- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ വനംമന്ത്രി പരാജയം' ശശീന്ദ്രനെതിരെ എൻസിപി
കൊച്ചി: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷ് കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ എൻസിപിയിൽ പടയൊരുക്കം. എ കെ ശശീന്ദ്രൻ രാജി വയ്ക്കണമെന്ന ആവശ്യവുമായി ദേശീയ ജനറൽ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന എൻസിപി സംസ്ഥാന കമ്മിറ്റി രംഗത്തെത്തി.
സംസ്ഥാനത്ത് അജീഷ് ഉൾപ്പെടെ 43 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഇതിനെയെല്ലാം ലാഘവത്തോടെ കാണുന്ന വനംമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും എൻസിപി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിവുകെട്ട മന്ത്രിയെ തൽസ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വന്യമൃഗങ്ങളുടെ എണ്ണവും ആക്രമണങ്ങളും നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ട മന്ത്രി പൂർണമായും പരാജയപ്പെട്ടെന്നും യോഗം കുറ്റപ്പെടുത്തി.
വനംവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വനംമന്ത്രിയുടെ ഭാഗത്ത് തികഞ്ഞ അനാസ്ഥ ഉണ്ടായി. ഈ സാഹചര്യത്തിൽ എൻസിപിയുടെ മന്ത്രിയെ പിൻവലിക്കാൻ സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രനെ മാറ്റി പകരം പാർട്ടിക്ക് അനുവദിച്ചിട്ടുള്ള മന്ത്രിസ്ഥാനം തോമസ് കെ.തോമസിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകാനും തീരുമാനിച്ചു.
അജിത് പവാർ വിഭാഗത്തെ എൻസിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച സാഹചര്യത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി എൽഡിഎഫ് നേതൃത്വത്തിന് കത്തു നൽകും. പി.സി.ചാക്കോ എൻസിപിയുടെ പേരിൽ ഇനി എൽഡിഎഫ് നേതൃയോഗത്തിൽ പങ്കെടുക്കാൻ പാടില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൽഡിഎഫിനൊപ്പംനിന്ന് പ്രവർത്തിക്കാനും എൽഡിഎഫ് നേതൃത്വവുമായി ചർച്ച നടത്താനും പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തി.
എൻസിപിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച എല്ലാവരുടെയും യോഗം വിപ്പ് നൽകി വിളിക്കാൻ തീരുമാനിച്ചു. യോഗത്തിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തി.
പി.സി.ചാക്കോ നിലവിൽ ചിഹ്നവും കൊടിയും ഇല്ലാത്ത പാർട്ടിയുടെ നേതാവായി മാറി. മാത്രവുമല്ല എൻസിപി ശരദ് പവാർ (എൻസിപി-എസ്) എന്ന പാർട്ടിയുടെ പേര് മഹാരാഷ്ട്ര രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം നൽകിയ പേരായതിനാൽ ആ പാർട്ടിക്ക് ഇപ്പോൾ കൊടിയോ അംഗീകാരമോ പേരോ പോലും ഇല്ല. കൂടെയുള്ള ആളുകളുടെ ഒഴുക്ക് തടഞ്ഞു പിടിച്ചു നിർത്താൻ ചാക്കോയും ശശീന്ദ്രനും നടത്തുന്ന ചെപ്പടിവിദ്യ പ്രബുദ്ധരായ സംസ്ഥാനത്തെ പാർട്ടി അംഗങ്ങൾ തള്ളിക്കളയുമെന്നും യോഗം അഭിപ്രായപ്പെട്ടു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യിൽ അജിത് പവാറിനെ അംഗീകരിക്കാത്ത മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളോട് വിശദീകരണം തേടി നോട്ടീസ് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. നേതാക്കൾ വഴങ്ങുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പുകമ്മീഷനെയും കോടതികളെയും സമീപിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് നീക്കം. തുടർന്ന് നിയമസഭാ സ്പീക്കർക്ക് കത്തുനൽകാനാണ് നിയമോപദേശം.
എൻസിപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് മന്ത്രിയായ ഏ.കെ.ശശീന്ദ്രൻ കൂറുമാറ്റം നടത്തിയെന്നാണ് വാദം. താൻ ശരദ് പവാറിനൊപ്പമാണെന്ന ശശീന്ദ്രന്റെ പ്രഖ്യാപനമാണ് എതിർപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അജിത് പവാർ വിഭാഗമാണ് യഥാർഥ എൻസിപി എന്ന ഇലക്ഷൻ കമ്മീഷൻ തീരുമാനം പുറത്തുവന്നതോടെയാണ് സംസ്ഥാന എൻസിപിയിൽ നിലനിന്നിരുന്ന വിഭാഗീയത മറനീക്കി പുറത്തുവന്നത്.
എന്നാൽ എൻസിപി ഒരു ദേശീയ പാർട്ടിയല്ല എന്ന നിലപാടിലാണ് ശശീന്ദ്രൻപക്ഷം. അജിത് പവാറിന് മഹാരാഷ്ട്രയിലും മേഘാലയയിലും മാത്രമാണ് മേധാവിത്വമുള്ളത്. കേരളത്തിൽ എൻസിപി ഇടതുപക്ഷത്തോടൊപ്പമാണ്. എൻ.എ.മുഹമ്മദുകുട്ടിക്ക് പ്രത്യേക അധികാരങ്ങളില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ശരത്പവാർ പക്ഷവും.