കോഴിക്കോട്: അയോധ്യയിൽ പുതുതായി പണികഴിപ്പിച്ച രാമക്ഷേത്രവും നിർമ്മിക്കാൻ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ. രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതിൽ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തിൽ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാൻ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് തകർത്തതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാൻ ഇന്ത്യൻ മുസ്ലിങ്ങൾക്ക് കഴിഞ്ഞു. മുസ്ലിങ്ങൾ സെൻസിറ്റീവായും ഊർജസ്വലമായും ജീവിക്കുന്ന കേരളത്തിലേക്കാണ് ഏവരും ഉറ്റുനോക്കിയത്. തകർപ്പെട്ടത് അയോധ്യയിലെ ബാബരി മസ്ജിദാണെങ്കിലും രാജ്യം മൊത്തം ഉറ്റുനോക്കിയത് കേരളത്തിലേക്കായിരുന്നു. അയോധ്യയിൽ കർസേവകരും ചില ഭീകരവാദികളും അസഹിഷ്ണുതയുടെ കതീന പൊട്ടിച്ചപ്പോൾ കേരളത്തിൽ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നുവെന്ന് സാദിഖലി തങ്ങൾ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിൽ നിന്ന് പുറകോട്ട് പോകാനാവില്ല. അതൊരു യാഥാർത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉള്ള നിർമ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. അത് കർസേവകർ നടത്തുന്നതാണ്. തകർത്തതും അവരാണെന്ന് നമുക്കറിയാം. അതിൽ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു.

ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുൽപറ്റയിൽ നടത്തിയ പ്രസംഗം ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും സെൻസിറ്റീവായ മുസ്ലിങ്ങൾ കേരളത്തിലാണെന്നും പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ ഐഎൻഎല്ലും സമൂഹ മാധ്യമങ്ങളിലെ വിമർശകരുമാണ് രംഗത്ത് വന്നിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രവും തകർക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന മസ്ജിദും ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം.

ആർഎസ്എസിന്റെ രാഷ്ട്രീയ ഹിന്ദുത്വമല്ല, ഹൈന്ദവ വിശ്വാസികളുടെ ആത്മീയ ഹിന്ദു മതമെന്ന് ഐഎൻഎൽ വർക്കിങ് പ്രസിഡന്റ് എൻകെ അബ്ദുൾ അസീസ് അഭിപ്രായപ്പെട്ടു. ആർഎസ്എസിന്റെ രാമരാജ്യം ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ. എന്നിട്ടും അണികളെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും സാദിഖലി തങ്ങളെ വിമർശിച്ചുകൊണ്ട് എൻ കെ അബ്ദുൾ അസീസ് ചോദിച്ചു.

'സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ആർഎസ്എസ് ഭാഷ്യം കടമെടുത്തതാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചു. അയോധ്യയിൽ രാമക്ഷേത്രം പണിത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ദുഷ്ടലാക്കിനെക്കുറിച്ച് മനസിലാക്കാൻ സാധിക്കാത്ത സാദിഖലിയുടെ വിവരക്കേടുകളുടെ വിളംബരം അണികളെ പ്രകാേപിതരാക്കിയതിൽ അത്ഭുതപ്പെടാനില്ല, സംസ്ഥാന പ്രസിഡണ്ടിനെതിരെ ലീഗ് അണികൾ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല'

രാജ്യമൊട്ടുക്കുമുള്ള പള്ളികളുടെ മേൽ അവകാശ വാദം ഉന്നയിച്ച് വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാരം കച്ചകെട്ടി ഇറങ്ങിയ ഒരു ഘട്ടത്തിൽ ലീഗ് അധ്യക്ഷൻ ന്യൂനപക്ഷങ്ങളെ ബലി കൊടുക്കാൻ ഒരുങ്ങിയതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ രാമക്ഷേത്ര പ്രകീർത്തനമെന്നും കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനുള്ള സാദിഖലിയുടെ വാചാടോപങ്ങളോട് മുസ്‌ലിം ലീഗിലെ മറ്റു നേതാക്കൾ യോജിക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും വിഷയത്തിൽ പ്രബുദ്ധ കേരളം ഉചിതമായി പ്രതികരിക്കുമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ രാമക്ഷേത്രത്തെക്കുറിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ പ്രസ്താവന വിവേകപൂർണമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സാമുദായിക സൗഹാർദം നിലനിർത്തണമെന്നാണ് തങ്ങൾ പറഞ്ഞതിന്റെ സാരം. അത് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ബി.ജെപിയുടെ കെണിയിൽ വീഴേണ്ടതില്ലന്നാണ് തങ്ങൾ പറഞ്ഞത്. ബാബരി തകർന്ന സമയത്ത് ശിഹാബ് തങ്ങൾ എടുത്ത നിലപാടാണ് ഇപ്പോൾ സാദിഖലി തങ്ങളും ആവർത്തിച്ചത്. അന്ന് തങ്ങൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അത് പോലെയാണ് ഇപ്പോഴും' വിമർശനങ്ങൾ വരട്ടെ മറുപടി പറയാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.