തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർ സ്ഥാനത്തേക്കുള്ളവരുടെ സർക്കാർ പട്ടിക തിരിച്ചയച്ചത് നിയമപരമായി യോഗ്യത ഇല്ലാത്തവരായതിനാലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിജിലൻസ് അന്വേഷണം നേരിടുന്നവർ വരെ ഈ പട്ടികയിലുണ്ട്. നടപടിക്രമം പാലിച്ചാണ് പട്ടിക തിരിച്ചയതെന്നും ഗവർണർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോടതി നിർദ്ദേശം അനുസരിച്ചാണ് നാല് സർവകലാശാല വിസിമാർക്ക് ഹിയറിങ് നടത്തിയത്. തുടർ നടപടികൾക്ക് സമയമെടുക്കും. ഓപ്പൺ യൂണിവേഴ്സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ട സമയമല്ലെന്നും ഗവർണർ പറഞ്ഞു.

ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നാലു വിസിമാർക്ക് അവരുടെ ഭാഗം പറയാൻ രാജ്ഭവനിൽ ഹിയറിങ് വെച്ചിരുന്നു. അതിന് കാത്ത് നിൽക്കാതെ ഓപ്പൺ സർവ്വകലാശാല വിസി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് നൽകുകയായിരുന്നു. ഡിജിറ്റൽ വിസി സജി ഗോപിനാഥ് നേരിട്ടെത്തി. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനാണ് ഹിയറിങ്ങിന് വന്നത്. സംസ്‌കൃത വിസിയുടെ അഭിഭാഷകൻ ഓൺലൈൻ വഴി പങ്കെടുത്തു. യുജിസി ജോയിന്റ് സെക്രട്ടറിയും യുജിസിയുടെയും ഗവർണ്ണറുടെയും സ്റ്റാൻഡിങ് കൗൺസിൽമാരും ഹിയറിങ്ങിൽ ഉണ്ടായിരുന്നു. യുജിസി റഗുലേഷൻ പ്രകാരമുള്ള മാനദണ്ഡപ്രകാരമല്ല വിസിമാരുടെ നിയമനമെന്നാണ് യുജിസി പ്രതിനിധി ഹിയറങ്ങിൽ എടുത്ത നിലപാട്.