പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്തത് ഏകപക്ഷീയമായിട്ടാണെന്ന ആരോപണവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെ പി മധു. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നടപടിക്കെതിരെയാണ് വിമർശനം ഉന്നയിച്ചത്.

ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുൽപ്പള്ളിയിൽ സംഘർഷം ഉണ്ടായതെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. പുൽപ്പള്ളി സംഘർഷത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു. ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

പുൽപ്പള്ളിയിലെ സംഘർഷത്തിൽ ഏകപക്ഷീയമായിട്ടാണ് കേസെടുക്കുന്നതെന്നും എന്നാൽ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വാർത്താ സമ്മേളനം വിവാദമായതോടെ പറഞ്ഞ വാക്കിൽ മലക്കം മറിഞ്ഞ്, അത്തരത്തിൽ ഒന്ന് താൻ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം തിരുത്തി.

വാർത്താ സമ്മേളനത്തിൽ പറഞ്ഞത്; 'സർവ്വകക്ഷി യോഗത്തിൽ തീരുമാനം പറയുന്ന അവസരത്തിൽ ചില ളോഹ ഇട്ട ആളുകളാണ്, വിടരുതെടാ പിടിക്കെടാ തല്ലെടാ എന്ന് പറഞ്ഞ് ആക്രോശം മുഴക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പ്രകോപിതരായത്. അതിന് ശേഷമാണ് സംഘർഷമുണ്ടായത്. കുപ്പിയും കല്ലും വലിച്ചെറിയുന്ന സ്ഥിതിവിശേഷത്തിലേക്ക് പോയത്. അത്തരം പ്രകോപനപരമായ കാര്യങ്ങൾ പറയുന്നവരുടെ പേരിൽ കേസില്ല. ഏകപക്ഷീയമായിട്ട്, ഒരു കക്ഷിയെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ഇത് ബിജെപി അംഗീകരിക്കില്ല. പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിച്ച ശേഷം കേസെടുക്കണം. ആ സാഹചര്യം സൃഷ്ടിച്ചത് സർക്കാരാണ്'

എന്നാൽ വാർത്താ സമ്മേളനം വിവാദമായതോടെ മധു തന്റെ വാക്കുകളിൽ മലക്കം മറിഞ്ഞു. ളോഹ ഇട്ട ആളുകളാണ് കലാപാഹ്വാനം ചെയ്തത് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പുൽപ്പള്ളിയിൽ ഉണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണ്. ഇതിന് കാരണക്കാർ സംസ്ഥാന സർക്കാരാണ്. മന്ത്രിതല സമിതി വന്നതുകൊണ്ട് കാര്യമില്ല, സംഘത്തെ തടയും. ചർച്ചകൾക്ക് പ്രസക്തിയില്ല. മുഖ്യമന്ത്രി വയനാട്ടിൽ എത്തണം- മധു കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുകയാണ്. പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പുൽപ്പള്ളിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുൽപ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ആളുകളെ തിരിച്ചറിയുന്നത്.