- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയർത്തിയ വിധി സ്വാഗതം ചെയ്യുന്നു; ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ട്'; നിയമ പോരാട്ടം തുടരുമെന്ന് കെ കെ രമ; തിരശ്ശീലയ്ക്ക് പിന്നിലുള്ളവർ പുറത്തുവരേണ്ടതുണ്ടെന്ന് ആർഎംപി നേതൃത്വം
കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഉയർത്തിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഭാര്യയും എംഎൽഎയുമായ കെ കെ രമ. ഹൈക്കോടതി തീരുമാനം നല്ല വിധിയെന്നായിരുന്നു കെ കെ രമയുടെ പ്രതികരണം. അഭിപ്രായ വ്യത്യാസത്തിനെ പേരിൽ ആരെയും കൊല്ലാൻ പാടില്ലെന്നതിനുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ തീരുമാനം എന്നും കെ കെ രമ പ്രതികരിച്ചു.
വധശിക്ഷ ആവശ്യപ്പെട്ട് അപ്പീൽ പോകുന്നത് ഉൾപ്പെടെ ആലോചിക്കുമെന്നും ഗൂഢാലോചന ഇനിയും പുറത്തു വരാനുണ്ടെന്നും കെ കെ രമ പറഞ്ഞു. നിയമപോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാവർക്കും കെ കെ രമ നന്ദി അറിയിച്ചു.
താനും ഒരു രാഷ്ട്രീയ പ്രവർത്തകയാണെന്നും തന്റെ ജീവനും ഇനി ഭീഷണി ഉണ്ടാവരുതെന്നും അതിന് ടിപി വധക്കേസിലെ വിധി സഹായകരം ആകണമെന്ന് കെ കെ രമക്കുവേണ്ടി അഭിഭാഷകൻ ഹൈക്കോടതിയിൽ പറഞ്ഞു.
അതേസമയം, വിധിയെ സ്വാഗതം ചെയ്യുമ്പോഴും ടിപി വധക്കേസുമായി ബന്ധപ്പെട്ട് തിരശ്ശീലയ്ക്ക് പിന്നിലുള്ളവർ പുറത്തുവരേണ്ടതുണ്ടെന്ന് ആർഎംപി നേതൃത്വം പ്രതികരിച്ചു. തെളിവില്ലെന്നതിന്റെ പേരിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ആർഎംപി നേതാവ് എൻ വേണു പ്രതികരിച്ചു. വിധി പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിക്ക് പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി എം സി അനൂപ്, രണ്ടാം പ്രതി കിർമ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടി കെ രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവരെ കൊലപാതകം കൂടാതെ ഗൂഢാലോചന കൂടി ഉൾപ്പെടുത്തി നിലവിലെ ജീവപര്യന്തത്തിനു പുറമേ മറ്റൊരു ജീവപര്യന്തം കൂടി ഉൾപ്പെടുത്തിയാണ് ഹൈക്കോടതി വിധിച്ചത്.
ആറാം പ്രതി അണ്ണൻ സിജിത്തിന്റെ ശിക്ഷ വർധിപ്പിച്ചിട്ടില്ല. കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, വായപ്പടച്ചി റഫീഖ് എന്നിവരുടെ ശിക്ഷ വർധിപ്പിച്ചിട്ടില്ല. എന്നാൽ, ഈ പ്രതികൾക്കൊന്നും 20 വർഷം കഴിയാതെ പരോളിനോ ശിക്ഷ ഇളവിനോ അർഹതയുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വധശിക്ഷയായി ഉയർത്തണമെന്ന ആവശ്യത്തിൽ ഹൈക്കോടതി ഇന്നലെയും ഇന്നും വാദം കേട്ടു. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളുടെയും ഏഴാം പ്രതിയുടെയും ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി. 20 വർഷം ഇവർക്ക് ശിക്ഷാ ഇളവോ പരോളോ ഉണ്ടാവില്ല.
ഒന്നാം പ്രതിയായ എംസി അനൂപ്, രണ്ടാം പ്രതി കിർമ്മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാം പ്രതി ടികെ രജീഷ് , അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കണം. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. ആറാം പ്രതി അണ്ണൻ സിജിത്ത്, എട്ടാം പ്രതി കെ സി രാമചന്ദ്രൻ, പത്താം പ്രതി കെകെ കൃഷ്ണൻ, പതിനൊന്നാം പ്രതി ട്രൗസർ മനോജൻ, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവർ ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയ്ക്ക് ഏഴരലക്ഷം രൂപയും മകൻ അഭിനന്ദിന് അഞ്ച് ലക്ഷം രൂപയും പ്രതികൾ പിഴയായി നൽകണം.
പ്രതികൾക്ക് നൽകിയ ജീവപര്യന്തം തടവുശിക്ഷ അപര്യാപ്തമാണെന്നും നീതി ലഭിക്കാൻ വധശിക്ഷയാണ് ഉചിതമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മറ്റ് കേസുകളിൽ നിന്ന് വ്യത്യസ്തമാണ് ടിപി കേസ്. സാധാരണ കൊലപാതക കേസല്ല ഇത്. ആര് കൊന്നു, എന്തിന് കൊന്നു എന്നതാണ് പ്രധാനം. വർഷങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകം നടത്തിയത്. ആശയം മാറിയതിനുള്ള കൊലപാതകമാണെന്നും ഇതിന് ന്യായീകരണമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ശിക്ഷ ഉയർത്താനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കാൻ പ്രോസിക്യൂട്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങൾ രണ്ട് പ്രതികൾക്ക് അനുകൂല ഘടകങ്ങൾ ആണെന്നും ഹൈക്കോടതി പറഞ്ഞു. എന്നാൽ വധശിക്ഷ നൽകാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പക്ഷം. പ്രോബേഷണറി ഓഫീസർമാരുടെ റിപ്പോർട്ടുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും പ്രതികൾക്ക് മാനസിക പരിവർത്തന സാധ്യത ഇല്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ടികെ രജീഷിനെതിരെ കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അനൂപിനെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും പരോളിൽ ഇറങ്ങിയപ്പോൾ മയക്കുമരുന്ന് കേസിൽ പ്രതിയായിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു.
തെളിവുകൾ പൂർണ്ണമായും ഉൾക്കൊള്ളുന്ന വിധിയല്ല വിചാരണ കോടതിയിൽ നിന്ന് ഉണ്ടായതെന്നും എല്ലാ തെളിവുകളും പരിഗണിച്ച് വധശിക്ഷ നൽകണമെന്നും കെ കെ രമയുടെ അഭിഭാഷകൻ വാദിച്ചു. പ്രോസിക്യൂട്ടർ നടത്തിയത് രാഷ്ട്രീയ പ്രസംഗം ആണെന്നും ശിക്ഷ ഉയർത്തുന്നതിൽ മതിയായ കാരണമില്ലെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം. ശിക്ഷ ഉയർത്താൻ ശക്തമായ കാരണം വേണം. ഈ കേസിൽ അത്തരം കാരണം ഇല്ല. ജീവപര്യന്തം വധശിക്ഷയായി ഉയർത്തുന്നത് അപൂർവമാണ് അതിന് ശക്തമായ കാരണം വേണം. ഇത് ആദ്യ രാഷ്ട്രീയ കൊലപാതകം അല്ലെന്നും പ്രതിഭാഗം വാദിച്ചു.
രാഷ്ട്രീയ കൊലപാതകം നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള വെല്ലുവിളിയാണ് രാഷ്ട്രീയ കൊലപാതകം. വാടകക്കൊലയാളികളെ വെച്ചുള്ള കൊലപാതകമാണ്. എന്തുകൊണ്ട് വധശിക്ഷ നൽകിക്കൂടെന്നു ചോദിച്ച ഹൈക്കോടതി പ്രതികൾ പരിവർത്തനത്തിന് തയ്യാറാണോയെന്നും ആരാഞ്ഞു.
ടി പി ചന്ദ്രശേഖരൻ കൊലപാതക കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നതിൽ ഇന്നലെയും വാദം നടന്നിരുന്നു. നിപരാധികളെന്നും ശിക്ഷ ഇളവ് നൽകണമെന്നും പ്രതികൾ വാദിച്ചു. ആരോഗ്യപ്രശ്നങ്ങളും പ്രതികൾ ഹൈക്കോടതിയെ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, വധശിക്ഷ നൽകരുതെന്നും ഒന്നാം പ്രതി എം സി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയിൽ ഇളവ് നൽകണമെന്ന് കിർമ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ