- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.ഐ.ടിക്ക് മുന്നിൽ ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി
കോഴിക്കോട്: ഗോഡ്‌സെയെ മഹത്വവൽക്കരിച്ച എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എൻഐടിക്ക് മുന്നിൽ എബിവിപി പ്രതിഷേധം. ഷൈജ ആണ്ടവന്റെത് രാഷ്ട്രദ്രോഹ നിലപാടാണെന്ന് എ.ബി.വി.പി. ദേശീയ നിർവാഹക സമിതി അംഗം യദുകൃഷ്ണ പറഞ്ഞു. ഗോഡ്‌സെയെ പിന്തുണച്ച പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി. പ്രവർത്തകർ എൻ.ഐ.ടിക്ക് മുന്നിൽ ഗോഡ്‌സെയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി.
പ്രതിഷേധത്തിനിടെ പ്രവർത്തകർ ഗോഡ്സെയുടെ ചിത്രം കത്തിക്കുകയായിരുന്നു. ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയാണ് ഗോഡ്‌സെയെന്നും അദ്ധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു ശക്തമായ സമരം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ രാജ്യദ്രോഹിയായ ഗോഡ്‌സയെയാണ് പ്രൊഫസർ പിന്തുണച്ചത്. ആർ.എസ്.എസിന്റെ ശാഖകൾ സന്ദർശിച്ച ആളാണ് ഗാന്ധിജി. ഗാന്ധിവധവുമായി ആർ.എസ്.എസിന് ബന്ധമില്ല. യുജിസിക്കും എൻ.ഐ.ടി. ഡയറക്ടർക്കും പ്രൊഫസർക്കെതിരെ പരാതി നൽകിയെന്നും യദു കൃഷ്ണ പറഞ്ഞു. പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഇന്ത്യയുടെ ഭൂപടം കാവിനിറത്തിൽ വരച്ചു കൊണ്ടുള്ള ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആഘോഷത്തെ പിന്തുണക്കുകയാണ്. എല്ലാവർക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉണ്ടെന്നും എബിവിപി അറിയിച്ചു.
അതിനിടെ പ്രൊഫസറുടെ എഫ്.ബി. കമന്റിനെതിരെ കെ.എസ്.യു. ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്.
അതിനിടെ, ഗോഡ്സെ അനുകൂല ഫേസ്‌ബുക്ക് കമന്റുമായി ബന്ധപ്പെട്ട വിവാദത്തിൽ അദ്ധ്യാപികയിൽ നിന്ന് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയതായി എൻ.ഐ.ടി ഡയറക്ടർ പറഞ്ഞു. അദ്ധ്യാപിക ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം.കെ രാഘവൻ എംപി നൽകിയ കത്തിനാണ് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണ മറുപടി നൽകിയത്. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിച്ച് വിവരം എംപിയെ അറിയിക്കുമെന്നും ഡയറക്ടർ അറിയിച്ചു.
അതേസമയം ഷൈജാ ആണ്ടവന്റെ അക്കൗണ്ട് വിവരങ്ങൾ തേടി കുന്ദമംഗലം പൊലീസ് ഫേസ്‌ബുക്കിനെ സമീപിച്ചു. അക്കൗണ്ട് വിവരങ്ങളും ഐ.പി. അഡ്രസും ഉൾപ്പടെയുള്ള വിവരങ്ങൾക്കായാണ് ഫേസ്‌ബുക്കിനെ സമീപിച്ചത്. പ്രൊഫസറുടെ വിവരങ്ങൾ ആവശ്യപ്പെട്ട് എൻ.ഐ.ടി. ഡയറക്ടർക്കും പൊലീസ് കത്ത് നൽകിയിട്ടുണ്ട്. എസ്.എഫ്.ഐ. നൽകിയ പരാതിയിൽ പ്രൊഫസർക്കെതിരെ കുന്ദമംഗലം പൊലീസ് 153ആം വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ 'ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ' എന്ന കുറിപ്പോടെ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽനിന്നു പോസ്റ്റുചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനുതാഴെയാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്. 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്സെയിൽ അഭിമാനം കൊള്ളുന്നു') വെന്നായിരുന്നു കമന്റ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്‌സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം വിദ്യാർത്ഥി സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ എൻ.ഐ.ടി ക്യാമ്പസ് ഇന്ന് തുറന്നു. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത അധികൃതരുടെ നടപടിക്കെതിരേ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് വലിയ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചത്.