- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
ന്യൂഡൽഹി: വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യവുമായി കേരളത്തിലെ അജിത് പവാർ പക്ഷം നേതാവ് എൻ എ മുഹമ്മദ് കുട്ടി. അജിത് പവാറിന് ഒപ്പം നിന്നില്ല എങ്കിൽ അയോഗ്യരാക്കാൻ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. അജിത് പവാർ പക്ഷത്തെ യഥാർത്ഥ എൻസിപിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് കേരളത്തിൽ ശരദ് പവാർ പക്ഷത്തെ പിന്തുണയ്ക്കുന്നവർക്ക് മുന്നറിയിപ്പുമായി അജിത് പവാർ വിഭാഗം രംഗത്തെത്തിയത്.
തുടർ നടപടികളുടെ ഭാഗമായി കേരള നിയമസഭയിലെ എൻസിപി എംഎൽഎമാർക്ക് നോട്ടീസ് നൽകുമെന്ന് അജിത് പവാർ പക്ഷം നേതാവ് എൻഎ മുഹമ്മദ് കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മാനിക്കാൻ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. ശരദ് പവാർ നേതൃത്വത്തെ പിന്തുണക്കുന്ന ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം. രാജി വെച്ച ശേഷമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ പാർട്ടി നേതൃത്വത്തെ തള്ളി പറയേണ്ടത്. എൻസിപി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികൾക്ക് പിന്തുണ നൽകും.
കേരളത്തിൽ രണ്ട് വിഭാഗത്തിനും എൽഡിഎഫിന് ഒപ്പം പോകാൻ കഴിയും. എൻസിപി ഏറെക്കാലമായി എൽഡിഎഫിന് ഒപ്പമാണ്. എകെ ശശീന്ദ്രൻ രാജിവെയ്ക്കണമെന്നും ഒപ്പം നിന്നില്ലെങ്കിൽ അയോഗ്യതാ നടപടികളിലേക്ക് കടക്കുമെന്നും എൻഎ മുഹമ്മദ് കുട്ടി വ്യക്തമാക്കി. എന്നാൽ രാജി ആവശ്യം തള്ളിയ എ.കെ.ശശീന്ദ്രൻ ഉത്തരവ് ശരിയായി വായിക്കാത്തവർ ആണ് രാജി ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നാഗാലാൻഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് മാത്രമാണ് ബാധകമെന്നും പ്രതികരിച്ചു.
തങ്ങൾ രാജി വച്ചാൽ മഹാരാഷ്ട്രയിലെ എംഎൽഎമാരും എംപിമാരും രാജി വെയ്ക്കണമെന്നും അങ്ങനെയായാൽ എൻ.സി.പിക്ക് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്നും ശശീന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിൽ തുടരാമെന്ന് അജിത് പവാർ പക്ഷം മനകോട്ട കെട്ടണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം അന്തിമമല്ലെന്നും നിയമ പോരാട്ടത്തിനൊപ്പം പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളും നടത്തുമെന്നും ചരിത്രത്തിൽ ജന പിന്തുണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ അടിസ്ഥാനമാക്കി അല്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
എൻസിപിയെന്ന പാർട്ടി പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് നൽകികൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കഴിഞ്ഞ ദിവസമുണ്ടായത്. ഇതോടൊപ്പം ശരദ് പവാർ പക്ഷത്തിന് പുതിയ പേരും ചിഹ്നവും അനുവദിക്കുകയും ചെയ്തിരുന്നു.