- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരാഗ്നി പ്രക്ഷോഭ യാത്ര കോൺഗ്രസിനെ മാറ്റിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ കെപിസിസി സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നിക്ക് നാളെ പുത്തരിക്കണ്ടം മൈതാനിയിലെ ഉമ്മൻ ചാണ്ടി നഗറിൽ സമാപനം കുറിക്കും. ജാഥ ഇവിടെ അവസാനിക്കുന്നില്ല, ജനകീയ പ്രതിരോധത്തിന്റെ തുടക്കമാണ്. അതിന് കോൺഗ്രസിനെ സജ്ജമാക്കാനുള്ള ആത്മവിശ്വസത്തോടെ, ജനകീയ പ്രതിരോധത്തിന്റെ ആവേശക്കടൽ തീർത്താണ് സമരാഗ്നി തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. അഗ്നിയിൽ സ്ഫുടം ചെയ്ത കാരിരുമ്പുപോലെ സമരാഗ്നി പ്രക്ഷോഭ യാത്ര കോൺഗ്രസിനെ മാറ്റിയെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.
സമരാഗ്നിയിൽ വിഡി സതീശൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ
സമകാലിന കേരളീയ സമൂഹത്തെ ആഴത്തിൽ തൊട്ടറിയാനും കേട്ടറിയാനും ഞങ്ങൾക്ക് സാധിച്ചു. പിണറായി സർക്കാർ താറുമാറാക്കിയ ജനജീവിതത്തിന്റെ വിവിധ തുറകളിൽനിന്നെത്തിയവർ നെഞ്ച് പൊട്ടുന്ന നൊമ്പരങ്ങളാണ് പങ്കുവെച്ചത്. നരേന്ദ്ര മോദിയുടെയും പിണറായി സർക്കാരിന്റെയും ഭരണം തകർത്ത ജീവിതങ്ങൾ കണ്ട് ഞങ്ങൾ തരിച്ചുപോയി. കോട്ടയത്ത് ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ ലക്ഷ്മിയമ്മയും മകളും ഞങ്ങളോട് ആവശ്യപ്പെട്ടത് അടച്ചുറപ്പുള്ള വീടാണ്. പനച്ചിക്കാട് പഞ്ചായത്തിൽ 3 സെന്റ് സ്ഥലം സൗജന്യമായി നൽകാമെന്ന് കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ ഞങ്ങളെ അറിയിച്ചപ്പോൾ ലക്ഷ്മിയമ്മയുടേയും മകളുടേയും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സാമ്പത്തിക സഹായം കെപിസിസി ഏറ്റെടുത്തത്
ജനകീയ ചർച്ച സദസ്സിൽ ജനങ്ങൾ സമർപ്പിച്ച പരാതികളിൽ സർക്കാർ തലത്തിൽ ഇടപെടൽ നടത്താൻ സാധ്യമായതെല്ലാം കോൺഗ്രസ് ചെയ്യും. പരാതികളിൽ നിയസഭയിൽ അവതരിപ്പിക്കേണ്ടതും കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതും പ്രക്ഷോഭം ആരംഭിക്കേണ്ടതുമായ വിഷയങ്ങൾ തരംതിരിച്ച് പരിശോധിക്കാൻ പഴകുളം മധു ചെയർമാനും സജീവ് ജോസഫ് കൺവീനറുമായ സമിതിയുണ്ട്. ലഭിച്ച പരാതികളിൽ തുടർ പ്രവർത്തനം നടത്താൻ ജില്ലകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ജനങ്ങളിൽ നിന്ന് ലഭിച്ച പ്രധാന നിർദ്ദേശങ്ങൾ യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തും.
ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും അതിൽ നേരിട്ടു പങ്കുള്ളവരും ശിക്ഷിക്കപ്പെട്ടെങ്കിലും ഗൂഢാലോചന നടത്തിയവർ ഇപ്പോഴും നിയമത്തിന് പുറത്താണ്. ടിപി വധക്കേസിലെ ഗൂഢോലോചനക്കേസിൽ നീതി കിട്ടുന്നതുവരെ പോരാടും. കോൺഗ്രസ് പിറകേയുണ്ടെന്ന് ഞാനവരെ ഓർമിപ്പിക്കുകയാണ്. ടിപി കൊലക്കേസിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ് സ്വയം വെള്ളപൂശാൻ ശ്രമിച്ചവർക്ക് ഹൈക്കോടതി നൽകിയ ഈ പ്രഹരത്തിന് 51 വെട്ടിന്റെ അപ്പുറത്തുള്ള കാഠിന്യം തന്നെയുണ്ട്. സിപിഎം ഒരു കൊലയാളി പാർട്ടിയാണെന്നു ഹൈക്കോടതി വിധി വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കണ്ണൂർ നേതാക്കൾ രക്തദാഹികളാണെന്ന് ജനങ്ങൾക്ക് നേരത്തെ തന്നെ ബോധ്യമായിട്ടുണ്ട്. സിപിഎം നേതാക്കളെ ശിക്ഷിച്ചതോടെ പാർട്ടിക്ക് ഈ കൊലപാതകവുമായുള്ള ബന്ധം കോടതി ശരിവച്ചു. കൊലയാളികൾക്ക് യഥേഷ്ടം കിട്ടിക്കൊണ്ടിരുന്ന തുടർച്ചയായ പരോൾ പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണകൊണ്ടാണെന്ന് കോടതിക്കു ബോധ്യമായി. കൊലയാളികൾക്ക് പാർട്ടി നല്കുന്ന സംരക്ഷണവും സാമ്പത്തിക സഹായവുമൊക്കെ പകൽപോലെ വ്യക്തമാക്കപ്പെട്ടു. ടിപി ചന്ദ്രശേഖരനെ കൊന്നവരുടെ പാർട്ടി ഭരണത്തിലിരിക്കുമ്പോൾ പ്രതികൾക്ക് ജയിലിൽ സുഖജീവിതം ആയിരിക്കുമെന്ന് തിരിച്ചറിവിൽ നിന്നാണ് കോടതി ഇരട്ട ജീവപര്യന്തത്തോടൊപ്പം പ്രതികൾക്ക് അടുത്ത 20 വർഷത്തേക്ക് പരോൾ നൽകരുതെന്നും വിധിച്ചത്.
പാർലമെന്റിലെ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളിലൊന്ന് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം തന്നെ ആയിരിക്കും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം മൂലം ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയുടെ പ്രതിനിധിയായി രാഷ്ട്രീയത്തിൽ കടന്ന് വന്ന വ്യക്തിയാണ് ഞാൻ. ജനാധിപത്യത്തിന്റെ ചെറുവെളിച്ചം പോലുമില്ലാത്ത പാർട്ടി ഗ്രാമങ്ങൾ എത്രയോ കണ്ണൂരിലുണ്ട്. അത്തരത്തിലുള്ള പാർട്ടി ഗ്രാമങ്ങളായി കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് പിണറായി വിജയൻ നടത്തുന്നത്. ഇത്തരം പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെ വെളിച്ചം കൊണ്ടുവരുന്നതിനാണ് എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം പോരാടിയത്. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ആപത്ത് കേരളീയ പൊതുസമൂഹത്തിന് മുന്നിൽ എന്നും ഉറക്കെ വിളിച്ച് പറയുന്നതും, സിപിഎമ്മിന്റെ ഭീകര മുഖം തുറന്ന് കാട്ടാൻ ശ്രമിക്കുന്നതും അതിന്റെ തീവ്രത നേരിട്ട് അനുഭവിച്ച ആളെന്ന നിലയിലാണ്. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ അതിജീവിച്ച് ജനാധിപത്യത്തിന്റെ ശബ്ദം ഉയർത്തിപിടിക്കുന്നതിന് വേണ്ടി ഒട്ടനവധി പോരാട്ടം നടത്തിയ ശേഷമാണ് ഞാൻ ഇന്ന് കെപിസിസി അധ്യക്ഷ പദവിയിൽ ഇരിക്കുന്നത്. എന്റെ രാഷ്ട്രീയ ജീവിതം സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുക എന്നതായിരുന്നു. സമരാഗ്നിയുടെ ഭാഗമായി കേരളീയ സമൂഹത്തെ അതു ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞു.
കണ്ണൂർ മോഡൽ പാർട്ടി ഗ്രാമങ്ങളും കുടിൽ വ്യവസായം പോലുള്ള ബോംബ് നിർമ്മാണവും കൊലപാതക രാഷ്ട്രീയവും കേരളം മുഴുവൻ വ്യാപിപ്പിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യം. അതിന്റെ ട്രയൽ റണ്ണായിരുന്നു രക്ഷാപ്രവർത്തനം എന്ന ഓമനപ്പേരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെഎസ്.യു പ്രവർത്തകർക്കെതിരെ സിപിഎം ക്രിമിനലുകൾ നടത്തിയ നരനായാട്ട്. പിണറായി വിജയന്റെ രക്തദാഹം അടങ്ങുന്നില്ലെന്ന് തെളിവാണത്. പിണറായിയുടെ രാഷ്ട്രീയം ഉന്മൂലന സിദ്ധാന്തത്തിൽ ഉരുത്തിരിഞ്ഞതാണ്. അത് കേരളം ഞെട്ടലോടെയാണ് തിരിച്ചറിയുന്നത്. സിപിഎമ്മിന്റെ അക്രമ-കൊലപാത രാഷ്ട്രീയത്തിനെതിരായ ജാഗ്രത ജനങ്ങൾക്ക് ഇടയിൽ കൊണ്ടുവരുക എന്നതും സമരാഗ്നിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
സമരാഗ്നിയുടെ ഭാഗമായി സംഘടിപ്പിച്ച 30 ലധികം പൊതുസമ്മേളനങ്ങൾ ജനനിബിഡമായിരുന്നു. ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമാണ് സമരാഗ്നി ജാഥയുടെ പൊതുസമ്മേളനങ്ങളിൽ പങ്കെടുത്തത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളോടുള്ള ജനങ്ങളുടെ എതിർപ്പും വെറുപ്പും എത്രമാത്രമാണെന്ന് ഈ മഹാസമ്മേളനങ്ങൾ വരച്ചുകാട്ടി. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സമരാഗ്നി പ്രക്ഷോഭയാത്രയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായി പങ്കെടുക്കും.കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉൾപ്പെടെ കേരളത്തിലെ കോൺഗ്രസിന്റെ മുഴുവൻ മുതിർന്ന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസും യു.ഡി.എഫും പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ജനവിധി എഴുതുന്ന തിരഞ്ഞെടുപ്പായിരിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുൻ കാലത്തേക്കൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിലെ പിണറായി യുഗത്തിന് അന്ത്യം കുറിക്കും. പിണറായി സർക്കാരിന് വാട്ടർലൂ ആയിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി. ജനം വെറുത്ത, മോദി-പിണറായി സർക്കാരുകൾക്കെതിരായ ജനരോഷം കേരളത്തിൽ യു.ഡി.എഫ് തരംഗമായിമാറും.