- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം ഇത്തവണ ബിജെപിക്ക് രണ്ടക്ക സീറ്റ് നൽകും: പ്രധാനമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയോടുള്ള പ്രതീക്ഷ വിശ്വാസമായി മാറിയിരിക്കുന്നുവെന്നും ഇത്തവണ രണ്ടക്ക സീറ്റ് കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ എൻഡിഎ നാന്നൂറിലധികം സീറ്റുകൾ നേടുമെന്നും കേരളം അതിന്റെ ഭാഗമാകുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2019 നെക്കാൾ ആവേശം ഇപ്പോൾ കാണുന്നു. 2024 ൽ പ്രതിപക്ഷം പരാജയം ഉറപ്പാക്കി കഴിഞ്ഞു. പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന നാടാണ്. നാടിന്റെ വികസനത്തിനു വേണ്ടി കേരളം ബിജെപി യെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണ്. അതാണ് മോദിയുടെ ഗ്യാരണ്ടി- പ്രധാനമന്ത്രി പറഞ്ഞു.
വികസന കാര്യത്തിൽ കേന്ദ്രസർക്കാർ ഒരിക്കലും രാഷ്ട്രീയം നോക്കിയിട്ടില്ല. രാജ്യത്തിന്റെ സമ്പൂർണ വികസനത്തിനൊപ്പം കേരളം വളരണം എന്നാണ് നാം ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെയാണ് കേരളത്തിന് അവകാശപ്പെട്ടതെല്ലാം എത്തിച്ചതെന്നും അദേഹം പറഞ്ഞു.
കേരളത്തോടോ മറ്റൊരു സംസ്ഥാനത്തോടോ കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. വിഹിതം തുല്യമായി നൽകുന്നു. കേരള സർക്കാരിന്റെ നിസ്സഹകരണം ഉണ്ടായിട്ടും സംസ്ഥാനത്തിന് വലിയ പരിഗണന നൽകുന്നു. അഞ്ചരക്കോടി രൂപ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചു. 50 ലക്ഷം മുദ്ര വായ്പ വിതരണം ചെയ്തു. 32 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ജല ജീവൻ മിഷൻ വഴി കുടി വെള്ളം നൽകിയെന്നും മോദി പറഞ്ഞു.
കോൺഗ്രസ് - സി പി എം മുന്നണികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിന് കോൺഗ്രസിനെ അടിയറവച്ചു. ഇതേ പാതയിലാണ് സി പി എമ്മും സഞ്ചരിക്കുന്നത്. കോൺഗ്രസ് - സി പി എം തർക്കം നാടകമാണ്. കേരളത്തിന് പുറത്ത് ഇവർ ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവറാണ്. ജാതി- മത പരിഗണനയില്ലാതെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതാകും മൂന്നാം മോദി സർക്കാർ. മുത്തലാഖ് പോലുള്ള കാര്യങ്ങൾ പൂർണമായും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റും - ഇതാണ് മോദിയുടെ ഗ്യാരണ്ടി. അഴിമതിക്കാർ എന്തെങ്കിലും തെറ്റു ചെയ്യുന്നതിന് മുൻപ് നൂറുവട്ടം ചിന്തിക്കേണ്ടിവരും - ഇതാണ് മോദിയുടെ ഗ്യാരണ്ടി. കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുതിയ വഴിതുറക്കും - ഇതാണ് മോദിയുടെ ഗ്യാരണ്ടി. മോദുയുടെ മൂന്നാം സർക്കാർ സമസ്ത മേഖലയിലും വികസനം ഉറപ്പാക്കും- ഇതാണ് മോദിയുടെ ഗ്യാരണ്ടി- പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ എന്റെ സഹോദരി സഹോരന്മാരെ എല്ലാവർക്കും എന്റെ നമസ്കാരം. അനന്തപത്മാനഭന്റെ അനുഗ്രഹത്തോടെയും നിങ്ങളുടെ സ്നേഹത്തോടെയുമാണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. തിരുവനന്തപുരത്ത് വരാൻ എപ്പോഴും എനിക്ക് സന്തോഷമുണ്ട്. ഊഷ്മളതയും വാത്സല്യവുമുള്ള ആളുകളാൽ നിറഞ്ഞതാണ് ഈ നഗരം. കഴിഞ്ഞ വർഷം ഞാൻ എത്തിയപ്പോൾ ആയിരക്കണക്കിന് ആളുകൾ എന്നെ അനുഗ്രഹിക്കാൻ വഴിയോരങ്ങളിൽ തടിച്ചുകൂടിയിരുന്നത് ഞാൻ ഓർക്കുന്നു. കേരളത്തിലെ ജനങ്ങളിൽ നിന്ന് എനിക്ക് വളരെയധികം സ്നേഹമാണ് ലഭിക്കുന്നത്.
കേരളത്തിലെ ജനങ്ങൾക്കിടയിൽ മറ്റൊരു തലത്തിലുള്ള ആവേശമുണ്ട്. 2019ൽ കേരളത്തിൽ ബിജെപി ഉയർത്തിയ പ്രതീക്ഷ 2024ൽ ആത്മവിശ്വാസമായി മാറുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. 2019ൽ കേരളത്തിലെ ജനങ്ങൾ ബിജെപി-എൻഡിഎക്ക് വോട്ട് ചെയ്തത് ഇരട്ട അക്കത്തിലാണ്. 2024ൽ കേരളത്തിലെ ജനങ്ങൾ നമുക്ക് ഇരട്ട അക്ക സീറ്റുകൾ നൽകും. 2019ൽ രാജ്യം 'ഫിർ ഏക് ബാർ മോദി സർക്കാർ' എന്ന മുദ്രാവാക്യം ഏറ്റെടുത്തു, എന്നാൽ 2024ൽ എല്ലാവരും പറയുന്നത് 'അബ്കി ബാർ, 400 പാർ' എന്നാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം പ്രതിപക്ഷം അംഗീകരിച്ച് കഴിഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് അവർക്ക് ഒരു റോഡ് മാപ്പില്ല, അതിനാൽ മോദിയെ അധിക്ഷേപിക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് അവർക്കുള്ളത്. ഇത്തരം നിഷേധാത്മക ചിന്തകളുള്ളവർക്കൊപ്പം കേരളം ഒരിക്കലും നിൽക്കില്ലെന്നും രാഷ്ട്രനിർമ്മാണത്തിനായി കേരളം ബിജെപിയെയും എൻഡിഎയെയും അനുഗ്രഹിക്കുമെന്നും എനിക്കറിയാം. ജനങ്ങൾ തെരുവിൽ ബിജെപിക്കൊപ്പം തോളോട് തോൾ ചേർന്ന് നടക്കുന്നുണ്ട്, അത് തന്നെയാണ് വലിയ സന്ദേശമെന്നും അദേഹം പറഞ്ഞു.
കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ശിൽപ്പങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സമ്മാനിച്ചു. സീതാരാമ ലക്ഷ്മണ ഹനുമദ് ശിൽപ്പം, അയോദ്ധ്യാ രാമക്ഷേത്രത്തിലെ രാംലല്ലയുടെ ശിൽപ്പം, പത്മനാഭ സ്വാമിയുടെ ശിൽപ്പം എന്നിവയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയെ താമരഹാരം അണിയിച്ചാണ് ബിജെപി പ്രവർത്തകർ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
പതിനായിരക്കണക്കിന് ജനങ്ങളാണ് കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനായി സെൻട്രൽ സ്റ്റേഡിയത്തിലെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ 1,800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. വി എസ്എസ് സിയിൽ നടന്ന പരിപാടിയിൽ ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാനിൽ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്ന യാത്രികരുടെ പേരുകൾ പ്രഖ്യാപിക്കുകയും അവർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.