- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനം; കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; ഞങ്ങൾ കോടതി വിധിയെ മാനിക്കുന്നു; തിരഞ്ഞെടുപ്പ് സമയത്ത് ചർച്ചാവിഷയമാക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല'; വടകരയിൽ എൽഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് കെ.കെ ശൈലജ
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ചർച്ച ചെയ്യപ്പെടേണ്ടതല്ല ടി.പി. ചന്ദ്രശേഖരൻ വധക്കേസെന്ന് മുന്മന്ത്രി കെ.കെ. ശൈലജ. സിപിഎം. സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനമെന്നും അതിനെ മാനിക്കുമെന്നും അവർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.കെ. ശൈലജ.
കോൺഗ്രസ് എംപിമാർ പാർലമെന്റിൽ കേരളത്തിനു വേണ്ടി പ്രതികരിച്ചില്ലെന്നും അവിടെയും അവർ എൽഡിഎഫിനോട് പ്രതിപക്ഷ മനോഭാവമാണ് സ്വീകരിക്കുന്നതെന്നും കെ.കെ.ശൈലജ കുറ്റപ്പെടുത്തി. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിനും ഇടതുപക്ഷ അംഗങ്ങളുടെ പാർലമെന്റിലെ പങ്കാളിത്തം അനിവാര്യമാണ്. വടകര മണ്ഡലം ഇത്തവണ എൽഡിഎഫിന് അനുകൂലമായി ജനവിധി ഉണ്ടാകുമെന്നും ശൈലജ പറഞ്ഞു.
'ടി.പി. കേസിൽ കോടതി വിധിയാണ് പ്രധാനം, അതൊരു തിരഞ്ഞെടുപ്പ് രംഗത്തെ, പ്രത്യേകിച്ച് പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ അതൊരു ചർച്ചാവിഷയമാക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. വടകര നിയോജക മണ്ഡലത്തിലെ ജനങ്ങളും അങ്ങനെയൊരു ചർച്ചാവിഷയമാക്കി മാറ്റാൻ ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. കോടതി വിധി അനുസരിച്ച് കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, ഞങ്ങൾ കോടതി വിധിയെ മാനിക്കുന്നു,' - കെ.കെ. ശൈലജ പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ പാർലമെന്റിലെ പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും പ്രധാനപെട്ട ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തികളെയടക്കം ഇത്തവണ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചതിലൂടെ കേന്ദ്രത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശബ്ദം എത്തേണ്ടതിനെ സംസ്ഥാന നേതൃത്വം എത്രത്തോളം ഗൗരവകരമായാണ് കാണുന്നത് എന്ന് മനസിലാക്കണമെന്നും കെ.കെ. ശൈലജ പറഞ്ഞു.
'ഇവിടുത്തെ പ്രതിപക്ഷമാണെന്ന് കരുതി പാർലമെന്റിലും ഇടതുമുന്നണിയുടെ പ്രതിനിധികളോട് പ്രതിപക്ഷ മനോഭാവമാണ് കോൺഗ്രസ് പ്രതിനിധികൾ കാണിക്കുന്നത്. കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുമ്പോഴും കേരളത്തിന് അവകാശപ്പെട്ട എയിംസ് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെയിരിക്കുമ്പോഴും അവ ലഭിക്കാനായി വാശിയോടെ പാർലമെന്റിൽ സംസാരിക്കാൻ കോൺഗ്രസിന്റെ ജനപ്രതിനിധികൾ തയ്യാറായില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ ബ്ലോക്ക് പാർലമെന്റിൽ ഉണ്ടാകണം. കേരളത്തിലെ ജനങ്ങളും അത് ആഗ്രഹിക്കുന്നു എന്നാണ് കരുതുന്നത്,' - കെ.കെ. ശൈലജ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനും കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾ ഇന്ത്യൻ പാർലമെന്റിൽ പ്രതിഫലിപ്പിക്കാൻ ഇടതുപക്ഷ എംപിമാർക്ക് സാധിക്കുമെന്നും ഇന്ത്യയിലാകെ നിറഞ്ഞു നിൽക്കുന്ന പാർട്ടി അല്ലെങ്കിൽപോലും ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തേയും സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നൽകാൻ കഴിയുന്നത് ഇടതുപക്ഷത്തിനാണെന്നും കെ.കെ. ശൈലജ പറഞ്ഞു.
'എംഎൽഎയും മന്ത്രിയുമായിരുന്ന സമയത്ത് എങ്ങനെ പ്രവർത്തിച്ചുവോ അതുപോലെ ഏറ്റവും ഊർജസ്വലമായി മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി പദ്ധതികൾ ഉണ്ടാക്കുകയും എല്ലാവരേയും കൂട്ടിയോജിപ്പിച്ച് അതിന് നേതൃത്വം കൊടുത്ത് പ്രവർത്തിക്കുവാൻ തയ്യാറാവുകയും ചെയ്യും. വടകരയിലെ നിഷ്പക്ഷരുടെ വോട്ടുകൾ ഇത്തവണ എൽ.ഡി.എഫ്. മുന്നണിക്ക് തന്നെ ലഭിക്കും. നിപയുടേയും മറ്റും സമയത്ത് ഒറ്റക്കെട്ടായി തനിക്കൊപ്പം നിന്നവരാണ് കോഴിക്കോട്ടുകാർ ഈ തിരഞ്ഞെടുപ്പിന്റെ സമയത്തും അവർ അങ്ങനെ കൂടെനിൽക്കുമെന്നാണ് വിശ്വാസം,' - കെ.കെ. ശൈലജ പറഞ്ഞു.
''ഇത്തവണ കേരളത്തിലെ 20 പാർലമെന്റ് മണ്ഡലത്തിൽനിന്നും ഇടതുപക്ഷ സ്ഥാനാർത്ഥികൾ വിജയിക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിന് ഇടതുപക്ഷ അംഗങ്ങളുടെ പാർലമെന്റിലെ പങ്കാളിത്തം അനിവാര്യമായി മാറുന്നു എന്നതാണ് വസ്തുത. സിപിഎം ഇന്ത്യയിലാകെ നിറഞ്ഞു നിൽക്കുന്ന പാർട്ടിയല്ലെങ്കിലും രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിൽ ഏറ്റവും വലിയ സംഭാവന ആശയങ്ങളിലൂടെ നൽകാനാവുന്ന പാർട്ടിയാണ്. സിപിഐയും എൽഡിഎഫിലെ മറ്റു കക്ഷികളും അങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ പാർലമെന്റിൽ നടത്തേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ ഇതിനോടകം ജനങ്ങൾക്കറിയാം. കേരളത്തിന് അവകാശപ്പെട്ട നികുതിവിഹിതവും പദ്ധതികളും നമുക്ക് നേടിയെടുക്കേണ്ടതുണ്ട്. പാർലമെന്റിൽ ശബ്ദമുയർത്താൻ നമുക്കാവണം. കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാർ കേരളത്തിനു വേണ്ടി പ്രതികരിച്ചില്ല എന്നത് സങ്കടകരമായ വസ്തുതയാണ്. എത്രയോ തവണ സംസ്ഥാനം ആവശ്യപ്പെട്ട എയിംസിനു വേണ്ടി വാദിക്കാൻ കോൺഗ്രസ് എംപിമാർ തയാറായില്ല. പാർലമെന്റിലും എൽഡിഎഫിനോട് പ്രതിപക്ഷ മനോഭാവമാണ് കോൺഗ്രസ് കാണിക്കുന്നത്. കേരളത്തിനു വേണ്ടി സംസാരിക്കാൻ ഇടത് എംപിമാർ പാർലമെന്റിൽ എത്തേണ്ടത് അനിവാര്യമാണ്.
വടകരയിൽ പാർട്ടി അനുഭാവികൾക്കു പുറമെ നിഷ്പക്ഷരായി നിൽക്കുന്നവരും ചേർന്ന് എൽഡിഎഫിന് അനുകൂല വിധിയെഴുതും. പ്രധാന ചുമതലകൾ വഹിക്കുന്നവരെ ഉൾപ്പെടെ സ്ഥാനാർത്ഥികളാക്കി നിശ്ചയിച്ചിട്ടുണ്ട്. അത്രയും ഗൗരവത്തിലാണ് പാർട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇടത് എംപിമാർക്കു മാത്രമേ മണ്ഡലത്തിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളൂ. കാർഷിക, വ്യാവസായിക മേഖലകളിലെ നിരവധി പ്രശ്നങ്ങളിൽ ഇനിയും പരിഹാരം കാണേണ്ടതായിട്ടുണ്ട്'' ശൈലജ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ