- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രേമചന്ദ്രൻ മോദിയുടെ വിരുന്നിനു പോയതിൽ തെറ്റില്ല', മറുപടിയുമായി വി ഡി സതീശൻ
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി പോയതിൽ തെറ്റില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എൻകെ പ്രേമചന്ദ്രനെതിരായ വിവാദം ഉണ്ടാക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ബിജെപിയെ പോലെ വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് തട്ടാനുള്ള സി പി എമ്മിന്റെ കളി കയ്യിൽ വച്ചാൽ മതി. ഇടതുപക്ഷ വർത്തമാനം പറയുകയും തീവ്ര വലതുപക്ഷ നിലപാടെടുക്കുകയും ചെയ്യുന്ന പാർട്ടിയായി സി പി എം മാറിയെന്നും അദ്ദേഹം ആരോപിച്ചു.
"ഇന്ത്യയിലെ ഏറ്റവും മികച്ച പാർലമെന്റേറിയനാണ് പ്രേമചന്ദ്രൻ. പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയും പോയിരുന്നല്ലോ. മുഖ്യമന്ത്രിയുടെ ആ നിൽപ്പു സഹിക്കാൻ പറ്റില്ലെന്നു മാത്രമാണു ഞങ്ങൾ പറഞ്ഞിരുന്നത്.
പ്രേമചന്ദ്രനെതിരെ വിവാദമുണ്ടാക്കുന്നതു മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ്. പിണറായിയെ രാഷ്ട്രീയമായി എതിർക്കുമ്പോഴും അദ്ദേഹം വിളിക്കുന്ന യോഗത്തിൽ പ്രതിപക്ഷ നേതാവും എംഎൽഎമാരും പങ്കെടുക്കാറുണ്ട്. അതുപോലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു പ്രേമചന്ദ്രനു ക്ഷണമുണ്ടായത്. വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടു തട്ടാൻ ബിജെപി കളിക്കുന്ന അതേ കളിയാണ് കേരളത്തിൽ സിപിഎമ്മും കളിക്കുന്നത്" സതീശൻ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിനുള്ള കളി സി പി എം കയ്യിൽ വച്ചാൽ മതിയെന്നും സതീശൻ പറഞ്ഞു.
പ്രേമചന്ദ്രൻ ഇന്ത്യയിലെ ഏറ്റവും മികച്ച പാർലമെന്റേറിയനും ജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ജനപ്രതിനിധിയുമാണ്. അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിൽ എന്ത് വിവാദമാണുള്ളത്? പ്രധാനമന്ത്രിയെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ പോയതിൽ ഒരു തെറ്റുമില്ല. പക്ഷെ ആ നിൽപ് സഹിക്കാൻ പറ്റില്ലെന്നു മാത്രമെ ഞങ്ങൾ പറഞ്ഞിട്ടുള്ളൂ.
വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് നിരന്തരമായി സംഭവിക്കുകയാണ്. ബത്തേരിയിൽ മാത്രം അഞ്ച് കടുവകളെയാണ് കണ്ടത്. മാനന്തവാടിയിൽ ഉൾപ്പെടെ ജനങ്ങൾ ഭീതിയിലാണ്. എന്നിട്ടും സർക്കാർ ചെറുവിരൽ അനക്കുന്നില്ല. ജില്ലയുടെ ചാർജുള്ള വനംമന്ത്രി അങ്ങോട്ട് പോകുന്നു പോലുമില്ല. കണ്ണൂരിൽ ആന ചവിട്ടിക്കൊന്നയാളുടെ വിധവയ്ക്ക് ജോലി നൽകാൻ പോലും സർക്കാർ തയാറായിട്ടില്ല. കൃഷിനാശമുണ്ടായ 7000 കർഷകർക്കാണ് നഷ്ടപരിഹാരം നൽകാനുള്ളത്. കഴിഞ്ഞ ഡിസംബർ വരെയുള്ള 9 മാസത്തിനിടെ 85 പേരാണ് വന്യജീവി ആക്രമണത്തിൽ മരിച്ചത്.
2016 മുതൽ 909 പേരാണ് മരിച്ചത്. എന്നിട്ടും ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് 48 കോടി രൂപമാത്രമാണ്. വന്യജീവി ആക്രമണങ്ങളിൽ ജീവൻനഷ്ടപ്പെടുന്നവരോടും കൃഷിയിടങ്ങൾ നഷ്ടപ്പെടുന്നവരെയും സർക്കാർ നിസാരവത്ക്കരിക്കുകയാണ്. അയൽ സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. അല്ലാതെ കർണാടകത്തിൽ നിന്നും ആന ഇറങ്ങിയ കാര്യം സിദ്ധരാമയ്യ പിണറായിയെ വിളിച്ച് പറയണോ. എന്നിട്ടും ഒന്നും ചെയ്യില്ലെന്ന നിലപാടിലാണ് കേരള സർക്കാർ. ഒരു മാസമായി ആന കേരള വനമേഖലയിൽ ഉണ്ടെന്ന് സംസ്ഥാന വനം വകുപ്പിന് അറിയാമായിരുന്നു. എന്നിട്ടും സർക്കാർ ഒന്നും ചെയ്തില്ല.
കേരളത്തിലെ ജനങ്ങളാണ് ഇരകൾ. അതുകൊണ്ടു തന്നെ കേരള സർക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ഭയമുള്ളതു കൊണ്ടാണ് ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നത്. വനം നിയമം കാലാനുസൃതമായ മാറ്റം വരുത്തണമെന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന് പ്രതിപക്ഷം പിന്തുണ നൽകും. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് ഒരു പദ്ധതികളുമില്ല. ഇത്തരം വിഷയങ്ങൾ നിയമസഭയിൽ പ്രതിപക്ഷം ഗൗരവത്തോടെ അവതരിപ്പിക്കുമ്പോൾ മന്ത്രിമാരുടെ മറുപടി കേട്ടാൽ തലയിൽ കൈവയ്ക്കും. ഒരു വിഷയത്തിലും വനം വകുപ്പ് മന്ത്രിക്ക് വ്യക്തതയില്ല.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്വകാര്യ സർവകലാശാലകൾ സംബന്ധി ചർച്ച ഉയർന്നു വന്നപ്പോഴാണ് കൊച്ചുമകനാകാൻ പ്രായമുള്ള ആളെക്കൊണ്ട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന ടി.പി ശ്രീനിവാസന്റെ വിട്ട് കരണത്തടിപ്പിച്ചത്. അന്ന് പിണറായി വിജയനായിരുന്നു പാർട്ടി സെക്രട്ടറി. അതേ പിണറായി വിജയനാണ് ഇന്ന് മുഖ്യമന്ത്രി. സിപിഎം അഖിലേന്ത്യാ സെക്രട്ടറി കഴിഞ്ഞ മാസം പറഞ്ഞതും സ്വകാര്യ സർവകലാശാലകൾ പാടില്ലെന്നാണ്. എന്നിട്ടാണ് കേരളത്തിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന്റെ ബജറ്റിൽ സ്വകാര്യ സർവകലാശാലകളം സ്വാഗതം ചെയ്യുന്നത്. ടി.പി ശ്രീനിവാസനോട് പിണറായി വിജയൻ മാപ്പ് പറഞ്ഞിട്ടു വേണം സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ.
ആര് ഏത് നല്ലകാര്യം കൊണ്ടു വന്നാലും അതിനെ എതിക്കും. പിന്നീട് വർഷങ്ങൾക്ക് ശേഷം അതേ കാര്യം നടപ്പാക്കും. അതാണ് ഇപ്പോൾ നടക്കുന്നത്. സ്വാശ്രയ മേഖലയെ എതിർത്തവരാണിവർ. അതിന്റെ പേരിലാണ് കൂത്തുപറമ്പ് വെടിവയ്പ് ഉൾപ്പെടെ ഉണ്ടായത്. പുഷ്പന്റെ പേര് പറഞ്ഞ് എന്തുമാത്രം വോട്ട് ചോദിച്ചവരാണിവർ. അങ്ങനെയുള്ളവരാണ് എൽ.ഡി.എഫിലോ സിപിഎമ്മിലോ ചർച്ച ചെയ്യാതെ കേന്ദ്ര കമ്മിറ്റിയുടെനിലപാടിന് വിരുദ്ധമായ തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചത്. ഇടതുപക്ഷ വർത്തമാനം പറയുകയും തീവ്രവലതുപക്ഷ നിലപാടെടുക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം.
കാൽ നൂറ്റാണ്ടിനിടെ കാസർകോട് നടന്ന ഏറ്റവും വലിയ രാഷ്ട്രീയ സമ്മേളനമാണ് ഇന്നലെ സമരാഗ്‌നി ഉദ്ഘാടനത്തിൽ കണ്ടത്. അറുപതിനായിരം വോട്ടിന് തോറ്റ മട്ടന്നൂരിൽ പരിപാടിക്ക് എത്തിയ പകുതി പേരെ ഗ്രൗണ്ടിൽ ഉൾക്കൊള്ളിക്കാനായില്ല. കണ്ണൂരിലേക്ക് യാത്ര എത്തിയപ്പോൾ ജനപങ്കാളിത്തം എത്ര ഉണ്ടായിരുന്നു എന്നത് മാധ്യമങ്ങൾ കണ്ടതാണ്. കാസർകോടും കണ്ണൂരും നടത്തിയ ജനകീയ ചർച്ചാ സദസുകളിൽ പാവങ്ങളുടെ സങ്കടങ്ങളാണ് കോൺഗ്രസ് നേതാക്കൾ കേട്ടത്. പെൻഷൻ ഉൾപ്പെടെ ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ല. സർക്കസ് കലാകാരന്മാർക്ക് 9 മാസമായി പെൻഷനില്ല.
ദുർഭരണത്തിന്റെ ഇരകളായ പാവങ്ങളുമായുള്ള ആശയവിനിമയമാണ് നടന്നത്. ഇതാണ് നവകേരള സദസും സമരാഗ്‌നിയും തമ്മിലുള്ള വ്യത്യാസം. രാവിലെ വിഭവസമൃദ്ധമായ ബ്രേക്ക് ഫാസ്റ്റില്ലാതെ സാധാരണക്കാരുമായാണ് ഞങ്ങൾ സംവദിക്കുന്നത്. വന്ന എല്ലാവരെയും കണ്ടു. അല്ലാതെ മുഖ്യമന്ത്രിയെ പോലെ തെരഞ്ഞെടുക്കപ്പെട്ടവുമായി മാത്രമല്ല സംസാരിച്ചത്. ജനങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ പ്രേമചന്ദ്രനെ പിന്തുണച്ച് കെ.മുരളീധരനും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ എൻ.കെ.പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. രാഷ്ട്രീയം വേറെ, വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആരു വിളിച്ചാലും പോകും. സ്വന്തം അന്തർധാര മറച്ചുപിടിക്കാൻ സിപിഎം കാണിക്കുന്ന പാപ്പരത്തമാണ് ഇപ്പോഴത്തെ വിമർശനമെന്നും മുരളീധരൻ പറഞ്ഞു.