തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാർത്ഥിയായി നടി ശോഭനയുടെ പേര് നിർദ്ദേശിച്ചെന്ന് വെളിപ്പെടുത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

"ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശോഭന സ്ഥാനാർത്ഥിയാകണം. തിരുവനന്തപുരത്തു നിന്ന് അവർ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു."സുരേഷ് ഗോപി വ്യക്തമാക്കി.

തൃശ്ശൂരിൽ മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിയോടൊപ്പം ശോഭന പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. വനിതാ സംവരണ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദിപറഞ്ഞ ശോഭന, മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും പറഞ്ഞിരുന്നു. ഇത്രയധികം സ്ത്രീകളെ ഒരുമിച്ച് കാണുന്നത് ഇതാദ്യമായിട്ടാണെന്നും അവർ പറഞ്ഞിരുന്നു. ഒരു ആരാധികയുടെ ജീവിതത്തിലെ വലിയ നിമിഷമായിരുന്നുവെന്ന് ഇതേക്കുറിച്ച് പിന്നീട് ശോഭന ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു.

മോദിയുടെ നേതൃത്വത്തിൽ വനിതാസംവരണ ബിൽ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്നും ജനുവരി മൂന്നിനു നടന്ന സമ്മേളനത്തിൽ അവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നതിന്റെ ചിത്രം 'ഹ്യൂജ് ഫാൻ മൊമന്റ്' എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമ്മാതാവ് സുരേഷ്‌കുമാറിന്റെയും പേരുകൾ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന് അഭ്യൂഹമുയർന്നത്.