- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ മാസം 27 ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; കേരള പദയാത്രയുടെ സമാപന സമ്മേളനം നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് കെ സുരേന്ദ്രൻ; ഭാരത് അരിക്കെതിരെ പ്രചാരണം നടത്തുന്നതു അരി ലോബിയെ സഹായിക്കാൻ വേണ്ടിയെന്നും ആരോപണം
അങ്കമാലി: കേരള പദയാത്രയുടെ സമാപന സമ്മേളനം ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യുമെന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ നരേന്ദ്ര മോദിക്കുള്ള അംഗീകാരം വർദ്ധിച്ചുവരുകയാണെന്നും ഇതാണ് കേരള പദയാത്രയുടെ വൻ വിജയത്തിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. കേരള പദയാത്രയുടെ ഭാഗമായി അങ്കമാലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ സമരാഗ്നി നനഞ്ഞ പടക്കമായി മാറി. ഈ ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കോൺഗ്രസ് പൂർണമായും ഇല്ലാതാവും. കോൺഗ്രസ് സംസ്ഥാന സർക്കാരിന്റെ ജനദ്രോഹം ചോദ്യം ചെയ്യാൻ തയാറാവുന്നില്ല. എന്നാൽ കേരള പദയാത്ര ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന യാത്രയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സപ്ലൈകോയിലെ അവശ്യ സാധനങ്ങൾക്ക് വിലവർധിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇതുപോലെ ഒരു ജനവിരുദ്ധ സർക്കാർ കേരള ചരിത്രത്തിൽ വേറെയില്ല. സപ്ലൈകോയിൽ വില കൂടിയാൽ എല്ലാ സാധനങ്ങൾക്കും വില കൂടും. വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. കേന്ദ്ര സർക്കാർ സൗജന്യ അരി വിതരണം ചെയ്യുമ്പോഴാണ് സംസ്ഥാനം ജനവഞ്ചന നടത്തുന്നത്. സപ്ലൈകോയിൽ നേരത്തേതന്നെ സർക്കാർ ഒരു സഹായവും ചെയ്തില്ല. ഇപ്പോൾ അത് പൂട്ടിക്കാൻ ശ്രമിക്കുന്നു. ആന്ധ്ര അരി ലോബിയെ സഹായിക്കാൻ വേണ്ടിയാണിത്. ഭാരത് അരിക്കെതിരെ പ്രചരണം നടത്തുന്നതും അരി ലോബിയെ സഹായിക്കാൻ വേണ്ടിയാണ്.
കോഴിക്കോട് കുറ്റ്യാടിയിൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് മാനേജ്മെന്റ് ഗണപതി ഹോമം നടത്തിയതിനെതിരെ കേസെടുത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്. മനേജരെ കസ്റ്റഡിയിലെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. സിപിഎമ്മിൽ ചേക്കേറിയ പിഎഫ്ഐക്കാർ ബഹളം വച്ചതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം മതഭീകരവാദികളെ സന്തോഷിപ്പിക്കാനാണ് ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്നത്.
എന്തുകൊണ്ടാണ് കെഎസ്ഐഡിസിയിൽ ഉന്നത സ്ഥാനങ്ങളിലിരുന്നവർ വിരമിച്ചശേഷം ചില കമ്പനികളുടെ തലപ്പത്ത് വരുന്നത്? മാസപ്പടിയുടെ പ്രത്യുപകാരമാണോ ഇതെന്ന് സംശയമുണ്ട്. കെഎസ്ഐഡിസി മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഷെൽ കമ്പനിയെ പോലെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്കും മകൾക്കും മാസപ്പടി വാങ്ങാൻ സർക്കാർ സംവിധാനം ഉപയോഗിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ