തിരുവനന്തപുരം: സമരാഗ്‌നി സമാപന സമ്മേളനത്തിന്റെ അവസാനം എല്ലാ അർത്ഥത്തിലും വിവാദത്തിൽ. ദേശീയഗാനം തെറ്റിച്ചു പാടിയ കോൺഗ്രസ് നേതാവ് പാലോട് രവിയും നേതാക്കളുടെ പ്രസംഗം തീരും മുമ്പേ പിരിഞ്ഞു പോയ പ്രവർത്തകരുമെല്ലാം പ്രതിസന്ധിയായി. സമരാഗ്നി തീർന്നു. ഇനി പ്രചരണത്തിലേക്കാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നങ്ങളെല്ലാം അതിവേഗം കോൺഗ്രസ് നേതൃത്വം മറക്കും.

സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയഗാനം പാടാൻ ആരംഭിക്കുകയുമായിരുന്നു. എന്നാൽ വരികൾ തെറ്റിയതോടെ സിദ്ദിഖ് ഇടപെട്ടു. 'അവിടെ സിഡി ഇട്ടോളും' എന്നു പറഞ്ഞ് രവിയെ മൈക്കിനു മുന്നിൽനിന്നു മാറ്റി. ഒടുവിൽ വനിതാ നേതാവ് എത്തിയാണ് ദേശീയഗാനം പൂർത്തിയാക്കിയത്. ഇതിനൊപ്പമാണ് കസേരകൾ കാലിയായതിൽ സുധാകരൻ അമർഷം കാട്ടിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവിടെ ഇടപെട്ടു.

സമരാഗ്‌നിയുടെ സമാപന വേദിയിലാണ് ദേശീയ ഗാനം കോൺഗ്രസ് നേതാവ് പാലോട് രവി തെറ്റിച്ച് പാടിയത്. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കൾ വേദിയിലുള്ളപ്പോഴാണ് ദേശീയ ഗാനം തെറ്റായി പാടിയത്. ദേശീയ ഗാനം ആലപിക്കാനായി മൈക്കിന് മുന്നിൽ എത്തിയ പാലോട് രവി, ജനങ്ങളോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നു. പിന്നാലെ തന്നെ ഗാനം ആലപിക്കാനും ആരംഭിച്ചു. "ജനഗണ മംഗള ദായക ജയഹേ.." എന്ന് പാടിയതും അടുത്ത് നിന്നിരുന്ന ടി.സിദ്ദിഖ് പാലോട് രവിയെ തട്ടിമാറ്റി മൈക്ക് പൊത്തി. "സിഡി ഇരിപ്പുണ്ട്, അത് ഇടാം" എന്നും സിദ്ദിഖ് വേദിയിൽ പറയുന്നു.

ദേശീയ ഗാനം തെറ്റിച്ച് പാടിയ പാലോട് രവിയെ നോക്കി കൊടിക്കുന്നിൽ സുരേഷ് എംപി പൊട്ടിച്ചിരിക്കുന്നതും പുറത്തു വന്ന വീഡിയോയിൽ കാണാം. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത കോൺഗ്രസ് നേതാക്കളെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വന്നു തുടങ്ങി. കഴിഞ്ഞ ദിവസം കെ.സുധാകരന് പകരം ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് സമരാഗ്‌നിയുടെ വേദിയിൽ വച്ച് ആന്റോ ആന്റണി എംപി സ്വാഗതം നേർന്നതും വലിയ ചർച്ചയായിരുന്നു. ഇതിലും വലയാണ് തിരുവനന്തപുരത്ത് സംഭവിച്ചത്.

നേരത്തേ, സമാപന സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ പിരിഞ്ഞുപോയതിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മുഴുവൻ സമയം പ്രസംഗം കേൾക്കാൻ പറ്റില്ലെങ്കിൽ എന്തിനു വന്നെന്നായിരുന്നു സുധാകരന്റെ ചോദ്യം. ലക്ഷക്കണക്കിന് രൂപ മുടക്കിയാണു സമ്മേളനം സംഘടിപ്പിക്കുന്നതെന്നും രണ്ടുപേർ സംസാരിച്ചു കഴിയുമ്പോഴേക്കും ആളുകൾ പോകുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മറുപടി നൽകി. "മൂന്നുമണിക്കു കൊടുംചൂടിൽ വന്നുനിൽക്കുന്നവരാണ്. അഞ്ചുമണിക്കൂർ തുടർച്ചയായി ഇരുന്നു. 12 പേർ പ്രസംഗിച്ചു. അതിനാൽ പ്രവർത്തകർ പോയതിൽ പ്രസിഡന്റ് വിഷമിക്കേണ്ട" സതീശൻ പറഞ്ഞു. അങ്ങനെ ആ പ്രശ്‌നം തണുപ്പിക്കുകയായിരുന്നു സതീശൻ.