- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്ന് മാനന്തവാടി രൂപത ബിഷപ്പ്
മാനന്തവാടി: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ പ്രദേശവാസികളുടെ ജീവൻ നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസ് എടുത്തതിൽ സർക്കാരിനെ വിമർശിച്ച് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. പുൽപള്ളി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകൾ പിൻവലിക്കണമെന്ന് ബിഷപ്പ് മാർ ജോസ് പൊരുന്നേടം പറഞ്ഞു.
പൊലീസ് യുവതി യുവാക്കൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാൻ നിൽക്കുന്നവരാണ്. കേസ് അവരുടെ ഭാവി ഇല്ലാതാക്കും. കേസെടുത്താൽ ഇപ്പോൾ വയനാട് നേരിടുന്ന പ്രശ്നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു. സർക്കാർ ഇക്കാര്യത്തിൽ അവധാനത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനന്തവാടി ബിഷപ്പ് ഹൗസിൽ ഗവർണർക്കൊപ്പം നടന്ന പരിപാടിക്കിടെയാണ് ബിഷപ്പ് കേസെടുത്തതിനെ വിമർശിച്ചത്.
അറിഞ്ഞ് കൊണ്ട് ചെയ്യുന്നതും പ്രത്യേക വികാരത്തിന്റെ പുറത്ത് ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഈ രീതിയിൽ പ്രശ്നങ്ങളെ കാണാനാണ് താത്പര്യം. കേസ് പുതുതലമുറയെ ബാധിക്കും. ഇവിടുത്തെ ജനങ്ങൾ നിരാശരാണ്. അവരുടെ പ്രതീക്ഷയാണ് കുട്ടികൾ. അവധാനതയോട് കൂടി തീരുമാനാം എടുക്കണമെന്നാണ് അധികൃതരോട് പറയാനുള്ളത്. നിയമം കൊണ്ട് ആരെയും വേട്ടയാടരുത്.
നഷ്ടപരിഹാര ശുപാർശ ആര് ആരോട് ചെയ്യുന്നുവെന്നതാണ് കാര്യം. നഷ്ടപരിഹാരമെന്നത് ഒരു കുടുബത്തിന് താത്കാലിക ആശ്വാസമാണ്. എന്തുകൊണ്ട് തുക അഞ്ച് ലക്ഷമായി നിജപ്പെടുത്തുന്നു. വന്യ ജീവികൾക്ക് വേണ്ടി എത്രയോ തുക നൽകുന്നു. എന്തുകൊണ്ട് ഈ തുക അർഹത ഉള്ളവർക്ക് കൊടുത്ത് കൂടായെന്നും അദ്ദേഹം ചോദിച്ചു
സർക്കാർ ഇടപെടലുകൾക്ക് വേഗം പോരാ എന്ന് മാനന്തവാടി ബിഷപ്പ് പറഞ്ഞു. പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമായി ഇടപെടുന്നില്ല എന്നും ബിഷപ്പ് ആരോപിച്ചു. വിഷയത്തിൽ ഗവർണറോടും ബിഷപ്പ് പരാതി അറിയിച്ചു. നിവേദനങ്ങൾ വായിച്ച് ബന്ധപ്പെട്ടവരിലെത്തിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. കാര്യങ്ങളെല്ലാം വേണ്ടവരോട് ബോധിപ്പിക്കാം. വയനാട്ടിലെ ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നും ഗവർണർ പറഞ്ഞു.
ഇതിനിടെ, പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെപി മധുവിന്റെ പരാമർശത്തിനും ബിഷപ്പ് മറുപടി നൽകി. പരാമർശം വിവാദമായതിന് പിന്നാലെ ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് കെപി മധു വിശദീകരിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റിന് അവരുടെ നിലപാട് അവരുടെ നിലപാട് ഉണ്ടാകുമെന്ന് ബിഷപ്പ് പറഞ്ഞു. അവരുടെ നിലപാട് അവർക്കെടുക്കാമെന്നും സഭയ്ക്ക് സഭയുടെ നിലപാടുണ്ടെന്നും പ്രാദേശിക നേതാവിന്റെ വാക്കിന് ആ വിലയെ നൽകുന്നുള്ളുവെന്നും ബിഷപ്പ് തുറന്നടിച്ചു.
വയനാട് പുൽപ്പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി. പരാതി ഇല്ലെന്ന് പറഞ്ഞിട്ടും താൻ അടക്കമുള്ള ജനപ്രതിനിധികളെ ആക്രമിച്ചെന്ന പേരിൽ പൊലീസ് കേസ് എടുത്തത് വനം മന്ത്രിക്ക് സുരക്ഷിതമായി വയനാട് സന്ദർശിക്കാനെന്ന് ടി സിദ്ദീഖ് എംഎൽഎ ആരോപിച്ചു. ളോഹയിട്ടവരാണ് സംഘർഷത്തിന് ആഹ്വാനം നൽകിയതെന്ന ആരോപണവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെപി മധുവും രംഗത്തെത്തി.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ പോളിന്റെ മൃതശരീരവുമായി പുൽപ്പള്ളി ടൗണിൽ ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിന്റെയും തുടർന്നുണ്ടായ സംഘർഷങ്ങളുടെയും പേരിൽ നാലു കേസുകളാണ് പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്തത്.
എംഎൽഎമാരായ ടി സിദ്ദീഖിനെയും ഐസി ബാലകൃഷ്ണനെയും ആക്രമിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ, മൃഗശല്യം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ ജനങ്ങൾക്ക് മേൽ കുതിര കയറുന്നുവെന്നാണ് കേസ് എടുത്ത നടപടിയെക്കുറിച്ചുള്ള ടി സിദ്ദീഖിന്റെ പ്രതികരണം.സമരത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാത്ത പക്ഷം കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു.
അതിനിടെ, കലാപത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസ് എടുക്കാതെ ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രമാണ് കേസ് എടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെപി മധു ആരോപിച്ചു.കേസ് എടുത്തതിൽ രാഷ്ട്രീയം കാണേണ്ടെന്നും പൊതുമുതൽ നശിപ്പിച്ചവർക്കെതിരെയാണ് കേസ് എടുത്തതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ വിശദീകരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാളെ നടക്കുന്ന സർവകക്ഷി യോഗത്തിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും എകെ ശശീന്ദ്രൻ അറിയിച്ചു.