കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാംസീറ്റിനുവേണ്ടിയുള്ള മുസ്ലിംലീഗിന്റെ അവകാശവാദം കോൺഗ്രസിനുണ്ടാക്കുന്നത് വമ്പൻ തലവേദന. മൂന്നാംസീറ്റ് നൽകുന്നതിലുള്ള ബുദ്ധിമുട്ട് കോൺഗ്രസ് നേതൃത്വം ലീഗ് നേതാക്കളെ ഉഭയകക്ഷി ചർച്ചയിൽ അറിയിച്ചു. ഒഴിവുവരുന്ന രാജ്യസഭാസീറ്റ് നൽകുന്ന കാര്യം പരിഗണിക്കാമെന്നും നിർദ്ദേശിച്ചു. ഇതിനെല്ലാം ഉപരി ഈ വിഷയം യുഡിഎഫിന് തിരിച്ചടിയാകുമെന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു കോൺഗ്രസ്. രാജ്യസഭാ സീറ്റിൽ പോലും കരുതലോടെ മാത്രമേ തീരുമാനം വരൂ.

ജൂലായിൽ ഒഴിവുവരുന്ന മൂന്നുസീറ്റിൽ രണ്ടെണ്ണം എൽ.ഡി.എഫിന് ജയിക്കാൻ കഴിയുമ്പോൾ ഒന്നാണ് യു.ഡി.എഫിന് ലഭിക്കുക. അത് കോൺഗ്രസ് വേണ്ടെന്ന് വച്ചാൽ രാജ്യസഭയിൽ രണ്ട് ലീഗ് അംഗങ്ങളും ഒരു കോൺഗ്രസ് അംഗവുമായി മാറും. അവരെല്ലാം ഒരേ സമുദായത്തിൽനിന്നുള്ളവർ കൂടിയായാൽ പ്രതിസന്ധി പുതിയ തലത്തിലെത്തും. കോൺഗ്രസ് രാഷ്ട്രീയത്തിൽ സാമുദായിക അസന്തുലിതാവസ്ഥയുണ്ടാക്കിയെന്ന ആരോപണം കോൺഗ്രസ് നേരിടേണ്ടിവരും. അഞ്ചാം മന്ത്രിപദ വിവാദമാണ് കേരളത്തിൽ ബിജെപിയെ വളർത്തിയത്. സമാന രാഷ്ട്രീയ അവസ്ഥ വീണ്ടും ഉണ്ടാകും. അതുകൊണ്ട് തന്നെ കരുതലോടെ തീരുമാനം എടുക്കണമെന്നാണ് കോൺഗ്രസ് ആവശ്യം.

നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് കാലത്ത് അഞ്ചാംമന്ത്രിസ്ഥാനത്തിനായി ലീഗ് യു.ഡി.എഫിൽ പിടിമുറുക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആ തിരഞ്ഞെടുപ്പിൽ ബിജെപി ഏറെ നിർണ്ണായകമായി. അതുകൊണ്ട് സമാനസാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന ചിന്തയാണ് സമവായം സ്വീകരിക്കാൻ മുസ്ലിം ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലുമുണ്ട്. കോൺഗ്രസുമായുള്ള രണ്ടുമണിക്കൂറിലധികംനീണ്ട ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് മുമ്പോട്ട് വച്ച രാജ്യസഭാ സീറ്റ് എന്ന നിർദ്ദേശം ലീഗ് നേതാക്കൾ തത്ത്വത്തിൽ അംഗീകരിച്ചു. അതോടെ സീറ്റ് സംബന്ധിച്ച യു.ഡി.എഫിലെ ഉഭയകക്ഷിചർച്ചകൾ അവസാനിച്ചു.

27ന് ചേരുന്ന മുസ്ലിംലീഗ് നേതൃയോഗത്തിൽ കോൺഗ്രസ് മുന്നോട്ടുവെച്ച കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുക്കും. അന്നുതന്നെ ലീഗിന്റെ സ്ഥാനാർത്ഥിപ്രഖ്യാപനവും ഉണ്ടായേക്കും. രാജ്യസഭാസീറ്റ് പിന്നീടുള്ള കാര്യമാണെന്നും ഇപ്പോൾ ലോക്സഭാസീറ്റാണ് വേണ്ടതെന്നുമുള്ള വാശിയോടെയാണ് ലീഗ് നേതൃത്വം ചർച്ചയ്‌ക്കെത്തിയത്. മൂന്നാം സീറ്റ് ആവശ്യപ്പെടാൻ ലീഗിനുള്ള അവകാശം കോൺഗ്രസ് അംഗീകരിച്ചപ്പോഴും, അത് നൽകുന്നതിൽ തങ്ങൾക്കുള്ള സാങ്കേതികബുദ്ധിമുട്ടാണ് നേതാക്കൾ അവതരിപ്പിച്ചത്. ഇത് ഏതാണ്ട് സമവായത്തിൽ എത്തിക്കുകയും ചെയ്തു.

ചർച്ചകൾക്കൊടുവിൽ ലീഗ് നേതാക്കൾ ആലുവ പാലസിൽനിന്ന് സംതൃപ്തിയോടെയാണ് പുറത്തുവന്നത്. ചർച്ച അനുകൂലവും തൃപ്തികരവുമായിരുന്നെന്ന് ലീഗ് നേതാക്കൾ പ്രതികരിച്ചു. കോൺഗ്രസിനുവേണ്ടി നേതാക്കളായ കെ. സുധാകരൻ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരും ലീഗിനുവേണ്ടി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.എം.എ. സലാം, എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.