആണെന്നും മീനാക്ഷി ലേഖി പറഞ്ഞു. 'ഷബാനു കേസിൽ മുത്തലാഖ് നിർത്തലാക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം. ആ കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജീവ് ഗാന്ധി സർക്കാരിൽ നിന്ന് രാജിവെച്ചത്. ഈ സംഭവങ്ങൾ നടക്കുമ്പോൾ ഞാൻ കോളജ് വിദ്യാർത്ഥിയായിരുന്നു. ഇന്ന് മുത്തലാഖ് നിർത്തലാക്കാൻ തീരുമാനിച്ച സഭയിൽ അംഗമാകാൻ എനിക്ക് സാധിച്ചു', മീനാക്ഷി ലേഖി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം ഒരു നാഴികക്കല്ലാണെന്നും കോഴിക്കോടിന് പുതിയ തുറമുഖം ആവശ്യമാണെന്നും മനുഷ്യശേഷി മാത്രമല്ല ചരക്കും കയറ്റിയയയ്ക്കാൻ സാധിക്കണമെന്നും മീനാക്ഷി ലേഖി പറഞ്ഞു. '2047-ലെ വികസിത ഇന്ത്യയിൽ ഞാൻ ജീവനോടെ ഉണ്ടാവുമോ എന്നറിയില്ല. അന്ന് നിങ്ങളിലാരെങ്കിലും ആയിരിക്കും എന്റെ സ്ഥാനത്ത് നിൽക്കുക', മീനാക്ഷി ലേഖി പറഞ്ഞു.