- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പടിയിൽ മുഖ്യമന്ത്രിയെയും പ്രതിയാക്കണം: വിഡി സതീശൻ
കാഞ്ഞങ്ങാട്: മാസപ്പടിയിൽ മുഖ്യമന്ത്രിയെയും പ്രതിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മടിയിൽ കനമില്ലെന്നും കൈകൾ ശുദ്ധമെന്നും പറഞ്ഞവർ അന്വേഷണം വന്നപ്പോൾ പേടിച്ചോടുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്ന സാധാരണക്കാരാണ് സമരാഗ്‌നി പ്രക്ഷോഭ യാത്രയിലെ വി.ഐ.പികളെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമരാഗ്‌നി പ്രക്ഷോഭ ജാഥ നയിക്കുന്നത്. എല്ലാ ജില്ലകളിലും ഈ സർക്കാരുകളുടെ ഭരണം കൊണ്ട് ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ സങ്കടങ്ങൾ കേൾക്കും. സങ്കടവും ദുരിതവും പ്രയാസങ്ങളും അനുഭവിക്കുന്ന സാധാരണക്കാരാണ് ഞങ്ങളുടെ വി.ഐ.പികൾ. അല്ലാതെ ആർഭാട ബ്രേക്ക് ഫാസ്റ്റ് നടത്തിയുള്ള പരിപാടികളല്ല സമരാഗ്‌നിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. സമൂഹിക സുരക്ഷാ പദ്ധതികളും വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചതിന്റെ ഇരകളായി മാറിയവരുമായി ആശയവിനിമയം നടത്തും. അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് വന്ന് അവയ്ക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. ജനങ്ങളെ ഭിപ്പിപ്പിച്ചും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കെട്ടിയും രാഷ്ട്രീയലാഭമുണ്ടാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന വിദ്വേഷത്തിന്റെ കാമ്പയിനും തുറന്നു കാട്ടും. വർഗീയതയ്ക്കെതിരെ കോൺഗ്രസ് രാജ്യത്ത് ഉയർത്തുന്ന ശക്തമായ നിലപാട് സംബന്ധിച്ചും ജനങ്ങളുമായി ആശയവിനിമയം നടത്തും. സർക്കാരിന്റെ അഴിമതി ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കോഴ, എ.ഐ ക്യാമറ, കെഫോൺ, മെഡിക്കൽ സർവീസസ് കോർപറേഷൻ അഴിമതി, മാസപ്പടി ഉൾപ്പെടെയുള്ളവയെ കുറിച്ച് ജനങ്ങളോട് പറയും. സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും ജാഥായിലെ പ്രചരണ വിഷയമാകുമെന്നും സതീശൻ പറഞ്ഞു.
140 നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ് നന്നായി സംഘടിപ്പിച്ചു. 90 ശതമാനം സ്ഥലങ്ങളിലും വൻവിജയമായിരുന്നു. പല നിയോജക മണ്ഡലങ്ങളിലും ജനപങ്കാളിത്തം കൊണ്ട് വിചാരണ സദസ് നവകേരള സദസിനേക്കാൾ ശ്രദ്ധേയമായി. കുടുംബശ്രീക്കാരെയും അംഗൻവാടി ജീവനക്കാരെയും തൊഴിലുറപ്പ് ജീവനക്കാരെയും ആശാവർക്കർമാരെയും ഉദ്യോഗസ്ഥരെയും സ്‌കൂൾ കുട്ടികളെയും നിർബന്ധപൂർവം എത്തിച്ചാണ് നവകേരള സദസ് നടത്തിയത്. എന്നാൽ സർക്കാരിനോട് പ്രതിഷേധമുള്ളവരെയും പാർട്ടി അനുഭാവികളെയുമാണ് ഞങ്ങൾ പങ്കെടുപ്പിച്ചത്. നവകേരള സദസിന്റെ സമാപനം അശ്ലീല സദസു പോലെയായിരുന്നു. പൊലീസിനെയും ഗുണ്ടകളെയും ഇറക്കി ഞങ്ങളുടെ കുട്ടികളെ മർദ്ദിക്കുകയും ജയിലിലാക്കുകയും ചെയ്തതിന് എതിരായ ജനരോഷവും വിചാരണ സദസിലുണ്ടായി. വിചാരണ സദസിലൂടെ ജനങ്ങളുമായി സംവദിച്ചു. സമരാഗ്‌നിയിലൂടെ വീണ്ടും സമരത്തിലേക്ക് പോകുകയാണ്. സമരാഗ്‌നി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും നയിക്കണമെന്നത് പാർട്ടി തീരുമാനമാണ്. ഇത് ഒരുമയുടെ ഏറ്റവും വലിയ തെളിവാണ്. അസൂയപ്പെട്ടിട്ട് കാര്യമില്ല.
മടിയിൽ കനമില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് രണ്ടു കൈകളും പൊക്കി ഈ രണ്ടു കൈകളും ശുദ്ധമാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.മൂന്നാമതായി ഭാര്യയുടെ പെൻഷൻ കിട്ടിയ കാശു കൊണ്ടാണ് ഐ.ടി കമ്പനി തുടങ്ങിയതെന്ന് പറഞ്ഞു. ഏത് അന്വേഷണവും നടക്കട്ടേയെന്നും പറഞ്ഞു. പക്ഷെ അന്വേഷണം വന്നപ്പോൾ കെ.എസ്‌ഐ.ഡി.സിയെ കൊണ്ട് 25 ലക്ഷം രൂപ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകനെ വരുത്തി ഹൈക്കോടതിയിൽ കേസ് കൊടുപ്പിച്ചു. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മകളെക്കൊണ്ട് കർണാടക ഹൈക്കോടതിയിലും കേസ് കൊടുപ്പിച്ചു. ഏത് അന്വേഷണവും നടക്കട്ടേയെന്നും കൈകൾ ശുദ്ധമാണെന്നും മടിയിൽ കനമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം വന്നപ്പോൾ പേടിച്ചോടുകയാണ്. എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്? അന്വേഷണം നടക്കട്ടെ ഭയപ്പെടാനില്ലെന്നാണ് പാർട്ടി പറഞ്ഞത്. എന്നിട്ടാണ് അന്വേഷണം തടയാൻ കോടതിയിലേക്ക് ഓടുന്നത്.
ഒരു സർവീസും ചെയ്യാതെ മകളുടെ കമ്പനിയിലേക്കും അക്കൗണ്ടിലേക്കും മകളുടെ അക്കൗണ്ടിലേക്കും പണം എത്തിയെന്നാതാണ് കേസ്. ജോലി ചെയ്യാതെ വാങ്ങിയത് കള്ളപ്പണമാണ്. ഷെൽ കമ്പനി പോലെയാണ് എക്സാലോജിക് പ്രവർത്തിച്ചത്. അതുകൊണ്ടു തന്നെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും അഴിമതി നിരോധന നിയമ പ്രകാരവുമാണ് അന്വേഷണം നടക്കേണ്ടത്. മുഖ്യമന്ത്രി കൂടി ഇതിൽ പ്രതിയാകും. സ്റ്റാറ്റിയൂട്ടറി ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. എന്നാൽ കേന്ദ്ര ഏജൻസികൾ അതിന് തയാറാകുമെന്ന് തോന്നുന്നില്ല. ലൈഫ് മിഷൻ കോഴക്കേസിൽ മിഷൻ ചെയർമാനായ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ തയാറായില്ല. ലൈഫ് മിഷൻ കോഴക്കേസിലേതു പോലെ മുഖ്യമന്ത്രിയെ ഒഴിവാക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നതെങ്കിൽ അതിനെതിരെ നിയമ നടപടികൾ സ്വീകരിക്കും.
കേരളത്തിന് നൽകിയ നികുതി വിഹിതം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി പറഞ്ഞത് കബളിപ്പിക്കുന്ന കണക്കാണ്. തുകയല്ല ശതമാനമാണ് പറയേണ്ടത്. 2004 ലെ യു.പി.എ സർക്കാരിന്റെ കാലത്തെ നികുതി വരുമാനമല്ല ഇപ്പോഴത്തേത്. ഇക്കാര്യം ജനങ്ങൾ മനസിലാക്കണം. കോഴിക്കോട് കോന്നാട് ബീച്ചിൽ സദാചാര ആക്രമണം നടത്തിയ മഹിള മോർച്ചക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. സദാചാര പൊലീസ് ചമയാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ബീച്ചിലെ ക്രമസമാധാനം നോക്കാൻ പൊലീസുണ്ടെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.