- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ഭരണത്തെ വിമർശിച്ച് സുരേന്ദ്രന്റെ പദയാത്രാഗാനം; ട്രോൾ പൂരം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന കേരള പദയാത്രയുടെ നോട്ടീസിന് പിന്നാലെ പ്രചരണ ഗാനവും പാളിയതോടെ കടുത്ത വിമർശനം. കേന്ദ്രഭരണം അഴിമതിക്ക് പേരുകേട്ടതെന്നാണ് പദയാത്ര ഗാനത്തിലെ വരികൾ. കേന്ദ്രത്തിലെ അഴിമതി ഭരണം തച്ചുടയ്ക്കാൻ അണിനിരക്കണമെന്നും ഗാനത്തിൽ ആഹ്വാനം. പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് കേന്ദ്രത്തെ വിമർശിക്കുന്ന ഗാനം പുറത്തുവന്നത്.
പൊന്നാനിയിലെ പദയാത്രാ ഗാനത്തിലാണ് ഗുരുതര തെറ്റുകളുണ്ടായിരിക്കുന്നത്. ഐ.ടി. സെല്ലിന് പറ്റിയ പിഴവെന്നാണ് വിഷയത്തിൽ ബിജെപി കേന്ദ്രങ്ങളുടെ വിശദീകരണം. വിവാദമായതോടെ ഔദ്യോഗിക പേജുകളിൽ നിന്ന് ഗാനം നീക്കം ചെയ്തു. നേരത്തെ, പദയാത്രയുടെ നോട്ടീസിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണമെന്ന് അച്ചടിച്ചത് ഏറെ വിമർശമങ്ങൾക്ക് വഴിവച്ചിരുന്നു.
'എസ്സി, എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം' എന്ന് നോട്ടിസിൽ എഴുതി അമളി പിണഞ്ഞതിനു പിന്നാലെയാണ് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഗാനവുമായി കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര വീണ്ടും വിവാദക്കുരുക്കിലായത്. പദയാത്രയോട് അനുബന്ധിച്ചു പുറത്തിറക്കിയ ഗാനത്തിലെ 'അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാൻ അണിനിരക്ക കൂട്ടരേ' എന്ന വരിയാണ് സംസ്ഥാന ബിജെപിക്ക് കുരുക്കായത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്തെ വിമർശിക്കുന്ന വരികൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസ് ഈ വരികൾ ഉൾപ്പെടുന്ന സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
"ദുരിതമേറ്റു വാടി വീഴും പതിതകോടിമാനവർക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ...പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാൻ ഞങ്ങളുണ്ട് കൂട്ടരേ..."
എന്ന 'സ്വാഭാവിക വരികൾക്കു പിന്നാലെയാണ്, നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന 'അസ്വാഭാവിക' വരികൾ. 'അഴിമതിക്കു പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടയ്ക്കാൻ അണിനിരക്ക കൂട്ടരേ...' എന്നാണ് വരികൾ.
ഇതിനു പിന്നാലെ താമരപ്പൊൻ കൊടി പിടിക്കാനും ഈ ഗാനത്തിൽ ആഹ്വാനമുണ്ട്. കേന്ദ്ര സർക്കാരിനെ അഴിമതിക്കാരെന്നു വിശേഷിപ്പിക്കുന്ന വരികളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസമാണ് ഉയരുന്നത്.
പ്രമുഖ നേതാക്കൾ മുതൽ ഇടതുപക്ഷ, കോൺഗ്രസ് സൈബർ ഇടങ്ങളിൽ വരെ ഗാനത്തിനെതിരെ പരിഹാസം ഉയർന്നുകഴിഞ്ഞു. ആദ്യമായിട്ടാണ് സുരേന്ദ്രന്റെ പരിപാടിയിൽ നിന്നും സത്യം കേൾക്കുന്നതെന്നായിരുന്നു ഫിറോസ് ഫേസ്‌ബുക്കിൽ കുറിച്ചത്.
ബിജെപി. സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ. ചെയർമാനുമായ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ജനുവരി 27-ന് കാസർകോട് നിന്നാണ് ആരംഭിച്ചത്. 'മോദിയുടെ ഗാരന്റി, പുതിയ കേരളം' എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് യാത്ര. സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും പര്യടനത്തിനുശേഷം ഫെബ്രുവരി 27-ന് പാലക്കാട് യാത്ര സമാപിക്കും.