- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേശിനെ പരോക്ഷമായി വിമർശിച്ച് ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിന്റെ ഉദ്ഘാടന ദിവസം ഗതാഗത മന്ത്രി കെബി ഗണേശ്കുമാറും മുന്മന്ത്രി ആന്റണി രാജുവും തമ്മിലുള്ള ഭിന്നത പരസ്യമാക്കി പ്രതികരണം. . ബസിന്റെ ഉദ്ഘാടനം തന്നെ അറിയിക്കാതെ നടത്താനുള്ള ശ്രമം അടക്കം ചൂണ്ടിക്കാട്ടി ആന്റണി രാജു ഗണേശിനെതിരെ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചു.
പുതിയ ഇലക്ട്രിക് ബസുകൾ തന്റെ കുഞ്ഞാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്ളാഗോഫിന് വരുന്നത് രണ്ടാം അച്ഛനാണോ എന്ന് അറിയില്ല. പുത്തരിക്കണ്ടത്ത് പരിപാടി നടത്തുമെന്നായിരുന്നു അറിയിച്ചത്.പിന്നീട് വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റി.പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വിഷമമില്ല. ബസ് നിരത്തിലിറങ്ങുമ്പോൾ ഒരച്ഛന്റെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരിയിൽ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് പറഞ്ഞ ബസ് എന്തിനാണ് ഇത്രയും വെച്ചുതാമസിപ്പിച്ചതെന്ന് അറിയില്ലെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപാണ് ആന്റണി രാജു ബസ് സന്ദർശിച്ചത്.
താൻ ഗതാഗത മന്ത്രിയായിരുന്ന സമയത്താണ് സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി, 100 കോടി അനുവദിച്ച് കിട്ടിയാണ് 103 ഇലക്ടിക് ബസുകളും രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളും വാങ്ങാൻ തീരുമാനിച്ചത്. ജനുവരി ആദ്യത്തെ ആഴ്ചയിൽതന്നെ ആദ്യത്തെ ഡബിൾ ഡെക്കർ എത്തി. രണ്ടാമത്തെ ആഴ്ച തന്നെ അടുത്ത ബസും എത്തി. യഥാർഥത്തിൽ ജനുവരിയിൽ തന്നെ ഓടിത്തുടങ്ങേണ്ടതായിരുന്നു. വണ്ടികൾ ഒരുമാസമായി വെറുതെ കിടക്കുകയായിരുന്നു.
ഇതിലെ വെറുതേ പോയപ്പോഴാണ് രണ്ട് ബസുകളും ഉദ്ഘാടന കർമത്തിനായി ഒരുക്കിനിർത്തിയിരിക്കുന്നത് കണ്ടത്. എന്നോട് ബന്ധപ്പെട്ടവർ പറഞ്ഞത് പുത്തരിക്കണ്ടത്ത് നായനാർ പാർക്കിലാണ് ഇത്രയും ബസുകൾ ഒരുമിച്ച് ഫ്ലാഗ് ഓഫ് ചെയ്യുക എന്നായിരുന്നു. എന്നാൽ, ഇവിടെവച്ചാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുത്തരിക്കണ്ടത്തിന് പകരം വികാസ് ഭവൻ ഡിപ്പോയിൽവച്ചാണ് ബസുകളുടെ ഫ്ലാഗ് ഓഫ് നടന്നത്. ആന്റണി രാജുവിന്റെ മണ്ഡല പരിധിക്ക് പുറത്താണ് പരിപാടി എന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.
കിഴക്കേകോട്ട- തമ്പാനൂർ തുടങ്ങിയവയൊക്കെയാണ് തിരുവനന്തപുരത്തിന്റെ ഹൃദയഭാഗം. കഴിഞ്ഞ തവണ 50 ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത് കിഴക്കേകോട്ടയ്ക്ക് സമീപമുള്ള വലിയശാലയിൽവച്ചാണ്. അവിടെവെച്ചൊക്കെ ചെയ്യുന്നതിന് പകരം ഒഴിഞ്ഞ മൂലയിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്തിനാണെന്നും ആന്റണി രാജു ചോദിച്ചു.
കെ.എസ്.ആർ.ടി.സി. തന്റെകൂടി കുഞ്ഞാണ്. അതുകൊണ്ട് കാണാനുള്ള കൗതുകം കൊണ്ട് ഇറങ്ങിയെന്നേയുള്ളു. ഫ്ലാഗ് ഓഫ് തന്റെ മണ്ഡലത്തിന്റെ പുറത്തേക്ക് മാറിയത് അറിയാതെയാണെന്ന് കരുതുന്നില്ല. പുറത്തുവച്ചാണെങ്കിലും തന്റെ മണ്ഡലത്തിൽ തന്നെയാണ് ബസുകൾ ഓടിക്കേണ്ടിവരികയെന്നും ആന്റണി രാജു പറഞ്ഞു.
മുംബൈ നഗരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസുകൾ ഉള്ള സംസ്ഥാനം കേരളമാണ്. വടക്കേ ഇന്ത്യയിൽ ഇലക്ട്രിക് ഡബിൾ ഡെക്കറേയില്ല. ഓപ്പൺ റൂഫുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡെക്കർ ആണ് തിരുവനന്തപുരത്തേത്. ഇതൊക്കെ മന്ത്രിയായിരുന്നപ്പോൾ വാങ്ങിക്കാൻ സാധിച്ചുവെന്നതിൽ ചാരിതാർഥ്യമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. ഞാൻ മന്ത്രിയായിരുന്നപ്പോൾ വാങ്ങിയ ബസാണ് ഇതെല്ലാം. അത് റോഡിലിറങ്ങുമ്പോൾ ഡെലിവറി നടക്കുന്ന സമയത്ത് ഒരച്ഛനുണ്ടാകുന്ന സന്തോഷമാണ് ഇപ്പോൾ തനിക്കെന്നും ആന്റണി രാജു പറഞ്ഞു.