ന്യൂഡൽഹി: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പദ്ധതികളില്ലെന്നും സംസ്ഥാന ബജറ്റ് പ്രഹസനമാണെന്നും കേന്ദ്രമന്ത്രിയും ബിജെപി. നേതാവുമായ വി. മുരളീധരൻ. സംസ്ഥാനത്തിന്റെ മൂലധനച്ചെലവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുന്നതിന് യാഥാർത്ഥ്യബോധമുള്ള പദ്ധതികളൊന്നുമില്ലെന്നും എന്നാൽ ഡൽഹിയിൽ ഒരു സമരത്തിന് അരക്കോടി ചെലവഴിക്കാൻ ഒരു മടിയുമില്ലെന്നും മുരളീധരൻ വിമർശിച്ചു.

സംസ്ഥാന ബജറ്റ് സമാകാലിക യാഥാർത്യങ്ങളുമായി ബന്ധമില്ലാത്തതാണ്. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബജറ്റെന്നും ബജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ഡൽഹിയിലേക്ക് പോകുന്ന എംഎൽഎമാരുടെ ആകെ ചെലവ് 50 ലക്ഷം രൂപ വരും. പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഇത് കൂടെ ബജറ്റിൽ ഉൾപ്പെടുത്തണമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാനങ്ങൾ അവരുടെ വിഹിതം ചോദിച്ചാണ് ഡൽഹിയിൽ സമരം ചെയ്യുന്നതെന്നും എന്നാൽ കേരളം മാത്രമാണ് കടം വാങ്ങാനായി സമരം ചെയ്യുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു

സിപിഎമ്മും എൽഡിഎഫും പതിറ്റാണ്ടുകളായി എതിർത്തുകൊണ്ടിരുന്ന വിദേശ മൂലധനത്തിന് പച്ചപരവതാനി വിരിച്ച് സ്വാഗതമോതുന്ന നയംമാറ്റമാണ് പുതിയ ബജറ്റിന്റെ മുഖമുദ്ര. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന കെഎൻ ബാലഗോപാൽ തന്നെ നയംമാറ്റം പ്രഖ്യാപിച്ചത് കൗതുകമായി.രണ്ട് വർഷം മുൻപ് എറണാകുളം സമ്മേളനത്തിൽ വച്ച് പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖയിലെ നിർദേശങ്ങൾ യാഥാർഥ്യമാകുകയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരേ പ്രഖ്യാപനങ്ങളും കണക്കുകൂട്ടലുകളുമാണ് ബജറ്റിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇവയെന്നും നടപ്പിലാക്കാനും സാധിച്ചിട്ടില്ല. കേരളമല്ലാതെ, കടക്കെണിയിലാണെന്ന് മറ്റൊരു സംസ്ഥാനവും കോടതിയിൽ സത്യവാങ്മൂലം കൊടുത്തിട്ടില്ല. 2016-ൽ കേരളത്തിൽ മൂലധന നിക്ഷേപം കുറവാണെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പറഞ്ഞവർ ആ സ്ഥിതി വർധിപ്പിക്കുകയല്ലാതെ കഴിഞ്ഞ ആറ് വർഷമായി എന്ത് നടപടിയെടുത്തെന്നും അദ്ദേഹം ചോ?ദിച്ചു.