കൊച്ചി: ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎ‍ൽഎയെയും കിരാതമായി അറസ്റ്റു ചെയ്ത പൊലീസ് നടപടിയിൽ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനകീയ പ്രശ്നത്തിൽ ഇടപെട്ടു എന്നല്ലാതെ ഒരു കുറ്റകൃത്യവും അവർ നടത്തിയിട്ടില്ല. സർക്കാരിന്റെയും വനംവകുപ്പിന്റെയും ക്രൂരമായ നടപടിക്കെതിരായ വൈകാരിക പ്രതിഷേധമാണ് വയനാട്ടിലും കോതമംഗലത്തുമുണ്ടായത്. മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസാണ്. ബന്ധുക്കളിൽ നിന്നും മൃതദേഹം തട്ടിയെടുത്ത് റോഡിലൂടെ വലിച്ചിഴച്ച് ആംബുലൻസിൽ കൊണ്ടു പോയി.

കൊലയാളികളെ അറസ്റ്റു ചെയ്യുന്നത് പോലെയാണ് ഡി.സി.സി അധ്യക്ഷനെ പിടിച്ചു കൊണ്ടു പോയത്. സിനികളിൽ കാണുന്നത് പോലെ ഒന്നര മണിക്കൂർ ജീപ്പിൽ കറക്കിയത് എന്തിന് വേണ്ടിയായിരുന്നു? ടൂർ കൊണ്ടു പോയതാണോ? അതോ അറസ്റ്റു ചെയ്തതാണോ? അറസ്റ്റു ചെയ്ത് ആരോഗ്യ പരിശോധന നടത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന നടപടിക്രമം പൊലീസാണ് ലംഘിച്ചത്. എന്തിനാണ് ഒന്നര മണിക്കൂർ വാഹനത്തിൽ കറക്കിയത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം. മാത്യു കുഴൽനാടനോട് വ്യക്തിപരമായ വിരോധം തീർക്കാൻ കിട്ടുന്ന ഒരു അവസരവും സർക്കാർ കളയുന്നില്ല. സമരപ്പന്തലിൽ ഇരുന്ന മാത്യുവിനെ എന്തിനാണ് അറസ്റ്റു ചെയ്തത്?

എറണാകുളം ലോ കോളജിലെ കെ.എസ്.യു നേതാവിനെ തട്ടിക്കൊണ്ടു പോയി കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ ക്രിമിനലിനെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ക്രിമിനലാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഇഷ്ടം പോലെ നടക്കുമ്പോഴാണ് ഡി.സി.സി അധ്യക്ഷനെ പിടിച്ചുകൊണ്ടു പോയത്. കാമ്പസുകളിൽ മുഖ്യമന്ത്രി ക്രിമിനലുകളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. 2017 ൽ മഹരാജാസ് കോളജിൽ പ്രിൻസിപ്പലായി എത്തിയ ബീന ടീച്ചർ വിദ്യാർത്ഥികൾക്ക് വിട്ടു നൽകിയ സ്റ്റാഫ് ക്വാർട്ടേഴ്സ് പൊലീസിനെ ഉപയോഗിച്ച് റെയ്ഡ് ചെയ്ത് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെടുത്തിട്ടും തൊഴിലാളികളുടെ പണിയായുധങ്ങളാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഈ മുഖ്യമന്ത്രിയാണ് ക്രിമിനലുകൾക്ക് തണലാകുന്നത്.

എന്തും ചെയ്യാൻ മടിക്കാത്ത ഒരാളെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാക്കി കേരളത്തിലെ കാമ്പസുകളിൽ മുഴുവൻ ഇടിമുറികൾ ആരംഭിച്ച് വിദ്യാർത്ഥികളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഘടനയാക്കി എസ്.എഫ്.ഐയെ മാറ്റി. ലഹരി മാഫിയകൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നതും സിപിഎമ്മിന്റെ വിദ്യാർത്ഥി യുവജന സംഘടനകളാണ്. എന്നിട്ടാണ് പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.

രാത്രി 12 മണിക്കാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാകോൺഗ്രസ് അധ്യക്ഷന്മാരുടെ നിരാഹാര സമരം പന്തലിന് നേരെ പൊലീസ് അതിക്രമമുണ്ടായത്. പൊലീസിനെ വിട്ട് ഭയപ്പെടുത്തി സമരം അവസാനിപ്പിക്കാമെന്നാണോ കരുതുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപകസംഘത്തിന് പൊലീസിനെ ഉപയോഗിച്ച് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പൊലീസുകാർ കാട്ടുന്നത്. രാജാവും പരിവാരങ്ങളും എക്കാലത്തും ഉണ്ടാകില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഓർത്തു വച്ചാൽ നല്ലതെന്ന് ഓർമ്മപ്പെടുത്തുന്നു.

ഈ വർഷം മാത്രം ഏഴ് പേരെയാണ് വനാതിർത്തികളിൽ കാട്ടാന ചവിട്ടിക്കൊന്നത്. 2016 മുതൽ വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ എണ്ണം 909 ആയി. എന്നിട്ടും സർക്കാർ നിഷ്‌ക്രിയമായി ഇരിക്കുന്നു. ഇത്തവണത്തെ ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്ന 48 കോടി രൂപയാണ്. ഇലക്ട്രിക് ഫെൻസിങിനോ ട്രെഞ്ച് നിർമ്മാണത്തിനോ ഒരു പദ്ധതിയും സർക്കാരിന്റെ പക്കലില്ല. മനുഷ്യനെയും അവന്റെ സ്വത്തിനെയും വന്യമൃഗങ്ങളുടെ ദയാവദത്തിന് സർക്കാർ വിട്ടു നൽകിയിരിക്കുകയാണ്.

കാട്ടാന ഭീഷണിയുള്ള നേര്യമംഗലത്ത് വനംവകുപ്പിന്റെ ഒരു മേൽനോട്ടവുമില്ല. വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായവരും പരിക്കേറ്റവരും ഉൾപ്പെടെ ഏഴായിരത്തിൽ അധികം പേർക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകാനുള്ളത്. മലയോര മേഖലയിലെ കൃഷിയും ഉപജീവനമാർഗങ്ങളും പൂർണമായും നിലച്ചു. ഈ സാഹചര്യത്തിൽ ജനങ്ങൾ വൈകാരികമായി പ്രതികരിക്കും. ഇന്നലെ കളക്ടർ സ്ഥലത്ത് എത്താമെന്ന് അറിയിച്ചിട്ടും മന്ത്രി ഇടപെട്ട് തടയുകയായിരുന്നു. ജനങ്ങളെ ശാന്തരാക്കുന്നതിന് പകരം ജനങ്ങളെ വെല്ലുവിളിക്കുകയുമാണ് ചെയ്തത്. മാസപ്പടിയിൽ നിന്നും സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ നിന്നുമൊക്കെ ജനശ്രദ്ധതിരിച്ച് വിടാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. ജനശ്രദ്ധ മാറ്റാമെന്നൊന്നും കരുതേണ്ട. ഈ വിഷയങ്ങളൊക്കെ അവിടെത്തന്നെ കാണും.

മരിച്ച ഇന്ദിരാ രാമകൃഷ്ണന്റെ ഭർത്താവിന്റെയും മകന്റെയും സഹോദരന്റെയും അനുമതിയോടെയാണ് ജനങ്ങൾ പ്രതിഷേധിച്ചത്. കേരളത്തിൽ ആദ്യമായല്ല മൃതദേഹം വച്ച് പ്രതിഷേധിക്കുന്നത്. ഇതൊക്കെ വൈകാരികമായി ഉണ്ടാകുന്ന പ്രതിഷേധമാണ്. മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസാണ്. കള്ളക്കേസെടുത്ത് ഭയപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. സമരം ഉണ്ടായതു കൊണ്ടാണ് നഷ്ടപരിഹാരം നൽകാൻ പോലും തയാറായത്. പ്രതിഷേധിച്ചില്ലെങ്കിൽ നഷ്ടപരിഹാരം പോലും നൽകാത്ത അവസ്ഥയാണ്. വന്യജീവി ആക്രമണത്തിൽ സർക്കാരിന് ഒരു നടപടിയുമില്ല. സർക്കാർ എല്ലാ മേഖലകളിലും നിഷ്‌ക്രിയമായി നോക്കി ഇരിക്കുകയാണ്.

ശമ്പളം മുടങ്ങിയതിന് കാരണം സാങ്കേതിക തകരാറെന്ന പച്ചക്കള്ളമാണ് ധനകാര്യമന്ത്രി ആവർത്തിക്കുന്നത്. ഫെബ്രുവരി 29- ന് നികുതി വിഹിതമായി കേന്ദ്രത്തിൽ നിന്നും 4000 കോടി കിട്ടി. 3800 കോടി ഓവർഡ്രാഫ്റ്റ് ആയതിനാൽ ഖജനാവിൽ ബാക്കിയുണ്ടായത് 200 കോടി മാത്രം. പണം ഇല്ലാത്തതു കൊണ്ടാണ് സെർവർ തകരാറാണെന്ന പ്ലാൻ ബി സർക്കാർ പുറത്തെടുത്തത്. പണം ഇല്ലാതെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്. കെ.എസ്.ആർ.ടി.സി പോലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും തവണകളാകുകയും മുടങ്ങുകയും ചെയ്യും. എന്നിട്ടാണ് സെർവർ തകരാറിലായെന്ന പച്ചക്കള്ളം പറയുന്നത്.

പ്രതിപക്ഷത്തെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കെപിസിസി അധ്യക്ഷനെ ആദ്യം മൊഴി എടുക്കാൻ വിളിപ്പിച്ച് രഹസ്യമായി അറസ്റ്റ് ചെയ്യാനാണ് ശ്രമിച്ചത്. എന്നാൽ കോടതി ഇടപെട്ട് അത് തടഞ്ഞു. കെപിസിസി അധ്യക്ഷന് കേസിൽ പങ്കില്ലെന്ന് എല്ലാവർക്കും അറിയാം. കേസ് എടുത്തതിനെ നിയമപരമായി നേരിടും. കെ. സുധാകരനല്ല ഗൂഢാലോചന നടത്തിയത് അദ്ദേഹത്തെ കേസിൽ പ്രതിയാക്കുന്നതിന് വേണ്ടിയാണ് ഗൂഢാലോചന നടത്തിയത്-സതീശൻ പറഞ്ഞു.