മലപ്പുറം: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ ദുരൂഹ മരണത്തിൽ എം.എസ്.എഫുകാരനാണെന്ന് അവകാശപ്പെട്ട് വാർത്താസമ്മേളനം നടത്തിയ വിദ്യാർത്ഥിക്ക് സംഘടനയുമായി ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി.കെ നവാസ്.സിപിഎം കുടുംബ പശ്ചാത്തലമുള്ള വിദ്യാർത്ഥിയാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതെന്നും പി.കെ നവാസ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. വിദ്യാർത്ഥി ഇപ്പോഴും എസ്എഫ്ഐ കസ്റ്റഡിയിലാണെന്ന സംശയവും പി.കെ നവാസ് ഉന്നയിച്ചു.

പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും സിദ്ധാർത്ഥിന്റെ മരണത്തിൽ എസ് എഫ് ഐയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നായിരുന്നു എം എസ് എഫ് പ്രവർത്തകൻ എന്നവകാശപ്പെട്ട വിദ്യാർത്ഥി പറഞ്ഞത്.

പി.കെ നവാസിന്റെ കുറിപ്പിന്റെ പൂർണ രൂപം:

ആ രക്തക്കറ എംഎസ്എഫ് ചെലവിൽ കഴുകിക്കളയണ്ട... മൂന്നു ദിവസം തടവിലാക്കി തല്ലിക്കൊന്നിട്ട് തന്നെ വേണോ എംഎസ്എഫിന്റെ പേരിൽ ഈ കള്ളം മെനയൽ ഹോസ്റ്റലിലെ ഒരു എസ്എഫ്ഐ അംഗം തനിക്ക് പറ്റിയ നാല് പേരെ വെച്ച് നടത്തിയ നാടകം വളരെ നീചമായ പ്രവർത്തിയാണ്.

എം.എസ്.എഫുമായി യാതൊരു ബന്ധവുമില്ലാത്ത അന്വോഷണത്തിൽ തികഞ്ഞ സിപിഎം പശ്ചാത്തലമുള്ള കുടുംബാംഗമായ ഒരാളാണ് എംഎസ്എഫ് ആണെന്ന അവകാശ വാദവുമായി വന്നിരിക്കുന്നത്.

എസ്എഫ്ഐ സമ്മേളനത്തിൽ പരസ്യമായി പങ്കെടുത്ത അദ്ധ്യാപകർ ഈ കേസിലുണ്ട്.

പ്രതികളിൽ പലരും പിടിക്കപ്പെടുന്നത് പാർട്ടി ഓഫീസിൽ നിന്ന്. ഈ കേസ് അട്ടിമറിക്കാൻ പൊലീസ് നടത്തിയ നീക്കം വളരെ വ്യക്തമാണ്.

പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ ആനയിക്കുന്നത് സിപിഎം നേതാക്കളാണ്.

ഇത്രയും വ്യക്തമായ സിപിഎമ്മിന്റെ ഗൂഢാലോചന നടന്ന ഈ കേസിൽ ഇനിയും ആരെ പറ്റിക്കാനാണ് സിപിഎമ്മും എസ്.എഫ്.ഐയും ചേർന്ന് ഈ നാടകം കളിക്കുന്നത്??

നിങ്ങൾ എം.എസ്.എഫ് വേഷമണിയിച്ച് കൊണ്ടുവന്ന ആ വിദ്യാർത്ഥി നിങ്ങളുടെ പ്ലാൻ പ്രകാരം കളിച്ചതാണോ അതോ നിങ്ങളുടെ കസ്റ്റഡിയിൽ നിന്ന് ഇപ്പോഴും അവൻ മോചിതനായിട്ടില്ലേ??

ഇത്രയും നാൾ ഈ വിദ്യാർത്ഥികളെ നിങ്ങൾ എവിടെ തടവിൽ വെച്ചിരുന്നു.

ഒരുത്തനെ തല്ലി തല്ലി മൂന്നു ദിവസമെടുത്തുകൊന്ന് കളയുന്നത് വരെ വേദനിക്കാത്ത ഹൃദയങ്ങൾക്കും പ്രതികരിക്കാത്ത മനസ്സുകൾക്കും ചാനലിൽ എസ്.എഫ്.ഐക്കെതിരെ വാർത്ത വരുമ്പോൾ മാത്രം വേദന വരുന്നതും പ്രതികരണ ശേഷി തിരിച്ച് കിട്ടുന്നതും കാണുമ്പോൾ ഒന്നുറപ്പിച്ച് പറയാം ഈ നാടകം കൊണ്ടൊന്നും സിദ്ധാർത്ഥിന്റെ രക്തക്കറ മായിച്ച് കളയാൻ എസ്എഫ്ഐക്കാവില്ല.

അതേ സമയം സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് എം എസ് എഫ്. നേതൃത്വം ആവശ്യപ്പെട്ടു. സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. അന്വേഷണത്തിൽ വിശ്വാസമില്ലെന്നും എംഎസ്എഫ് വ്യക്തമാക്കി.

എസ്എഫ്‌ഐയെ നിയന്ത്രിക്കാൻ സിപിഎം തയ്യാറാകണമെന്നും എസ്എഫ്‌ഐയുടെ കൈയിലെ ആയുധം തിരികെ വാങ്ങണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു. കില്ലർ സ്‌ക്വാഡായി എസ്എഫ്‌ഐ മാറി. യഥാർഥ പ്രതി എസ്എഫ്‌ഐ പിടിയിലായത് ആയുധങ്ങൾ മാത്രമെന്നും എംഎസ്എഫ് കുറ്റപ്പെടുത്തി.