ന്യൂഡൽഹി: കേന്ദ്ര അവഗണനയ്‌ക്കെതിരേ കേരളം ഡൽഹിയിൽ വ്യാഴാഴ്ച സമരം ഇരിക്കും. സംസ്ഥാനമന്ത്രിസഭാംഗങ്ങളും എംഎ‍ൽഎ.മാരും എംപി.മാരും പ്രതിഷേധിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് സമരം. കേരളഹൗസിൽനിന്ന് എല്ലാവരും പ്രകടനമായി സമരവേദിയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനാകും സമരം നയിക്കുക. കോൺഗ്രസ് സഹകരിക്കില്ല. എന്നാൽ ഇന്ത്യ സംഖ്യത്തിലെ മറ്റ് പാർട്ടികൾ പിന്തുണ നൽകും. കോൺഗ്രസ് ഒഴികെ, രാജ്യത്തെ പ്രധാന ദേശീയപാർട്ടികളുടെ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കൾ സമരത്തിന് പിന്തുണയർപ്പിക്കാനെത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദമാകാം കാരണമെന്ന് പിണറായി കുറ്റപ്പെടുത്തി.

നാടിന്റെ മുന്നേറ്റത്തിനായി ഡൽഹി ജന്തർമന്തറിൽ ഉയരുന്ന ശബ്ദം ജനാധിപത്യ ഇന്ത്യയിൽ കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വല ഏടാകും ന്നൊണ് സിപിഎം വിലയിരുത്തൽ. കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ് സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ മാത്രമല്ല, പൊതുവിൽ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സമരമാണിത്. ആരെയും തോൽപ്പിക്കുകയല്ല ലക്ഷ്യം. അർഹതപ്പെട്ടത് നേടിയെടുക്കുക എന്നതാണ്. രാജ്യമാകെ കേരളത്തിന്റെ സമരത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമരത്തിന് കക്ഷിരാഷ്ട്രീയ നിറമില്ല. സഹകരണ ഫെഡറലിസത്തിന്റെ അന്തസ്സത്ത ചോർത്തുന്ന കേന്ദ്രനയങ്ങൾക്കെതിരെയാണ് പ്രതിഷേധം. ഈ പ്രതിഷേധത്തോടെ പിണറായി വിജയൻ ദേശീയ നേതാവായി ഉയരുമെന്നാണ് സിപിഎം വിലയിരുത്തൽ.

കേന്ദ്രം പണം നൽകാത്തതിനൊപ്പം വികസനവും ചർച്ചയാക്കുന്നു. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറാതെ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയെന്നതും ആരോപണമാണ്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിദേശ വിമാനകമ്പനികൾക്ക് സർവീസിനുള്ള പോയിന്റ് ഓഫ് കോൾ അംഗീകാരം തരുന്നില്ലെന്നും കോഴിക്കോട് വിമാനത്താവളത്തിൽ ഭൂമിയേറ്റെടുത്തിട്ടും നിർമ്മാണത്തിനാവശ്യമായ ടെൻഡർ വിളിക്കുന്നതിൽ കാലതാമസം ഉണ്ടെന്നും ആരോപിക്കുന്നു. പുതിയ ട്രെയിനുകൾ, പാതകൾ, പാതയിരട്ടിപ്പിക്കൽ, നിലവിലെ പാതകളുടെ നവീകരണം, റെയിൽവേസ്റ്റേഷനുകളുടെ ആധുനികവത്കരണം എന്നിവയിൽ അവഗണനയും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയായ സിൽവർലൈൻ പദ്ധതികളെ രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ പ്രോത്സാഹിപ്പിക്കുമ്പോൾ കേരളത്തോട് വിവേചനം. ഇതിൽ ഇരട്ടത്താപ്പുണ്ടെന്നാണ് ആക്ഷേപം.

ഒരു കോടിയോളം രൂപ കേരളസർക്കാർ മുടക്കുന്ന സംസ്ഥാന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് വെറും 5 ലക്ഷംമാത്രം മുടക്കുന്ന കേന്ദ്രം 3000 രൂപ നൽകി ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേരിടാൻ നിർബന്ധിക്കുന്നുവെന്നും ആക്ഷേപമുണ്ട്. റബ്ബർ കർഷകർക്ക് ഒരു സഹായവുമില്ലെന്ന ചർച്ചയും മുഖ്യമന്ത്രി ഉയർത്തും. സംസ്ഥാന നികുതിയുടെ നിശ്ചിതവിഹിതം നൽകുന്ന സ്ഥാപനങ്ങളിൽ നിന്നെടുക്കുന്ന വായ്പകൾ സംസ്ഥാനസർക്കാരിന്റെ വായ്പയായി കണക്കാക്കുമെന്നും തത്തുല്യമായ തുക സംസ്ഥാനത്തിന്റെ കമ്പോള വായ്പാപരിധിയിൽനിന്ന് വെട്ടിക്കുറയ്ക്കുമെന്നുമുള്ള നിബന്ധന ഭരണഘടനാതത്ത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. കിഫ്ബി, സാമൂഹ്യസുരക്ഷാ പെൻഷൻ, കമ്പനിയുടെ വായ്പ എന്നിവയുടെയെല്ലാം പേരിൽ വായ്പപരിധി വെട്ടിക്കുറച്ചു. നടപ്പുവർഷം 7000 കോടിയുടെ വെട്ടിക്കുറയ്ക്കലുണ്ടായി. വെട്ടിച്ചുരുക്കലുകൾ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നു. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്നാണ് കേരളത്തിന്റെ നിലപാട്.

രാജ്യത്തെ 17 ബിജെപി ഭരണ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാരിന് ലാളനയും എൻഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് പീഡനവുമാണ്. ആ നടപടിക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം. പിന്തുണ അഭ്യർത്ഥിച്ച് ബിജെപി ഇതര മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർക്ക് കത്തുകൾ അയച്ചിട്ടുണ്ട്. കേരളത്തിന്റെ സമരത്തിന് പിന്തുണ അറിയിച്ച കർണാടകത്തിലെ കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിക്കുന്നു. കേരളത്തിലെ കോൺഗ്രസ് എതിർക്കുന്നതിനാൽ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കാനിടയില്ല. എന്തുകൊണ്ട് കേരളത്തിന്റെ താൽപ്പര്യത്തിന് പ്രതിപക്ഷം എതിര് നിൽക്കുന്നുവെന്ന് മനസ്സിലാകുന്നില്ല. ആദ്യം ആലോചിച്ചത് അവരുമായാണ്. എന്നാൽ, മറുപടി നിഷേധരൂപത്തിലായിരുന്നു.

ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുക്കും. രാവിലെ 10.30ന് കേരള ഹൗസിനു മുന്നിൽനിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജാഥയായി സമരവേദിയിലേക്ക് നീങ്ങും. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകിയിട്ടുണ്ട്. ഡൽഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഏടായി സമരം മാറും.ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വ്യാഴാഴ്ച എൽഡിഎഫ് നേതൃത്വത്തിൽ കേരളത്തിലാകെ പ്രതിഷേധ റാലികളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കും.

കേന്ദ്ര ബജറ്റിൽ തമിഴ്‌നാടിന് ഫണ്ട് അനുവദിക്കാത്തിനെതിരെ ഡിഎംകെ എംപിമാർ വ്യാഴാഴ്ച കറുപ്പ് ഷർട്ട് ധരിച്ച് പ്രതിഷേധിക്കും. പാർലമെന്റ്സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിലായിരിക്കും സമരം.