കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തിന്റെ പേരിൽ ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാലയ്ക്ക് മുന്നിൽ സിപിഎം നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു പി ഗഗാറിൻ.

സിദ്ധാർഥന്റെ മരണത്തിൽ തെറ്റായ പ്രചരണം നടക്കുകയാണെന്നും ഇടതുപക്ഷത്തെ വേട്ടയാടാൻ വലതുപക്ഷവും ചില മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും പി ഗഗാറിൻ ആരോപിച്ചു. ടി. സിദ്ദിഖ് എംഎൽഎ രാഷ്ട്രീയം കളിക്കുകയാണ്.ഹോസ്റ്റൽ മുറിയിൽ എംഎൽഎമാരായ ടി. സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും കോൺഗ്രസുകാരും അനധികൃതമായി കടന്നു. സിദ്ദിഖിന് എതിരെ പൊലീസ് കേസെടുക്കണം. കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ എടുപ്പിക്കാൻ സിപിഎമ്മിന് അറിയാം.

സിദ്ധാർഥന്റെ കേസ് സിബിഐ അല്ല ആര് അന്വേഷിച്ചാലും ഒരു ചുക്കുമില്ല. സിദ്ധാർത്ഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം. ഗവർണറുടേത് തീക്കളിയാണ്. ഗവർണർ വൃത്തിക്കെട്ട മനുഷ്യനാണ്. ആർഎസ്എസിന്റെ ചെരുപ്പുനക്കിയാണ്. ഗവർണർ ആണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും പി ഗഗാറിൻ ആരോപിച്ചു.

അതേ സമയം സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് കുടുംബം. കേസിൽ റിമാൻഡ് റിപ്പോർട്ടും തെളിവെടുപ്പിലെ നിർണായക വിവരങ്ങളും പുറത്ത് വന്നതിനു പിന്നാലെയാണ് പ്രതികരണം. പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും സിദ്ധാർത്ഥന്റെ പിതാവ് പറഞ്ഞിരുന്നു.

സിദ്ധാർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 12-ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നിരുന്നു. വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.

16-ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16-ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17-ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. 18-ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.