കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി നടപടിയും എക്‌സാലോജിക്കിനെതിരായ അന്വേഷണവും സിപിഎമ്മിനെതിരായ പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കാട്ടാൻ കോൺഗ്രസ് നേതൃത്വം. ഒരേ സമയം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതൃത്വത്തെയും പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിൽ ആരോപണം കടുപ്പിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് എത്തി. കെപിസിസിയുടെ 'സമരാഗ്‌നി' യാത്രയുടെ ഭാഗമായി എറണാകുളത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ ഇരുവരും ഈ വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. തിരഞ്ഞെടുപ്പു പ്രചരണത്തിലെ ചൂടുള്ള രണ്ടു വിഷയങ്ങളായിരിക്കും ഇവ എന്നും ഇതോടെ ഉറപ്പായി.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുക മാത്രമല്ല, ശിക്ഷ വർധിപ്പിക്കുകയും ചെയ്ത ഹൈക്കോടതി നടപടിയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ അടിക്കാനുള്ള വടിയായാണ് കോൺഗ്രസ് നേതൃത്വം വീണ്ടും വിഷയം പൊടിതട്ടിയെടുക്കുന്നത്. രൂക്ഷവിമർശനവും ആരോപണങ്ങളുമാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പിണറായി വിജയനും സിപിഎമ്മിനുമെതിരെ ഇന്ന് നടത്തിയത്. അതേ സമയം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്ത് വന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ അകത്താകേണ്ടവർ ഇനിയുമുണ്ടെന്നാണു സുധാകരൻ പറഞ്ഞത്. രണ്ട് ജില്ലകളിലെ പാർട്ടി ക്രിമിനലുകളാണു കൊലപാതകത്തിൽ പങ്കെടുത്തതെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ഇതു നടക്കില്ലെന്നും സുധാകരൻ പറഞ്ഞു. "കണ്ണൂരിൽനിന്നുള്ള ക്രിമിനലുകൾ കോഴിക്കോടെത്തി കൃത്യം നടത്തണമെങ്കിൽ പിണറായി വിജയന്റെ അനുമതിയും അറിവും ഉണ്ടാകാനാണു സാധ്യത. അനുകൂല വിധി വാങ്ങാൻ പോയവർക്ക് അധിക ശിക്ഷ കിട്ടുന്ന സാഹചര്യമാണ്. ടിപി അടക്കമുള്ള കൊലപാതകങ്ങൾക്കു പിന്നിൽ ഒരു ശക്തി മാത്രമാണുള്ളത്. ആ ഉന്നത നേതാവാരെന്ന് ആലോചിച്ചാൽ കിട്ടും" സുധാകരൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. തന്റെ ഇടവും വലവുമുണ്ടായിരുന്ന ഇരുപത്തിയെട്ടോളം പേർ കൊല്ലപ്പെട്ടു എന്നും വടക്കൻ മലബാറിലെ ഈ കൊലപാതകങ്ങളുടെ ഒക്കെ പിന്നിൽ ഈ ഉന്നത നേതാവാണെന്നും സുധാകരൻ ആരോപിച്ചു.

"ജയിലുകളിൽ അവസാന വാക്ക് കൊടി സുനിയുടേതാണ്. സിപിഎമ്മും ക്വട്ടേഷൻ സംഘങ്ങളും തമ്മിൽ അഭേദ്യബന്ധമാണുള്ളത്. കൊടി സുനിയാണ് ജയിൽ ഭരിക്കുന്നത്, സൂപ്രണ്ടല്ല" സുധാകരൻ പറഞ്ഞു. മുൻകൂട്ടി വെല്ലുവിളിച്ചതു പോലെ തന്നെ സിപിഎം ചന്ദ്രശേഖരന്റെ കൊലപാതകം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ യഥാർഥ ഉത്തരവാദികൾ ഇപ്പോഴും പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സുധാകരൻ ടി.പി.ചന്ദ്രശേഖരൻ വധത്തെക്കുറിച്ചു സംസാരിച്ചതിനുശേഷമായിരുന്നു എക്‌സാലോജിക് വിഷയത്തിൽ വി.ഡി.സതീശന്റെ ആക്രമണം.

എക്‌സാലോജിക്കിനെതിരായ അന്വേഷണം മൂടിവയ്ക്കാൻ പിണറായിയും കേന്ദ്ര സർക്കാരുമായി ധാരണയുണ്ടാക്കിയോ എന്നാണ് പ്രതിപക്ഷ നേതാവ് ഇന്ന് ഉന്നയിച്ച പ്രധാന ചോദ്യം. വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് 5 ചോദ്യങ്ങൾ ഉന്നയിക്കുന്നു എന്നും ഇതിനു മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്നു വർഷക്കാലം ഇതു മൂടിവച്ചത് ബിജെപി - സിപിഎം ധാരണ മൂലമാണോ? ഈ ചോദ്യത്തിനു ബിജെപി നേതാക്കൾക്കും മറുപടി പറയാവുന്നതാണെന്ന് സതീശൻ പറഞ്ഞു.

ഏതൊക്കെ ഏജൻസികളാണ് എക്സാലോജിക്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമോ എന്നതാണ് രണ്ടാമത്തെ ചോദ്യം. സിഎംആർഎലിനു പുറമേ നിരവധി സ്ഥാപനങ്ങൾ മാസപ്പടി നൽകിയിരുന്നുവെന്ന് എക്സാലോജിക്കിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽനിന്ന് വ്യക്തമാണ്. ആ സ്ഥാപനങ്ങൾ ഏതൊയൊക്കെയാണെന്നു വ്യക്തമാക്കാമോ എന്നു സതീശൻ ചോദിച്ചു. ഈ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ എന്തെങ്കിലും നികുതിയിളവ് കൊടുത്തിട്ടുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണം എന്നതാണു മറ്റൊരു ആവശ്യം. സിഎംആർഎലിന്റെ ഉടമകളുടെ തന്നെ എൻബിഎഫ്സിയായ എംപവർ ഇന്ത്യ എന്ന സ്ഥാപനത്തിൽനിന്ന് എക്സാലോജിക് വൻതുക വായ്പയായി എടുത്തിട്ടുണ്ട്. എന്നാൽ ഈ തുകയുടെ വലിയൊരു ഭാഗം എക്സാലോജിക്കിന്റെ അക്കൗണ്ടിൽ വന്നിട്ടില്ല? ഈ പണം എവിടേക്ക് പോയി, ആരാണ് വാങ്ങിയത്? എന്ന് മുഖ്യമന്ത്രി മറുപടി പറയണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

എക്‌സാലോജിക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പലതും പുറത്തു വന്നു കഴിഞ്ഞതാണെങ്കിലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കാൻ ഇതിനു സാധിക്കുന്നുണ്ടെന്ന തിരിച്ചറിവിലാണു കോൺഗ്രസ് നേതൃത്വം. അതുകൊണ്ടു തന്നെ വരുംദിവസങ്ങളിൽ ഈ വിഷയങ്ങളിൽ ശക്തമായ ആക്രമണം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഉറപ്പാണ്. അപ്രതീക്ഷിതമായി അതിനിടയിൽ വീണുകിട്ടിയതാണ് ടി.പി.ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി. വിധിയെ സിപിഎം സ്വാഗതം ചെയ്‌തെങ്കിലും സമൂഹത്തിൽ ഈ വിഷയം ചർച്ചയാക്കുക എന്നു തന്നെയാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത് എന്നതു വ്യക്തം. രണ്ടു വിഷയങ്ങളിലും കേന്ദ്രസ്ഥാനത്തുള്ളത് പിണറായി വിജയനാണ് താനും.

പിണറായി വിജയൻ ജയിലിൽ കിടക്കേണ്ട സമയം കഴിഞ്ഞുവെന്ന് കെ. സുധാകരൻ നേരത്തെ വിമർശിച്ചിരുന്നു. ലൈഫ് മിഷൻ കേസിൽ ശിവശങ്കർ അകത്ത് പോയെങ്കിൽ പിണറായി വിജയനും ജയിലിൽ കിടക്കേണ്ടതല്ലെയെന്നും അദ്ദേഹം ചോദിച്ചു. സമരാഗ്‌നി വേദിയിലായിരുന്നു വിമർശനം. ഫെബ്രുവരി 9 ന് തുടങ്ങിയ സമരാഗ്‌നി പ്രക്ഷോഭ യാത്ര 10 ദിവസം പിന്നിട്ടാണ് എറണാകുളം ജില്ലയിൽ പ്രവേശിച്ചത്.ആലുവയിൽ നടന്ന പൊതുസമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സമരം നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ചു.

മറൈൻഡ്രൈവിൽ നടന്ന പൊതുസമ്മേളനം തെലുങ്കാന ഉപ മുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക ഉദ്ഘാടനം ചെയ്തു.കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ.ജെ ജോർജ് സമ്മേളനത്തെ അഭിസംബോധന ചെയ്തു.നാളെ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായി കെ. സുധാകരനും വി.ഡി സതീശനും കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂവാറ്റുപുഴയിൽ ജില്ലയിലെ അവസാന പൊതുസമ്മേളനം നടക്കും. പിന്നീട് സമരാഗ്‌നി പ്രക്ഷോഭയാത്ര ഇടുക്കി ജില്ലയിലേക്ക് കടക്കും.